വധ ശിക്ഷ നിരോധിക്കണമെന്ന് ലോ കമ്മീഷന്‍; നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍

വധ ശിക്ഷ നിരോധിക്കണമെന്ന് ലോ കമ്മീഷന്‍; നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: വധശിക്ഷ ഇല്ലാതാക്കാനുള്ള ലോ കമ്മീഷന്റെ ശുപാര്‍ശക്കെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത്. ഭീകരവാദമൊഴിച്ചുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015ല്‍ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായ ലോ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരുന്നു. ലോ കമ്മീഷന്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.

ഇതുവരെ 14 സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുള്ളത്. ഇതില്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ നിലനിര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളാണ് വധശിക്ഷ തുടരണമെന്ന നിലപാട് കേന്ദ്രത്തിനെ അറിയിച്ചത്. ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്കും ക്രൂര ബലാത്സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിച്ചത്.

അതേ സമയം, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ വധശിക്ഷയ്‌ക്കെതിരെ നിലപാടെടുത്തു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രപദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കിയിട്ടില്ല.

നിലവില്‍ ചൈന, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് ലോ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014-ല്‍ 98 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചു. 140 രാജ്യങ്ങള്‍ വധശിക്ഷ നിയമത്തില്‍ നിന്ന് തന്നെ എടുത്തുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2013-ല്‍ സുപ്രീം കോടതിയാണ് വധശിക്ഷ ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ ലോ കമ്മീഷനെ ചുതലപ്പെടുത്തിയത്. തുടര്‍ന്ന് 2015-ല്‍ ഭീകരവാദം, യുദ്ധം തുടങ്ങിയവയൊഴികെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ലോ കമ്മീഷന്‍ സമര്‍പ്പിച്ചു.

മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം ഭീകരവാദത്തിനും യുദ്ധത്തിനും ഇല്ലെങ്കിലും രാജ്യസുരക്ഷയെ കരുതി ഈ കുറ്റങ്ങള്‍ക്ക് വധശിക്ഷ നിലനിര്‍ത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വധശിക്ഷ ഒഴിവാക്കാനുള്ള കാരണങ്ങളൊന്നും ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

Leave a Reply

Your email address will not be published.