പാലക്കുന്ന് ക്ഷേത്രത്തില്‍ മൂന്ന് പണിക്കന്മാര്‍ ഇന്ന് ഒത്തുകളിക്കും

രാത്രിയില്‍ പൂരംകുളിയും 24ന് ഉത്രവിളക്കും

പാലക്കുന്ന് : പൂരോത്സവത്തിന്റെ ഭാഗമായി മറുത്തു കളി നടക്കുന്ന ഒരിടത്തും നടക്കാറില്ലാത്ത മൂന്ന് പണിക്കന്മാര്‍ ഒരുമിച്ചുള്ള ‘ഒത്തുകളി’ക്ക് ഇന്ന് (23) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വേദിയാകും. കഴകത്തിലെ മൂന്ന് തറകളിലെ പണിക്കന്മാര്‍ തമ്മിലുള്ള വാദ പ്രതിവാദ സംവാദങ്ങള്‍ ഇന്നലെ(22) രാത്രിയോടെ പൂര്‍ത്തിയായി. ഇന്ന് പൂവിടലിന് ശേഷം പൂരക്കളിക്ക് വിളക്ക് വെച്ചാല്‍ മൂന്ന് പണിക്കന്മാര്‍ ഒരുമിച്ച് കളി തുടങ്ങും. പെരുമുടിപണിക്കരും സംഘവുമാണ് മുന്‍കളി തുടങ്ങുക. തുടര്‍ന്ന് മേല്‍ത്തറ, കീഴ്ത്തറ സംഘങ്ങള്‍ കളിയില്‍ അണിചേരും. 18 നിറങ്ങളും രാമായണവും ചീന്തും കളിച്ച് സന്ധ്യയ്ക്ക് ശേഷം വന്ദന, നാട്യങ്ങള്‍,
നാടകം, യോഗിയും പൂര്‍ത്തിയാക്കി പണിക്കന്മാര്‍ കുളി കഴിഞ്ഞ് തിരിച്ചു പന്തലില്‍ പ്രവേശിക്കും. തുടര്‍ന്ന് പൂരക്കളിയുമായി ബന്ധപ്പെട്ട സവിശേഷ ചടങ്ങായ ‘ആണ്ടുംപള്ളും’ പാടി പൊലിപ്പിച്ച് വിളക്കെടുക്കുന്നതോടെ കളി അവസാനിക്കും. തുടര്‍ന്നാണ് അവസാന ചടങ്ങായ പൂരംകുളി നടക്കുക. തിടമ്പും തിരുവായുധങ്ങളും പൂരത്തറയില്‍ വെച്ച് അത്തും താളിയും തേച്ച് കുളിപ്പിച്ച് ശുദ്ധിചെയ്ത് പീഠത്തില്‍ വെക്കുന്നതാണ് പൂരംകുളി ചടങ്ങ്.
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് എല്ലാദിവസം മങ്ങണത്തില്‍ മാങ്ങാഅച്ചാറ് ചേര്‍ത്ത പച്ചരി കഞ്ഞിയും വിളമ്പുന്നുണ്ട്.

ഉത്രവിളക്ക്

നാളെ (24) രാവിലെയാണ് ഉത്രവിളക്ക്.
നര്‍ത്തകന്മാര്‍ കുളിച്ച് അരങ്ങില്‍ വന്ന് ദിക്ക് വന്ദനയ്ക്ക് ശേഷം കര്‍മികള്‍ മേലാപ്പും കുടയോടുകൂടി തിടമ്പുകളുമായി പ്രദക്ഷിണം വെച്ച് ചുവട്മായ്ക്കല്‍ നടത്തും.മറ്റ് അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം പള്ളിയറയില്‍ തിരുവായുധം സമര്‍പ്പിക്കുന്നതോടെ ഉത്രവിളക്ക് സമാപിക്കും. ഉച്ചയോടെ ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നെള്ളും.

Leave a Reply

Your email address will not be published. Required fields are marked *