ദശഭാഷാ സാംസ്‌കാരികോത്സവിന് കാസര്‍കോട് ഒരുങ്ങുന്നു

ദശഭാഷാ സാംസ്‌കാരികോത്സവിന് കാസര്‍കോട് ഒരുങ്ങുന്നു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന് ഒരുക്കം തുടങ്ങി. ഇന്നലെ കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഈ മാസം 28, മാര്‍ച്ച് 1, 2 , 3 തിയതികളില്‍ അഞ്ച് വേദികളിലായാണ് ദശഭാഷാ സാംസ്‌കാരിക സംഗമോത്സവം സംഘടിപ്പിക്കുക. രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണ നിലനില്‍ക്കുന്ന മഞ്ചേശ്വരം, കവി ടി. ഉബൈദ് മാഷിന്റെ ഓര്‍മ്മകള്‍ തുളുമ്പുന്ന കാസര്‍കോട്, മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മനാടായ വെള്ളിക്കോത്ത്, കന്നട കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സാംസ്‌കാരിക തട്ടകമായിരുന്ന ബദിയടുക്ക, തുളു ഭാഷാ വിദഗ്ധന്‍ പുണിഞ്ചിത്തായയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന എടനീര്‍ എന്നീ അഞ്ച് വേദികളിലായി ഭാഷാ സെമിനാറുകള്‍, കവിയരങ്ങുകള്‍, സാംസ്‌കാരിക കലോത്സവങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

പരിപാടിയുടെ നടത്തിപ്പിനെകുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം. ചന്ദ്രപ്രകാശ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അഡ്വ. വി.പി.പി മുസ്തഫ, എന്‍.എ അബൂബക്കര്‍, അഡ്വ. പി.വി ജയരാജന്‍, പി.എസ് ഹമീദ്, ടി.എ ഷാഫി, വി.വി പ്രഭാകരന്‍, പി. ദാമോദരന്‍, സി.എല്‍ ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രാധാകൃഷ്ണ ഉളിയത്തടുക്ക, പ്രേമചന്ദ്രന്‍ ചോമ്പോല, കെ.എസ് ഗോപാലകൃഷ്ണന്‍, രാജേഷ് ആള്‍വ, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, നാരായണന്‍ കരിച്ചേരി, ആര്‍.എസ് രാജേഷ് കുമാര്‍, ഉസ്താദ് ഹസ്സന്‍ഭായി, തുളസീധരന്‍ എ, കെ.എച്ച് മുഹമ്മദ്, എ.ആര്‍ ധന്യവാദ്, ജഹാസ് എ.സി, അശോക് കുമാര്‍ എസ്.വി, വിഷ്ണു കെ.പി സംസാരിച്ചു.
കാസര്‍കോട്ടെ പരിപാടിയുടെ സ്വാഗതസംഘം രീപീകരണ യോഗം 14ന് വൈകിട്ട് 4 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും.

Leave a Reply

Your email address will not be published.