ജാനകി വധം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധം

ജാനകി വധം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി.ജാനകി വധക്കേസ് ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കൊല നടന്ന് രണ്ടുമാസമാകാറായിട്ടും കേസിനു തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ് ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

കഴിഞ്ഞ ഡിസംബര്‍ 14നാണ് ജാനകി വീട്ടിനകത്ത് കൊല്ലപ്പെട്ടത്. റിട്ട. അധ്യാപകനായ ഭര്‍ത്താവ് കൃഷ്ണന് സംഭവത്തില്‍ പരുക്കേറ്റിരുന്നു. രാത്രി 8.30നു ശേഷം നടന്നുവെന്നു കരുതുന്ന സംഭവം മൂന്നു മണിക്കൂറിനുള്ളില്‍ പുറംലോകം അറിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിലെ വീഴ്ചയായിട്ടാണു ജനങ്ങള്‍ കാണുന്നത്. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണഗതിയെ തന്നെ ബാധിച്ചു. കുറ്റാന്വേഷണ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു നേതൃത്വം കൊടുത്തിട്ടും പുരോഗതിയിലേക്ക് എത്താന്‍ കഴിയാത്തത് പോലീസിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്. ജില്ലയിലെ മറ്റിടങ്ങളില്‍ സമാനമായി നടന്ന കൊലപാതകങ്ങളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തുമ്ബുണ്ടാക്കിയ പോലീസിനു പുലിയന്നൂരില്‍ എന്തുപറ്റിയെന്നാണു ജനങ്ങളുടെ ചോദ്യം.

കേസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ തരുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചും നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു യോഗം വിളിച്ചും മുന്നോട്ടുപോയ പോലീസ് അന്വേഷണത്തില്‍ എവിടെയുമെത്താതെ നില്‍ക്കുകയാണ്. കൊലപാതകം നടന്ന വീട്ടിലേക്കു ദിവസവും രാത്രിയും പകലുമായി പോലീസ് എത്തുമ്‌ബോള്‍ പ്രതീക്ഷയോടെയാണു നാട്ടുകാര്‍ കാണുന്നത്.

എന്നാല്‍ സംഭവം നടന്നു മാസം രണ്ടു തികയാറായിട്ടും തുമ്ബില്ലാതെ അന്വേഷണം നില്‍ക്കുന്നതില്‍ ജനങ്ങള്‍ നിരാശരാണ്. അതേസമയം, കേസ് ്‌ക്രൈംബ്രാഞ്ചിനു നല്‍കാതെ തന്നെ തെളിയിക്കുമെന്ന നിലപാടിലാണു പോലീസ്. കേസ് ക്രൈംബ്രാഞ്ചിനു നല്‍കണമെന്ന ആവശ്യവുമായി രംഗത്തു വരാന്‍ ആലോചിക്കുകയാണു നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി.

Leave a Reply

Your email address will not be published.