തീയ്യന്‍ എന്ന പദം എന്ത്?

തീയ്യന്‍ എന്ന പദം എന്ത്?

തീയ്യന്‍ എന്ന പദം എന്തില്‍ നിന്ന് വന്നു എന്നതില്‍ പല ചരിത്രകാരന്മാരും പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല ചരിത്രകാരന്മാരുടെ അഭിപ്രായങ്ങളും അവരുടെ മനോവ്യാപാരങ്ങളിലെ ഊഹാപോഹങ്ങള്‍ മാത്രമാണു. ചിലര്‍ തീയ്യസമുദായത്തെ ഇകഴ്ത്തുവാന്‍ വേണ്ടി തീയ്യ ശബ്ദം ‘മോശമായത്’ എന്ന അര്‍ത്ഥം കല്‍പിച്ചിട്ടുണ്ട് . ചിലര്‍ തീയ്യസമുദായത്തെ തിരുവിതാംകൂറിലെ സംസ്‌കാരശൂന്യരായ ഒരു വിഭാഗവുമായി ബോധപൂര്‍വ്വം കൂട്ടിക്കെട്ടുവാന്‍ വേണ്ടി തീയ്യ ശബ്ദത്തിനു ‘ദീപന്‍ ‘ എന്ന അര്‍ത്ഥം കല്‍പിച്ചു. തീയ്യ ശബ്ദാര്‍ത്ഥം എന്താണു എന്നും എന്തല്ല എന്നും ഈ ലേഖനം നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നതാണ്.

ചില ചരിത്രകാരന്മാര്‍ തീയ്യ ശബ്ദത്തിനര്‍ത്ഥം ദീപന്‍ എന്ന് കല്‍പിച്ചിട്ടുണ്ട്. ദീപന്‍ എന്നാല്‍ ദീപില്‍ നിന്ന് (ശ്രീലങ്കയില്‍ നിന്ന്) വന്നവന്‍ എന്നാണത്രേ അര്‍ഥം. ചരിത്രപഠനത്തോട് യാതൊരാത്മാര്‍ത്ഥയുമില്ലാതെ പൊതുജനങ്ങളുടെ സാമാന്യയുക്തിയെപ്പോലും പരിഹസിക്കുന്ന വിധത്തിലുള്ള ഒരു വാദമാണ് തീയ്യര്‍ ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ ആണെന്നുള്ളത്. ഇത്തരത്തില്‍ പൊതുസമൂഹത്തെ തെറ്റായ ചരിത്രം കാട്ടി വഞ്ചിക്കുന്ന ചരിത്രകാരന്മാരെ സൃഷ്ടിക്കുന്നത് SNDP പോലുള്ള ജാതിസംഘടനകളാണ്. പ്രാക്തനകാലത്ത് കോഴിക്കോട് കോരപ്പുഴയ്ക്ക് തെക്കോട്ട് പോയാല്‍ (മൂഷകരാജവംശത്തിന്റെ അതിരു കടന്നാല്‍) ഭ്രഷ്ട് സംഭവിക്കുന്ന മുന്‍കുടുമക്കാരായ സമുദായമായിരുന്നു തീയ്യര്‍. അവര്‍ ഒരിക്കലും ശ്രീലങ്കയില്‍ നിന്ന് വന്നവരേയല്ല. മാത്രമല്ല ശ്രീലങ്കയോട് അടുത്ത് കിടക്കുന്ന തിരുവിതാംകൂറില്‍ ധാരാളമായി ഉള്ളത് ഈഴവര്‍ എന്ന വിഭാഗമാണു. തീയ്യരുള്ള ഭാഗവും തിരുവിതാംകൂറും തമ്മില്‍ ഏകദേശം 400 കിലോമീറ്ററുകളോളം വ്യത്യാസമുണ്ട്. തീയ്യര്‍ ശ്രീലങ്കയില്‍ നിന്ന് വന്നവരേയല്ല എന്ന് ഇത് അടിവരയിടുന്നു. തീയ്യ ശബ്ദം ദീപന്‍ എന്നതില്‍ നിന്നുണ്ടായതാണെന്ന തെറ്റായ ചരിത്രകാരന്മാരുടെ വാദങ്ങളില്‍ വഞ്ചിതരാവാതിരിക്കുക. അങ്ങനെയെങ്കില്‍ രാമേശ്വരത്തുള്ള എല്ലാവരെയും തീയ്യരായി പ്രഖ്യാപിക്കേണ്ടിവരും ഒപ്പം തിരുവിതാംകൂറിലെ ഈഴവരേയും.

തീയ്യ ശബ്ദത്തിനു മറ്റ് ചില ചരിത്രകാരന്മാര്‍ കൊടുത്ത അര്‍ത്ഥം ഇതിലും രസകരമാണു. തീയ്യന്‍ എന്നാന്‍ തീയത് സ്വഭാവമുള്ളവന്‍ (മോശ സ്വഭാവമുള്ളവന്‍) എന്നാണത്രേ അര്‍ത്ഥം. ആരാധനാലയങ്ങളുടെ ബാഹുല്യം കൊണ്ടും അനുഷ്ഠാനസമ്പന്നത കൊണ്ടും തീയ്യസമുദായത്തോട് കിടപിടിക്കുന്ന മറ്റൊരു സമുദായം മലബാറില്‍ ഇല്ല തന്നെ. മലബാറിന്റെ സംസ്‌കാരം തന്നെ തീയ്യസമുദായവുമായി നേരിട്ടുബന്ധപ്പെട്ടുക്കിടക്കുന്നു. അങ്ങനെയുള്ള ഒരു സമുദായത്തിന്റെ പേരിനര്‍ത്ഥം മോശമായത് എന്നാണെന്ന് വിധിയെഴുതിയ ചില ചരിത്രകാരന്മാര്‍ക്ക് നല്ല നമസ്‌കാരം.

