ജനാധിപത്യ സംരക്ഷണത്തിനായി മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനാധിപത്യ സംരക്ഷണത്തിനായി മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കേരള ഹൗസ് സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും നിയമവിദഗ്ധനും മാധ്യമ നിരൂപകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതി കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്വാതന്ത്ര്യം അതിരും പതിരും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി പുസ്തകം ഏറ്റുവാങ്ങി. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു യോഗത്തില്‍ അധ്യക്ഷനായിരുന്നു.

സമൂഹം പ്രതീക്ഷിക്കുന്ന നിയമപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ കോടതിയും മാധ്യമങ്ങളും തയാറാകണമെന്നു മാത്രമല്ല, അതിനു ബാധ്യതപ്പെട്ടവരുമാണ്. ഭരണഘടന എന്തായിരിക്കണമെന്നു നിര്‍വചിച്ച് വ്യാഖ്യാനിക്കുന്നതു ജുഡീഷ്യറിയാണ്. സാന്നിധ്യമോ അസാന്നിധ്യമോ ഇവിടെ പരിഗണാനര്‍ഹമല്ല. മാധ്യമങ്ങളും ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ്. ഇവ പരസ്പരം കടിച്ചുകീറാന്‍ പാടില്ല. ഇപ്പോഴത്തെ ചില നിലപാടുകള്‍ എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. കേരളത്തിലെ ഒരു കോടതിയിലും മാധ്യമങ്ങള്‍ക്ക് വിലക്കില്ല, തടസമില്ല. കോടതി നടപടികള്‍ സ്വതന്ത്രമായി നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലക്കില്ല. കോടതി മുറികളില്‍ ന്യായാധിപന്‍മാര്‍ നടത്തുന്ന ചര്‍ച്ചകള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഹൈക്കോടതിയിലെ മീഡിയ മൂറിയുടെ കാര്യത്തില്‍ ഇരുകൂട്ടരും സൗഹാര്‍ദപരമായ നിലപാടു സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പതിര് അതിരാകുമ്പോഴാണ് അപകടമുണ്ടാകുന്നത്. സ്വയം കുഴി തോണ്ടുന്ന സ്ഥിതിയിലേക്കു പോകാന്‍ പാടില്ല. സത്യം തമസ്‌കരിക്കപ്പെടുന്നിടത്തു നിന്ന് ഇരുകൂട്ടരും ഒളിച്ചോടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പഠനത്തിന്റെ മറ്റൊരു കൈപ്പുസ്തകം കൂടി ഡോ. സെബാസ്റ്റ്യന്‍ രചിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് അതില്‍ വിവരിക്കുന്നു.

ജനാധിപത്യ. മാധ്യമ, നീതിന്യായ സാക്ഷരതാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടതെന്ന് എം. എ ബേബി അഭിപ്രായപ്പെട്ടു. ഒരു കൂട്ടര്‍ മാത്രം ആത്മപരിശോധന നടത്തിയാല്‍ പോര. മാധ്യമ സ്വാതന്ത്ര്യത്തിന്‍മേല്‍ ദുരുപയോഗം നടക്കുന്ന സാഹചര്യത്തില്‍ പതിരിനെ തിരിച്ചറിഞ്ഞ് അതിരിനെ കണ്ടെത്തണം. ഇന്ത്യയില്‍ നാലുലക്ഷത്തിലേറെ വിചാരണത്തടവുകാള്‍ ജയിലുകളിലുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണ്. യൗവനകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട ദുരവസ്ഥയാണുള്ളത്. ഇതുപോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ കഴിയണം. മാധ്യമങ്ങളും നീതിന്യായ രംഗവും സുശക്തവും അഴിമതി വിരുദ്ധവുമാകാന്‍ ഇരുകൂട്ടരും യത്നിക്കണമെന്ന് എം എ ബേബി പറഞ്ഞു.

മാധ്യമങ്ങളും ജുഡീഷ്യറിയും പരസ്പരം അംഗീകരിക്കാന്‍ തയാറാകണമെന്നു പ്രൊഫ. കെ. വി. തോമസ് എംപി പറഞ്ഞു. ബ്രേക്കിംഗ് എന്ന വാശിയോടെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിലെ അപകടം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.
പതിരിന് ആവശ്യം കൂടിവരുമ്പോഴാണ് അത് ആത്മ സംഘര്‍ഷങ്ങള്‍ക്കു വഴിതെളിക്കുന്നതെന്ന് ഓംചേരി എന്‍. എന്‍. പിള്ള അഭിപ്രായപ്പെട്ടു. പരപസ്ര സഹകരണമാണു ഇരുകൂട്ടര്‍ക്കും ഇടയില്‍ വേണ്ടതെന്ന് അബ്ദുള്‍ വഹാബ് എംപിയും പറഞ്ഞു.

സമീപകാലത്ത് ഏവരെയും വേദനിപ്പിക്കുന്ന സംഭവങ്ങളുടെ അലയൊലികള്‍ ഇപ്പോഴും നിലനില്ക്കുന്നതായി ഗ്രന്ഥകര്‍ത്താവായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. നഷ്ടപ്പെട്ട സഹകരണവും സൗഹൃദവും തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. തെറ്റിന്റെ വീതം വയ്ക്കല്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ് സ്വാഗതവും കെ യു ഡബ്ള്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറി പി. കെ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.