അങ്കമാലി കൂട്ടക്കൊല: കൊലപാതകം നേരിട്ട് കണ്ടതിന്റെ ഭീതി വിട്ടുമാറാതെ മൂന്ന് കുട്ടികള്‍

അങ്കമാലി കൂട്ടക്കൊല: കൊലപാതകം നേരിട്ട് കണ്ടതിന്റെ ഭീതി വിട്ടുമാറാതെ മൂന്ന് കുട്ടികള്‍

അങ്കമാലി: മൂക്കന്നൂര്‍ എരപ്പില്‍ തിങ്കളാഴ്ചയുണ്ടായ കൊലപാതകം നേരിട്ട് കണ്ടതിന്റെ ഭീതി വിട്ടുമാറാതെ മൂന്ന് കുട്ടികള്‍. കൊല ചെയ്യപ്പെട്ട സ്മിതയുടെ മക്കളായ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ അതുലും ഇരട്ടക്കുട്ടികളായ അശ്വിനും അപര്‍ണയുമാണ് അമ്മയടക്കം കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകത്തിന് സാക്ഷിയായത്.

ഇവര്‍ വൈകീട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂട്ടനിലവിളി കേള്‍ക്കുന്നത്. പകച്ച കുട്ടികള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ഓടിയെത്തുന്നത് സ്മിതയെ വെട്ടി ചോര പുരണ്ട കൊലക്കത്തിയുമായി നില്‍ക്കുന്ന പ്രതി ബാബുവിന്റെ മുന്നിലാണ്. അശ്വിന്‍ വെട്ടേറ്റ് വീണ മുത്തച്ഛന്‍ ശിവന്റെ അടുത്തെത്തി. അമ്മയെ വീണ്ടും ബാബു വെട്ടാന്‍ തുനിയുന്നതിനിടെ തടയാന്‍ ശ്രമിച്ച അശ്വിനും അപര്‍ണക്കും വെട്ടേറ്റു. കൈക്കും കൈപ്പത്തിക്കും മുറിവേറ്റ ഇരുവരെയും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലവിളിയുമായി തന്നെയും ലക്ഷ്യംവെച്ച ബാബുവിനെ കണ്ട അശ്വിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ശിവരാത്രി ബലിതര്‍പ്പണത്തിന്റെ ഭാഗമായി ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടില്‍ എത്തിയതാണ് സ്മിത. മക്കള്‍ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത് അറിഞ്ഞ് സാന്ത്വനിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ് കുവൈത്തിലുള്ള സുരേഷ്.

കൂട്ടക്കൊലപാതകം മൂക്കന്നൂര്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ എരപ്പിലേക്ക് കൂട്ടമായെത്തുകയായിരുന്നു. ഭര്‍തൃസഹോദരനെയും ഭര്‍തൃസഹോദര ഭാര്യയെയും വെട്ടുന്നത് കണ്ട് ആദ്യം ഓടിയെത്തിയ ഉഷയുടെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. ഏഴ് വര്‍ഷം മുമ്പ് മരണപ്പെട്ട ഷാജി എന്ന സഹോദരന്റെ ഭാര്യയാണ് ഇവര്‍. കാളാര്‍കുഴിയിലെ അംഗന്‍വാടിയിലെ ഹെല്‍പറാണ് ഉഷ. മണപ്പുറത്ത് ബലിതര്‍പ്പണത്തിന് പോകുന്നതിനാണ് ഉഷ ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയത്. കൊല നടത്തിയ ബാബുവുമായി ഇവര്‍ സംസാരിക്കാറുണ്ടായിരുന്നില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഇടിച്ച് പുറത്താക്കുകയായിരുന്നു. ഉഷയെ ആക്രമിക്കുന്നതിന് അംഗന്‍വാടിയിലും ബാബു എത്തിയിരുന്നു.

കൊലപാതകമറിഞ്ഞ് സംഭവസ്ഥലത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. ജില്ല റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, റോജി എം.ജോണ്‍ എം.എല്‍.എ, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.

Leave a Reply

Your email address will not be published.