പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

അമ്പലവയല്‍: നാളികേരത്തില്‍ വൈവിധ്യം തീര്‍ത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതേ്യക വായ്പ ഉപയോഗിച്ച് 2003-ല്‍ പേരാമ്പ്ര പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമായും നാളികേര ഉല്‍പന്നങ്ങളായിരുന്നു ആദ്യം ഉല്‍പാദിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷമായപ്പോഴേക്കും നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കുഞ്ഞഹമ്മദ് മാഷിന്റെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പുനരാരംഭിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ 588 കുടുംബശ്രീ അംഗങ്ങള്‍ക്ക് സുഭിക്ഷയുടെ ഷെയര്‍ വിറ്റഴിച്ചുകൊണ്ട് കോക്കനട്ട് പ്രോഡ്യൂസര്‍ കമ്പനി എന്ന പേരില്‍ പുതിയ സ്ഥാപനമായി മാറി. സുഭിക്ഷയില്‍ ഉല്പാദിപ്പിക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്കാണ് ഏറ്റവും പ്രചാരം. ആസ്‌ത്രേലിയയില്‍ നിന്നും  ഇറക്കുമതി ചെയ്ത പ്രതേ്യക ഉപകരണത്തില്‍ പച്ചതേങ്ങ കൊപ്രയാക്കാതെ പ്രതേ്യകം ഉണക്കിയാണ് വെര്‍ജിന്‍ വെളിച്ചെണ്ണ തയ്യാറാക്കുന്നത്.
നാളികേര ഉല്‍പന്നങ്ങള്‍ക്കു പുറമെ നാല്‍പത്തിയഞ്ചോളം മറ്റ് ഉല്‍പന്നങ്ങളും വിപണനത്തിനുണ്ട്.

സുഭിക്ഷയില്‍ ഇപ്പോള്‍ 35 ഓഫീസ് സ്റ്റാഫുകളും ആറായിരത്തോളം കുടുംബശ്രീ അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയ്ക്കുപുറത്തുളള കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ ഷൈനിപറഞ്ഞു. പ്രധാനമായും സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കൂടാതെ മറ്റ് ജില്ലകളിലെ മേളകളിലും സുഭിക്ഷയുടെ ഉല്‍പന്നങ്ങളുടെ വിപണനം വ്യാപിപ്പിക്കുകയാണ് പ്രതേ്യക ലക്ഷ്യമെന്ന് ജീവനക്കാരായ ഷൈനിയും, റീനയും പറഞ്ഞു.

Leave a Reply

Your email address will not be published.