ഇന്‍ഡിഗോ 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍

ഇന്‍ഡിഗോ 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍

മുംബൈ: എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തിരമായി നിലത്ത് ഇറക്കിയതിനേത്തുടര്‍ന്ന് വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. നിയോ എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചത്. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഇത് ബാധിക്കും.

വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്.

എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങള്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്ബനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്.

ഇ.എസ്.എന്‍. 450 സീരിയല്‍ നമ്ബറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി ഒമ്ബതിനു തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അത്തരം എന്‍ജിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13-ന് ഡി.ജി.സി.എ. വ്യക്തമാക്കി.

Leave a Reply

Your email address will not be published.