ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മംഗലംകളി പരിശീലനം; സ്ത്രീകളും കുട്ടികളും പഠിതാക്കളായി

ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മംഗലംകളി പരിശീലനം; സ്ത്രീകളും കുട്ടികളും പഠിതാക്കളായി

കാസര്‍കോട്: ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മലയോര ഗ്രാമങ്ങളില്‍ മംഗലംകളിക്ക് അരങ്ങുണര്‍ന്നത് നാടിനും നാട്ടുകാര്‍ക്കും നവ്യാനുഭവമായി. കാരണവന്മാര്‍ തുടികൊട്ടി പാടുകയും അമ്മമാര്‍ താളത്തില്‍ കളിക്കുകയും യുവതീയുവാക്കള്‍ ഏറ്റുപാടുകയും കുട്ടികള്‍ ചുവടുനോക്കി പഠിക്കുകയും ചെയ്തപ്പോള്‍ നാട്ടരങ്ങിന് മംഗലംകളിയുടെ പുനരാവിഷ്‌കാരമായി. ഗോത്രവര്‍ഗ കലകളില്‍ ഏറെ സവിശേഷവും ജനകീയവുമായ കലാരൂപമാണ് മംഗലംകളി.കലകള്‍ എക്കാലത്തും ഗോത്രജനതയ്ക്ക് അവരുടെ ജീവിതം തന്നെയാണ്. വര്‍ത്തമാന കാലത്ത് പുതുതലമുറയെ മംഗലംകളി പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മലവേട്ടുവ മഹാസഭ കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘പുനര്‍ജനി തുടിതാളം’ ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചത്. ജനുവരി 13, 14 തീയതികളില്‍ ശങ്കരംപാടി എ.എല്‍.പി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിയില്‍ സ്ത്രീകളും കുട്ടികളും പഠിതാക്കളായി. മലവേട്ടുവ സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ കലാരൂപം ഒരു ജനതയുടെ സവിശേഷമായ ജീവിതരീതിയെ ആവിഷ്‌കരിക്കുന്നു. മണ്ണിനോടും മനുഷ്യനോടും മരത്തിനോടും മൃഗത്തിനോടും സ്വീകരിച്ച തത്വശാസ്ത്രം മംഗലംകളിയുടെ ഓരോ ചുവടിലും ഗോത്രജീവിതത്തിന്റെ ചൂരും ചൂടും ആടിത്തിമിര്‍ക്കുന്ന ആട്ടവും പാട്ടും കൊട്ടും തനതു ശൈലിയെ സമ്പന്നമാക്കുന്നു. വിവാഹ സന്ദര്‍ഭത്തില്‍ സങ്കടവും ദുഃഖവും പ്രപഞ്ചവീക്ഷണവും സങ്കല്പവും നായാട്ടും ഐതീഹ്യവുമെല്ലാം മംഗലംകളിക്ക് പാട്ടാകുന്നു.ഉമേശ് മുന്തന്‍പാറ മംഗലംകളിക്ക് നേതൃത്വം നല്‍കി. കുടാതെ രമണി രവി, മായ, സിനു, ആതിര, രഞ്ജിനി, മഹിമ എന്നിവരും സഹായിച്ചു. മുന്തന്‍പാറയിലെ രാഘവന്‍, കുഞ്ഞിരാമന്‍, കുറ്റിക്കോലിലെ അമ്പാടി, നാരായണന്‍, കോട്ടമലയിലെ സുരേഷ്, നിധിന്‍ എന്നിവര്‍ തുടി കൊട്ടി. മാനടുക്കത്തെ വെളളച്ചി, കമ്മാടത്തി, ബേത്തുര്‍പാറയിലെ ചോമു, പുത്തരിച്ചി, വെളളച്ചി, തവനത്തെ പൊലയ്, ചിരുത, വെളളച്ചി, കുളിയന്‍കല്ലിലെ കമ്മാടത്തി, നീലി, പളളിച്ചി, കല്ലാട്ട് കൊറുബി തുടങ്ങിയ വല്യമ്മമാര്‍ ക്യാമ്പില്‍ സംബന്ധിച്ചു. അംഗനവാടി കുട്ടികള്‍ മുതല്‍ 75 വയസ്സുളള വല്ല്യമ്മമാര്‍ വരെ ക്യാമ്പില്‍ സജീവസാന്നിധ്യമായി.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ലിസി തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കുഞ്ഞിരാമന്‍ തവനം അധ്യക്ഷനായി. കണ്‍വീനര്‍ കൃഷ്ണന്‍ വെള്ളാല സ്വാഗതം പറഞ്ഞു. സമാപനസമ്മേളനം മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡണ്ട് എം. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ കാക്കച്ചാല്‍ അധ്യക്ഷനായി. അധ്യാപകരായ രാമചന്ദ്രന്‍, സതീശന്‍, വിജയന്‍ പൂടങ്കല്ല്, സാനു മാനടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.