പൂക്കളുടെ നാട്ടില്‍ പൂമ്പാറ്റകളായി അവര്‍ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീല്‍ ചെയറില്‍

പൂക്കളുടെ നാട്ടില്‍ പൂമ്പാറ്റകളായി അവര്‍ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീല്‍ ചെയറില്‍

അമ്പലവയല്‍: ജനുവരി ഒന്നിന് അമ്പലവയലില്‍ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പില്‍ ലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരില്‍ ആവേശമുണര്‍ത്തി. രോഗത്തിന്റെയും ശാരീരിക അസ്വസ്ഥതകളുടെയും അവശതകള്‍ കൊണ്ട് വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാന്‍ എത്തിയത്.

മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂനീര്‍ പൊന്‍വിള എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഇവരെ വയനാട്ടിലെത്തിയത്. ഓരോരുത്തര്‍ക്കും ഓരോ സഹായിയെയും കൂട്ടി ബസിലാണ് എത്തിയത്. പൂപ്പൊലി നഗരിയിലെ ഓരോ മൂക്കിലും മൂലയിലും സന്ദര്‍ശിച്ച് പൂക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തും കിന്നാരം പറഞ്ഞും മനസ്സ് നിറയെ ഉല്ലസിച്ചാണ് മടങ്ങിയത്.

പോളിയോ ബാധിച്ചവര്‍, വാഹനാപകടത്തില്‍ തളര്‍ന്ന് പോയവര്‍, കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റവര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ശാരീരികമായും മാനസികമായും തളര്‍ന് മുറിക്കുള്ളിലിരുന്ന് ചിലന്തികള്‍ വല കൂട്ടുന്നത് മാത്രം കണ്ടിരുന്ന തങ്ങള്‍ക്ക് നവ്യാനുഭവമായിരുന്നു പൂപ്പൊലിയും വയനാടുമെന്ന് സംഘാംഗങ്ങളിലൊരാളായ ഹമീദ് പറഞ്ഞു.

വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അപ്പോഴൊക്കെ യാത്രകള്‍ ഒരുക്കി കൊടുക്കാറുണ്ടന്ന് മുനീര്‍ പറഞ്ഞു.  പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി കാണാനെത്തിയ ഇവര്‍ക്ക് പൂപ്പൊലി നഗരിയില്‍ ഒരു ഗൈഡിനെ ഏര്‍പ്പെടുത്തിയിരുന്നു. സൗജന്യ പ്രവേശനവും പാര്‍ക്കിംഗും പ്രത്യേകമായി ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.