വേലാശ്വരം കവര്‍ച്ച; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമ തൂങ്ങിമരിച്ചു

വേലാശ്വരം കവര്‍ച്ച; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമ തൂങ്ങിമരിച്ചു

അജാനൂര്‍: രാവണീശ്വരം വേലാശ്വരത്ത് ജാനകിയെ കഴുത്തില്‍ കേബിള്‍ മുറുക്കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജാനകിയുടെ വീട്ടിന് മുന്നില്‍ ചായക്കട നടത്തുന്ന വേലാശ്വരം എടപ്പള്ളിയിലെ പച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനെ(51)യാണ് വീട്ടിന് സമീപത്തെ കുറുക്കൂട്ടി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്. കുഞ്ഞിക്കണ്ണനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി പോലീസ് കാസര്‍കോട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിയുന്ന ജാനകിയില്‍ നിന്നും കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തില്‍ പോലീസ് മൊഴിയെടുത്തിരുന്നു. ഭര്‍ത്താവ് വേലായുധനും മൊഴിയെടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു.

സംഭവവുമായി കുഞ്ഞിക്കണ്ണന് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കാസര്‍കോട്ടേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടേക്ക് പോകേണ്ടതിനാല്‍ ഇന്ന് കട തുറക്കുന്നില്ലെന്ന് കുഞ്ഞിക്കണ്ണന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. കടയിലെ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ രാത്രി തന്നെ നശിപ്പിക്കാറുണ്ടായിരുന്നു. ഇന്ന് രാവിലെ കട തുറക്കാത്തതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കളയാനായി വീട്ടില്‍ നിന്നും കടയിലേക്ക് പോയ കുഞ്ഞിക്കണ്ണന്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ സുജിത്ത് അന്വേഷിച്ച് ചെന്നപ്പോള്‍ പിതാവിനെ കടയില്‍ കണ്ടില്ല.

തുടര്‍ന്ന് പരിസരവാസിയായ മണിയുമൊത്ത് പരിസരങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറമ്പില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് കുഞ്ഞിക്കണ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജാനകിയെ കഴുത്തില്‍ കേബിള്‍ വയര്‍കൊണ്ട് മുറുക്കി ബോധം കെടുത്തിയ ശേഷം വീട്ടില്‍ നിന്നും ആറര പവന്റെ താലിമാലയും മേശവലിപ്പിലുണ്ടായിരുന്ന രണ്ടുപവന്‍ വള, ഒരു പവന്‍ മോതിരം, മൂവായിരത്തോളം രൂപ എന്നിവ കവര്‍ച്ച ചെയ്തത്. ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയതിന് സമാനമായ രീതിയിലായിരുന്നു വേലാശ്വരത്തെ ജാനകിയുടെ വീട്ടിലും കവര്‍ച്ച നടന്നത്.

അതുകൊണ്ട് തന്നെ പോലീസ് ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. സമാന സംഭവമായതിനാല്‍ ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവ് ഉള്‍പ്പെടെ വേലാശ്വരത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെ പോലും പോലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അറുപതോളം ആളുകളുടെ വിരലടയാളങ്ങള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിനിടയിലാണ് പോലീസ് സംശയിക്കുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്ത കുഞ്ഞിക്കണ്ണന്‍ ജീവനൊടുക്കിയത്.

ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സിഐ സി കെ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എ സന്തോഷ്‌കുമാര്‍, എസ്‌ഐ വിജയന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വേലാശ്വരത്തെ പരേതനായ ഏരോല്‍ രാമന്‍-ഉച്ചിര ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മറ്റുമക്കള്‍: സൂരജ്, സായൂജ്. സഹോദരങ്ങള്‍: കാര്‍ത്യായനി, രാജന്‍, മാധവി, നാരായണി, അജയന്‍.

Leave a Reply

Your email address will not be published.