മയക്കുമരുന്ന് മാഫിയയിലെ നീലേശ്വരം പ്രവാസി യുവാവ് പത്തരകിലോ കഞ്ചാവുമായി പിടിയില്‍

മയക്കുമരുന്ന് മാഫിയയിലെ നീലേശ്വരം പ്രവാസി യുവാവ് പത്തരകിലോ കഞ്ചാവുമായി പിടിയില്‍

നീലേശ്വരം: നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്തരകിലോ കഞ്ചാവുമായി നീലേശ്വരം തൈക്കടപ്പുറത്തെ പ്രവാസി യുവാവിനെ കൊച്ചി പറവൂരില്‍ വെച്ച് ആലുവ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ ദൈനബി മന്‍സിലില്‍ ആരിഫി(27)നെയാണ് പത്തര കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഇന്നലെ മലബാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നീലേശ്വരം കേന്ദ്രീകരിച്ച് പ്രവാസി യുവാവിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തയില്‍ പരാമര്‍ശിച്ച യുവാവാണ് പിടിയിലായ ആരിഫ്. എറണാകുളം റേഞ്ച് ഐജി പി വിജയന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവി ഏ വി ജോര്‍ജ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ സിഐ ജി എസ് ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി ആരിഫിനെ അറസ്റ്റ് ചെയ്തത്.

കണ്ണന്‍കുളങ്ങര അമ്പലത്തിന് സമീപം വെച്ച് പോലീസ് സംഘം ഇയാള്‍ സഞ്ചരിച്ച കാര്‍ തടയുകയായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയാണ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പാലക്കാട് രജിസ്‌ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആരിഫില്‍ നിന്ന് പിടികൂടിയ കഞ്ചാവിന് കേരളത്തില്‍ രണ്ടരലക്ഷം രൂപ വില വരും. ഇത് ഗള്‍ഫിലേക്ക് കടത്തിയാല്‍ വന്‍ തുക ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ആരിഫിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആരിഫിന്റെ മാഫിയ ബന്ധത്തെക്കുറിച്ച് അന്വേഷണം നീലേശ്വരത്തേക്കും വ്യാപിപ്പിക്കുമെന്ന് സിഐ ക്രിസ്പിന്‍ സാം മലബാര്‍ വാര്‍ത്തയോട് പറഞ്ഞു. കഞ്ചാവ് വേട്ട സംഘത്തില്‍ നോര്‍ത്ത് പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, ജൂനിയര്‍ എസ്‌ഐ കെ ആര്‍ ബിജു, എസ്‌ഐ പി ടി ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, പി ജെ ബിജു, സുനില്‍, സിവില്‍ ഉദ്യോഗസ്ഥരായ ലോഹിതാക്ഷന്‍, ബിജു, അരുണ്‍ എന്നിവരുമുണ്ടായിരുന്നു. നോര്‍ത്ത് പറവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആരിഫിനെ റിമാന്റ് ചെയ്തു. ആരിഫ് നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ പ്രധാന അംഗമാണ്. തൈക്കടപ്പുറം കോളനി റോഡിലെ മറ്റൊരു പ്രവാസി യുവാവാണ് മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി. സംഘത്തില്‍പ്പെട്ട മറ്റൊരാള്‍ പെണ്‍വിഷയവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുകയാണ്.

കഞ്ചാവിന് പുറമെ ഹാഷിഷ്, ചരസ്, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളും ഈ സംഘം വിപണനം ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന് നെടുമ്പാശേരി-മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്തുന്നതായി ഇന്നലെ മലബാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഈ മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇടപാടുകാര്‍. ആരിഫിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് ജില്ലയിലെ പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നുവെങ്കിലും നടപടി എടുത്തിരുന്നില്ല. കാസര്‍കോട് നര്‍ക്കോട്ടിക് സെല്ലിന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ആരിഫ് പറവൂരില്‍ പിടിയിലായത്.

Leave a Reply

Your email address will not be published.