അയോധ്യ രഥയാത്ര ആറ് സംസ്ഥാനങ്ങളിലൂടെ കേരളത്തിലുമെത്തും

അയോധ്യ രഥയാത്ര ആറ് സംസ്ഥാനങ്ങളിലൂടെ കേരളത്തിലുമെത്തും

അയോധ്യ: അയോധ്യയില്‍ നിന്നും രഥയാത്ര വീണ്ടും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നതെങ്കിലും വിശ്വഹിന്ദു പരിഷത്ത്, മുസ്ലീം രാഷ്ട്രീയ മഞ്ച് തുടങ്ങിയ സംഘടനകളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന യാത്ര കര്‍സേവകപുരത്തുനിന്നും ആരംഭിക്കും. 1990കളില്‍ ഇവിടെയാണ് കര്‍സേവകര്‍ ക്ഷേത്രം പണിയാനുള്ള തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

രാമജന്മഭൂമി ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിചാരണ ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് രഥയാത്ര ആരംഭിക്കുന്നത്. യുപി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ രഥം കടന്നുപോകും. രാമേശ്വരത്താണ് യാത്ര അവസാനിക്കുക. മിനി ട്രക്കാണ് രഥമാക്കി മാറ്റിയിരിക്കുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടുവെങ്കിലും അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നു. എന്നാല്‍ യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1990ല്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തിയ രഥയാത്ര ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.