കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് സി.ഐ.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം

കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് സി.ഐ.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അതിക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ ഒരു മാസത്തിലധികമായിട്ടും അറസ്റ്റു ചെയ്യാത്ത കാഞ്ഞങ്ങാട്ടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍ കുമാറിന്റെ പക്ഷപാതപരമായ നടപടികളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് സി.ഐ.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

തോയ്യമ്മലിലെ തങ്ങളുടെ പിഞ്ചു മക്കളെ നിരന്തരം അക്രമിച്ച് പരിക്കേല്‍പ്പിക്കുമ്പോഴും പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് അമ്മമാരും, കുട്ടികളടക്കമുള്ളവര്‍ തങ്ങളുടെ രോഷം മറച്ചു വെക്കാതെ പ്രതിഷേധ മാര്‍ച്ചില്‍ അണി നിരന്നു.

ജാമ്യമില്ലാത്ത കേസ്സിലെ പ്രതികളായ അക്രമികളെ അറസ്റ്റു ചെയ്യാതെ കാഞ്ഞങ്ങാടിനെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചനയുണ്ടോയെന്ന് പോലീസിന്റെ നിഷ്‌ക്രിയത്വം സംശയിപ്പിക്കുന്നുവെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു. സാമ്പത്തികമായ ഇടപെടലുകള്‍ എഫ് ഐ ആറില്‍ ഒന്നും, രണ്ടും, മൂന്നും പ്രതി ചേര്‍ക്കപ്പെട്ട അക്രമികളെ അറസ്റ്റ് ചെയ്യാത്ത സി .ഐ യുടെ നടപടിയില്‍ സംശയിക്കേണ്ട സാഹചര്യ തെളിവുകള്‍ ഉണ്ടെന്ന് സംസാരിച്ച ഡി സി സി ജനറല്‍ സെക്രട്ടറി എം.അസിനാര്‍ ആരോപിച്ചു.

മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, ബി.പി.പ്രദീപ് കുമാര്‍, നെഹ്‌റു ബാലജനവേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വി.നിശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് എന്‍.കെ. രത്‌നാകരന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ കെ.പി.മോഹനന്‍, പ്രവീണ്‍ തോയ്യമ്മല്‍, വി.വി.സുധാകരന്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, പ്രദീപന്‍ മരക്കാപ്പ്, അനില്‍ വാഴുന്നോറൊടി, അഡ്വ.പി. ബാബുരാജ്, വി.വി.സുഹാസ്, അശോക് ഹെഗ്‌ഡെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.