ഭാഷ ഉപയോഗിക്കേണ്ടത് പരസ്പര വിനിമയത്തിന് : മന്ത്രി ഇ ചന്ദ്രശേഖരന്‍

ഭാഷ ഉപയോഗിക്കേണ്ടത് പരസ്പര വിനിമയത്തിന് : മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: ഭാഷകള്‍ പരസ്പരം ഉള്‍ക്കൊളളാനുളളതാണെന്നും എത്ര ഭാഷകള്‍ പഠിക്കുന്നോ അത്രയും അറിവ് വര്‍ധിക്കുകയല്ലാതെ അപകടമൊന്നും ഉണ്ടാകുകയില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭാഷകളെല്ലാം സഹോദരഭാവത്തില്‍ ഉള്‍ക്കൊളളണം. അറിയിക്കുന്നവനും അറിയേണ്ടവനും മനസ്സിലാകാന്‍ പറ്റിയാല്‍ മാത്രമെ ഭരണഭാഷാവബോധം യാഥാര്‍ത്ഥ്യമാവുകയുളളൂ എന്ന് മന്ത്രി പറഞ്ഞു. ഡിപിസി ഹാളില്‍ ഔദ്യോഗികഭാഷാ വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വകുപ്പു മേധാവികള്‍ക്കായി സംഘടിപ്പിച്ച ഭരണഭാഷാ അവബോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കോടതി ഭാഷയും ഔദ്യോഗിക സംവിധാനങ്ങളിലെ ഭാഷയും സാധാരണക്കാരന് ഉള്‍ക്കൊളളാന്‍ പറ്റുന്നില്ല. കോളനികളിലെ പരാതിക്കാരനു പോലും ഇംഗ്ലീഷില്‍ മറുപടി ലഭിക്കുന്ന പ്രവണതയും കാണപ്പെടുന്നു. കാലങ്ങളായുളള ഇത്തരം വൈരുധ്യങ്ങളെ ഒഴിവാക്കാനും ഏറ്റവും താഴെത്തട്ടിലുളളവന് ഭാഷ മനസ്സിലാക്കാന്‍ കഴിഞ്ഞാലും മാത്രമെ ഭരണഭാഷ മാതൃഭാഷ എന്ന പ്രയോഗം അര്‍ത്ഥവത്താകുകയുളളൂ എന്നദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സപ്തഭാഷാസംഗമ ഭൂമിയായ ഈ ജില്ലയില്‍ ഭാഷകളെല്ലാം പരസ്പരധാരണയില്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗികഭാഷ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയില്‍ കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തില്‍ ഔദ്യേഗികഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ആര്‍ ശിവകുമാര്‍ വിഷയാവതരണം നടത്തി. കേരളത്തിലെ ഭരണഭാഷ ഉദ്യോഗസ്ഥനും സാധാരണക്കാരനും തമ്മിലുളള വിനിമയത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം ശ്രീനാഥന്‍ പ്രഭാഷണം നടത്തി. ഔദ്യോഗികഭാഷാ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ആര്‍ എച്ച് ബൈജു ഔദ്യോഗികഭാഷാ മാര്‍ഗരേഖകള്‍ സംബന്ധിച്ച് വിശദീകരിച്ചു. തുടര്‍ന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും നടന്നു. എഡിഎം എന്‍ ദേവിദാസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.