കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും സത്വര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സുസ്തിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പദ്ധതിയാവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്പാറ എം.സി.എച്ച്. യൂണിറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുഷ്ഠരോഗ നിര്‍ണയത്തിനോടൊപ്പം ബോധവത്ക്കരണത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗ ചികിത്സ തികച്ചും സൗജന്യമായി നല്‍കിവരുന്നു. കുഷ്ഠരോഗം വരാതിരിക്കാനായി സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. അങ്ങനെയായാല്‍ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ഒരു ചുവടുകൂടി മുന്നേറാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുക്കാട് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ലതാകുമാരി എന്‍.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്., സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. ജെ. പത്മലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., എം.സി.എച്ച്. യൂണിറ്റ് പാങ്ങപ്പാറ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതീഷ് കെ.എച്ച്. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.