അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം : അമിക്കസ് ക്യൂറി

അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം : അമിക്കസ് ക്യൂറി

കൊച്ചി: അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മധുവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയാണ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തലങ്ങളില്‍ അനുവദിച്ചത്. എന്നാല്‍ അട്ടപ്പാടി അഗളി ആദിവാസി മേഖലകളില്‍ പ്രഥമിക കാര്യങ്ങളില്‍ പോലും വികസനമെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആദിവാസി സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ശക്തിപ്പെടുക മാത്രമാണുണ്ടായത്. അതിനാല്‍, അട്ടപ്പാടി മേഖലയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ഒരു സ്വതന്ത്ര ഏജന്‍സി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്നും ഓഡിറ്റിംഗ് റിപ്പോര്‍ട്ട് കോടതിയോ സര്‍ക്കാരോ പരിശോധിക്കണമെന്നും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശമുണ്ട്.1975ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിയമം കടലാസില്‍ ഒതുങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി കുറ്റപ്പെടുത്തുന്നു.

ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള എല്ലാ നീക്കങ്ങളെയും നിലവിലെ കുടിയേറ്റക്കാര്‍ എതിര്‍ക്കുകയാണ്. 1951ലെ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.32ശതമാനമായിരുന്നു. 2011ല്‍ ഇത് 40 ശതമാനമായി ചുരുങ്ങി.കുടിവെള്ളത്തിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പൈപ്പുകളില്‍ വെള്ളമില്ലെന്ന് റിപ്പോര്‍ട് നിരീക്ഷിക്കുന്നു. പോഷകാഹാര കുറവ് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ശിശുമരണം തുടര്‍ക്കഥയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഐഎഎസ് റാങ്കില്‍ കുറയാത്ത ഒരാളെ നോഡല്‍ ഓഫീസറായി നിയമിക്കലാണ് പ്രശ്‌നപരിഹാരം.

28 സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഴിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥന്‍ ഏകോപിപ്പിക്കണം. അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ആദിവാസികളുമായി നേരിട്ട് ഇടപഴകണം. ഓരോ വാര്‍ഡിലും പബ്ലിക്ക് ഹിയറിങ് നടത്തണം. ഈ റിപ്പോര്‍ട്ട് പഞ്ചായത്തിനും വിവിധ വകുപ്പുകളുടെ മേധാവികള്‍ക്കും കൈമാറണം. തുടര്‍ന്ന് ഓരോ ആറുമാസത്തിലും ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടായി നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.