പിടികൂടിയത് ഡമ്മി പ്രതികളല്ല, യഥാര്‍ത്ഥ പ്രതികള്‍: ഡിജിപി രാജേഷ് ദിവാന്‍

പിടികൂടിയത് ഡമ്മി പ്രതികളല്ല, യഥാര്‍ത്ഥ പ്രതികള്‍: ഡിജിപി രാജേഷ് ദിവാന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. കേസില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഡിജിപി രാജേഷ് ദിവാന്‍ സ്ഥിരീകരിച്ചു. പ്രതികള്‍ കീഴടങ്ങിയതല്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡിജിപി വ്യക്തമായ ഉത്തരം നല്‍കിയില്ല. കേസിനെ ബാധിക്കുന്ന വിഷയമായതിനാല്‍ മറുപടി നല്‍കാനാവില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി.

കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസ് സിബിഐക്ക് വിടുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്നും ഡിജിപി പറഞ്ഞു. ഷുഹൈബ് വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉത്തരമേഖലാ ഡിജിപിയുടെ വാര്‍ത്താസമ്മേളനം.

Leave a Reply

Your email address will not be published.