യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29-കാരിയാണ് പീഡനത്തിനിരയായത്. ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ റൂട്ട് മാറി ഓടിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ യുവതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു പീഡനം.

കാര്‍ വേഗം കുറഞ്ഞ സമയത്ത് യുവതി ലോക്ക് തുറന്ന് പുറത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്തു. അപ്പോഴേക്കും യൂബര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടിരുന്നു. സഞ്ജു എന്ന് വിളിക്കുന്ന ഡ്രൈവര്‍ സഞ്ജീവിനെ പൊലീസ് പിന്നീട് പിടികൂടി.

അതേസമയം, ഇയാള്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവറല്ലെന്നും ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യാത്ര സമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

യൂബര്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അസ്ലം ഖാന്‍ അറിയിച്ചു. അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് യൂബര്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.