കാസര്‍കോട് ഇനി ഓണ്‍ലൈന്‍ കര്‍മ്മസേന: ഡിജിറ്റല്‍ സാക്ഷരത സജീവമാക്കുന്നു

കാസര്‍കോട് ഇനി ഓണ്‍ലൈന്‍ കര്‍മ്മസേന: ഡിജിറ്റല്‍ സാക്ഷരത സജീവമാക്കുന്നു

കാസര്‍കോട് : ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ബോധവല്‍ക്കരണത്തിനും ഓണ്‍ലൈന്‍ കര്‍മ്മ സേന രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അക്ഷയ സംരംഭകരും കോമണ്‍സര്‍വീസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരിച്ചത്. ജില്ലാ ഭരണകൂടവും കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപാര്‍ട്ട്മെന്റിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ കേരളയും ജില്ലാ ഇ – ഗവേണന്‍സ് സൊസൈറ്റിയും ചേര്‍ന്നാണ് കര്‍മ്മ സേന രൂപീകരിച്ചത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സോഷ്യല്‍ മീഡിയ, സൈബര്‍ സെക്യൂരിറ്റി, തുടങ്ങി എല്ലാ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. കോഡിനേഷന്‍, ബോധവല്‍ക്കരണം,സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി എന്‍പതിലധികം പേര്‍ അടങ്ങുന്നതാണ് ഡിജിറ്റല്‍ കര്‍മ്മ സേന.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു വിഷയാവതരണം നടത്തി. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി.നായര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി.എസ്. രമണന്‍, ജില്ലാ ട്രഷറി കോഡിനേറ്റര്‍ പുരുഷോത്തമന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ.രാജന്‍, ജില്ലാ ഐ.ടി. സെല്‍ കോഡിനേറ്റര്‍ ടി.കെ. വിനോദ്, ജി.എസ്.ടി. ജില്ലാ കോഡിനേറ്റര്‍ മധു കരിമ്പില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍, വികാസ് പീഡിയ ടെക്നിക്കല്‍ ഹെഡ് ജുബിന്‍ അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.