പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം: ഡോ: വി.കെ. രാമചന്ദ്രന്‍

പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം: ഡോ: വി.കെ. രാമചന്ദ്രന്‍

അമ്പലവയല്‍: പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ: ഡോ: വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് വിദഗ്ധരും കര്‍ഷകരും തമ്മില്‍ നടത്തിയ പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ പുഷ്പകൃഷി വ്യാപനത്തിനായി ഒരു പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ടന്നും അതിന്റെ തുടര്‍ നടപടികള്‍ നടന്നു വരികയാണന്നും ഡോ: വി.കെ. രാമചന്ദ്രന്‍ പറഞ്ഞു.

പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ആവശ്യം. അതിന് കാര്‍ഷിക സര്‍വ്വകലാശാല മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഭരണ സമിതികള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ രീതിയില്‍ പുഷ്പ കൃഷിക്ക് വയനാടിനെ പ്രത്യേക മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ചര്‍ച്ച സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ്, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

വിത്ത് മുതല്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹായത്തിന് തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല സന്നദ്ധമാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ: രാമ സാമി പറഞ്ഞു. വയനാട് ഇപ്പോള്‍ നേന്ത്രവാഴയുടെ പ്രത്യേക മേഖലയാണന്നും ഇതിനെ പുഷ്പകൃഷി മേഖലയാക്കാന്‍ ഒട്ടേറെ സാധ്യതകളുണ്ടന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാധ്യതകള്‍ പോലെ തടസ്സങ്ങളും ഉള്ളതിനാല്‍ നാലോ അഞ്ചോ പഞ്ചായത്തുകളില്‍ പൈലറ്റ് പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വയനാടിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടന്നും അതിന്റെ ഭാഗമാണ് പുഷ്പ കൃഷി മേഖലയാക്കി മാറ്റാനുള്ള ഒരുക്കമെന്നും വൈസ് ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബു പറഞ്ഞു. ഇതിനായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കും. നടീല്‍ വസ്തുക്കളും സാങ്കേതിക വിദ്യയും കര്‍ഷകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ: ആര്‍. രാംകുമാര്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, കര്‍ഷകര്‍ ,ഉല്പാദക കമ്പനി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.