ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കാഞ്ഞങ്ങാട്: പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി.വി ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ജാനകി ടീച്ചറെ കൊല്ലണമെന്ന് പല തവണ പറഞ്ഞ് കൃത്യം നടപ്പാക്കിയത് മുഖ്യപ്രതിയായ അരുണ്‍ ആണെന്ന് അറസ്റ്റിലായ വിശാഖും റനീഷും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. കവര്‍ച്ച നടത്തണമെന്ന ഉദ്ദേശത്തോടെയാണ് അരുണും വിശാഖും റനീഷും രാത്രി ജാനകിയുടെ വീട്ടിലെത്തിയത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവമുണ്ടായിരുന്നതിനാല്‍ അവിടെ പടക്കം പൊട്ടിച്ച ശേഷം മൂന്നു പേരും മുങ്ങുകയും ജാനകിയുടെ വീട്ടിലെത്തുകയുമായിരുന്നു. മൂന്നു പേരും തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടിയും ധരിച്ചിരുന്നു.

23 പവന്‍ സ്വര്‍ണവും 35,000 രൂപയുമാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. ഇതിനിടെ വിശാഖിന്റെയും റനീഷിന്റെയും സംസാരത്തില്‍ നിന്ന് ജാനകി ടീച്ചര്‍ ഇരുവരെയും മനസിലാക്കുകയും തന്റെ ആശങ്ക അവര്‍ അറിയിക്കുകയും ചെയ്തു. ഇതോടെ അരുണ്‍ ജാനകി ടീച്ചറെ കൊല്ലണമെന്ന് പല തവണ പറയുകയായിരുന്നു. തുടര്‍ന്ന് അരുണാണ് കത്തിയുപയോഗിച്ച് ജാനകിയുടെ കഴുത്ത് മുറിച്ചത്. ശബ്ദം കേട്ട് കൃഷ്ണന്‍ മാസ്റ്റര്‍ എത്തിയപ്പോള്‍ വിശാഖ് കണ്ണുംപൂട്ടി കൃഷ്ണന്‍ മാസ്റ്റര്‍ക്കു നേരെ കത്തിവീശുകയായിരുന്നു.

കഴുത്തറുക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് വിശാഖ് കണ്ണുംപൂട്ടി അക്രമം നടത്തിയത്. കൃഷ്ണന്‍ മാസ്റ്ററുടെ കഴുത്തില്‍ നിന്നും രക്തമൊലിക്കുന്നത് കണ്ടതോടെ വിശാഖ് പിന്നെ കത്തിവീശാന്‍ നില്‍ക്കാതെ മറ്റു പ്രതികള്‍ക്കൊപ്പം സ്ഥലം വിടുകയായിരുന്നു. അപ്പോഴേക്കും രക്തം വാര്‍ന്ന് ജാനകി ടീച്ചര്‍ മരിച്ചു. പരിക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ നിന്നും എട്ടു പവന്‍ സ്വര്‍ണം പ്രതികള്‍ കണ്ണൂരിലെ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറിയിലാണ് വില്‍പന നടത്തിയത്. ബാക്കി സ്വര്‍ണാഭരണങ്ങള്‍ മംഗളൂരുവിലെ ജ്വല്ലറികളില്‍ വില്‍പന നടത്തുകയായിരുന്നു.

കൊലയ്ക്കുപയോഗിച്ച കത്തി പ്രതികള്‍ ചീമേനി പുഴയില്‍ എറിഞ്ഞ ശേഷമാണ് തിരിച്ചുപോയത്. ഈ കത്തിയും ബാക്കി സ്വര്‍ണവും ഇനി കണ്ടെടുക്കാനുണ്ട്. അറസ്റ്റിലായ വിശാഖിനെയും റനീഷിനെയും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.