ശ്രീജിവിന്റെ മരണം; കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ, ശ്രീജിത്തിന്റെ സമരം തുടരുന്നു

ശ്രീജിവിന്റെ മരണം; കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ, ശ്രീജിത്തിന്റെ സമരം തുടരുന്നു

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ. വിവരം സര്‍ക്കാരിനെ സിബിഐ രേഖാ മൂലം അറിയിച്ചു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നത്. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published.