അണ്ടര്‍19 ലോകകപ്പ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

അണ്ടര്‍19 ലോകകപ്പ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. 100 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 42.5 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായ്ക്ക് ആറ് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. ഇന്ത്യയ്ക്കായി മന്‍ജോട്ട് കല്‍റ 86ഉം ഷബ്മാന്‍ ഗില്‍ 63ഉം റണ്‍സ് നേടി. ശിവം മണിയുടെയും കമലേഷ് നാഗര്‍കോട്ടിയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ഓസീസ് ബാറ്റിംഗി നിരയെ തകര്‍ത്തത്.

ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നായകന്‍ പൃഥ്വി ഷായും മന്‍ജോട്ട് കല്‍റയും ചേര്‍ന്ന് 180 റണ്‍സ് അടിച്ചുകൂട്ടി. പിന്നീട് വണ്‍ഡൗണായി ക്രീസിലെത്തിയ ഗില്ലിന്റെ അതിവേഗ സ്‌കോറിംഗ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 54 പന്തില്‍ നിന്നും ഗില്‍ 63 റണ്‍സ് നേടി. മധ്യ നിരയിലെത്തിയ അഭിഷേക് ശര്‍മ്മ എട്ട് പന്തില്‍ 23 റണ്‍സ് കൂടി അടിച്ച് കൂട്ടിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 328ല്‍ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസും മോശമാക്കിയില്ല. ഓപ്പണര്‍മാരായ ജാക്ക് എഡ്വേഡ് 73 റണ്‍സും മാക്‌സ് 29 റണ്‍സും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഓസീസിന്റെ പോരാട്ടം 228ല്‍ അവസാനിച്ചു. നായകന്‍ പൃഥ്വി ഷായായിരുന്നു കളിയിലെ താരം.

Leave a Reply

Your email address will not be published.