മദ്യം കഴിച്ച് അബോധാവസ്ഥയിലായ വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

മദ്യം കഴിച്ച് അബോധാവസ്ഥയിലായ വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

കോഴിക്കോട്: അമിതമായി മദ്യം കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളാണ് മൂവരും. ഇവരില്‍ ഒരാളെ ബീച്ച് ആസ്പത്രിയിലും മറ്റു രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായി കുട്ടികള്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

ആദ്യം ബീച്ചാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. രാത്രിയോടെ കുട്ടികളുടെ സ്ഥിതിമെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് കസബ പോലീസ് അറിയിച്ചു. കുട്ടികള്‍ എന്ത് മദ്യമാണ് കഴിച്ചത്, ആരാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ട്യൂഷന്‍ ക്ലാസില്‍ പത്താംതരം ക്ലാസുകള്‍ കഴിഞ്ഞത് ആഘോഷിക്കാനാണ് കുട്ടികള്‍ മദ്യം കഴിച്ചത്. ആദ്യമായി കഴിച്ച മൂന്നുപേരാണ് അബോധാവസ്ഥയിലായത്.

Leave a Reply

Your email address will not be published.