ദുരന്തം വിതച്ച് വീണ്ടും ആഘോഷ വെടിവയ്പ്; യുപിയില്‍ നവവരന്‍ കൊല്ലപ്പെട്ടു

ദുരന്തം വിതച്ച് വീണ്ടും ആഘോഷ വെടിവയ്പ്; യുപിയില്‍ നവവരന്‍ കൊല്ലപ്പെട്ടു

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ വെടിവയ്പിനിടെ നവവരനായ സൈനികന്‍ കൊല്ലപ്പെട്ടു. ചക്കേരി ടൗണില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വരനായ ശിവ് പ്രകാശിന്റെ സുഹൃത്തുക്കള്‍ നടത്തിയ വെടിവയ്പ് കുല്‍ദീപ് ദീക്ഷിത് എന്ന യുവാവിന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഹരിയാനയിലെ അംബാലയില്‍നിന്ന് എത്തിയതായിരുന്നു ഇയാള്‍.

സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലി സ്വദേശിയായ സഞ്ജയ് മൗര്യ എന്നയാളെ അറസ്റ്റ് ചെയ്തതായും ഇയാളില്‍നിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ മദ്യലഹരിയിലാണ് സഞ്ജയ് വെടിയുതിര്‍ത്തത്. വരനും സഞ്ജയും ഒരേഗ്രാമത്തില്‍നിന്നുള്ളവരാണ്.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു കുല്‍ദീപിന്റെ വിവാഹം. ആഘോഷ വെടിവയ്പുകള്‍ക്കു സുപ്രീം കോടതി നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിരോധനം മറികടന്ന് ഇത്തരം വെടിവയ്പുകള്‍ ഉത്തരേന്ത്യയില്‍ പതിവാണ്. ഇത്തരം വെടിവയ്പുകളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published.