ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു

ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു

റാഞ്ചി: ജാര്‍ഖണ്ഡില്‍ പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 313 കിലോമീറ്റര്‍ അകലെയുള്ള ദുംക ജില്ലയിലെ നദിയിലായിരുന്നു സംഭവം.

ദുംക ജില്ലയിലേക്ക് സ്ഥിരമായി പത്രം എത്തിക്കുന്ന ജീപ്പില്‍ യാത്ര ചെയ്ത തദ്ദേശവാസികളായ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുംക സീനിയര്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ കൗശല്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതമായി ഭാരം വാഹനത്തില്‍ കയറ്റിയതാവാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കിശോര്‍ കൗശല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.