കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അടിന്തരചികിത്സ മുടങ്ങിയ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. പുതുവൈപ്പിന്‍ സ്വദേശി പി വി റോയ് ആണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്ന് വിരമിച്ചത്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. ഹൃദ്രോഗത്തിന് ചികിത്സ മുടങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ക്ക് പെന്‍ഷനും ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു റോയ് എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്‌തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നരലക്ഷം രൂപയോളം വരുന്ന ചികിത്സാ ചെലവ് താങ്ങാന്‍ ഇയാള്‍ക്ക് കഴിയുമായിരുന്നില്ല. കുറച്ചുകാലമായി ആയുര്‍വേദ ചികിത്സയാണ് ചെയ്തിരുന്നത്. വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാള്‍. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. റോയിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

ഇവരുടെ വിദ്യാഭ്യാസമടക്കമുള്ള മറ്റു ചെലവുകള്‍ കണ്ടെത്താന്‍ റോയിയുടെ കുടുംബം നന്നേ ബുദ്ധിമുട്ടിയിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയായായിരുന്നു മരണം. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും റോയ്ക്ക് ലഭിച്ചിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തുലക്ഷം രൂപയെങ്കിലും ഇയാള്‍ക്ക് കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ലഭിക്കാനുണ്ടായിരുന്നു എന്നും അറിയുന്നു.

Leave a Reply

Your email address will not be published.