തീയ്യസമുദായം എന്താണെന്ന് തീയ്യര്‍ തന്നെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാട്ടാതിരുന്നപ്പോള്‍ ചില ചരിത്രകാരന്മാരും കുബുദ്ധികളും ‘തീയ്യ’ എന്ന വാക്കിനെ അവരവരുടെ മനോധര്‍മ്മത്തിനനുസരിച്ച് വ്യാഖ്യാനിച്ച് വികലമാക്കി.

‘ദിവ്യന്‍’ എന്ന വാക്കാണ് തീയ്യന്‍ എന്നായി മാറിയത്. ‘ദൈവം’ എന്ന വാക്ക് തെയ്യം എന്നുമായി മാറി. തെയ്യവും തീയ്യനും ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ചരിത്രകാരന്മാരും ഫോക്ലോര്‍ പഠിതാക്കളും പോലും ഐക്യകണ്‌ഠേന സമ്മതിക്കുന്ന കാര്യമാണു.
ദിവ്യനാണു തീയ്യനായത് എന്നതിന്റെ ആധികാരികത സമൂഹത്തിനു മുന്നില്‍ തുറന്ന് കാണിക്കാന്‍ ആ വാദം ഉയര്‍ത്തുന്നവര്‍ ബാദ്ധ്യസ്തരാണു. മലബാറിന്റെ പൗരാണികത്വം ഉത്തരായണത്തിന്റെ കറുത്ത രാത്രികളില്‍ ചൂട്ടുകറ്റയുടെ പൊന്‍വെളിച്ചത്തില്‍ രാത്രിയുടെ നിശബ്ദതയെ കീറിമുറിക്കുന്ന തോറ്റംപാട്ടുകളില്‍ ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്. അവയില്‍ ചിലത് ആധികാരികതയ്ക്ക് വേണ്ടി ഇവിടെ നല്‍കുകയാണ് .

കതിവനൂര്‍ വീരന്‍ തോറ്റം

അറുതിവരുവത്തിന് മറുതലകളൊടുപൊരുവതിനു
ചെന്നുരണ്ടാമതും പോര്‍വ്വിളിച്ചീടിനാന്‍…
അരികളുടെ പടനടുവിലൊരുവനധിധീരനായ്
‘മുന്നം മങ്ങാട്ടൊരേടത്തൊരു നഗരിയതില്‍
ദിവ്യവംശത്തില്‍ ജാതന്‍

കതിവനൂര്‍ വീരന്‍ തോറ്റത്തില്‍ തീയ്യസമുദായത്തെ ദിവ്യവംശം എന്ന് മുദ്ര ചെയ്തിരിക്കുന്നു. കൂടാതെ തോറ്റത്തില്‍ കതിവനൂര്‍ വീരന്റെ പിതാവായ കുമരച്ചനെ ദിവ്യവംശാധിപന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
തീയ്യരുടെ ഉല്‍പത്തിമിത്തായ ശൗണ്ഡികോല്‍പത്തിയിലും തീയ്യരെ ദിവ്യരെന്ന് സംബോധന ചെയ്യുന്നു.
പാലോട്ട് ദൈവത്തിന്റെ തോറ്റത്തില്‍ ഏഴുമുടിമന്നന്റെ നാടുകാണാന്‍ 108 അഴിയും കടന്നുവന്ന പാലോട്ട് ദൈവത്തെ സ്വീകരിക്കുന്നത് കരുമന ചാക്കാട്ട് ദിവ്യനും പെരുംതട്ടാനും എന്നാണു പറഞ്ഞിരിക്കുന്നത് .

വിഷ്ണുമൂര്‍ത്തിയുടെ തോറ്റത്തില്‍
‘ദിവ്യനതാം പാലന്തായി കണ്ണന്റെ
കരത്താല്‍
പൂജ കലശം കയ്യേറ്റുവസിച്ചരുളിന
പരദേവതേ കൈതൊഴുന്നേന്‍’
എന്ന് തീയ്യനെ ദിവ്യന്‍ ശബ്ദം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.

ചീറുംബ ഭഗവതിയുടെ ആയത്താര്‍പ്പാട്ടില്‍ തീയ്യനെ ഇയ്യനാടന്‍ ദിവ്യനെന്നാണു പ്രയോഗിച്ചിരിക്കുന്നത്.
ഇവ ചില ഉദാഹരണങ്ങളാണ് .

തീയ്യന്‍ എന്ന ശബ്ദം ‘ ദിവ്യനില്‍ ‘നിന്നുരുത്തിരിഞ്ഞു വന്നതാണു. തുലാപ്പത്ത് കഴിഞ്ഞ് മലനാടിന്റെ രാത്രികളില്‍ മുഴങ്ങുന്ന തോറ്റംപാട്ടുകളില്‍ കൃത്യമായി ഇത് മുദ്ര ചെയ്തുവെച്ചിട്ടുണ്ട്. തോറ്റംപാട്ടുകള്‍ ഇന്ന് ചരിത്രവിദ്യാര്‍ത്ഥികള്‍ നാരിഴകീറി പരിശോധിക്കുന്ന രേഖകളാണ് .

തീയ്യരെ ഈഴവരായി കൂട്ടിചേര്‍ക്കാനുണ്ടായ കാരണങ്ങള്‍:

തലശേരിയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉള്ള കുറച്ചു തിയ്യ പ്രമാണിമാര്‍ക്ക് അബ്രാഹ്മണര്‍ പൂജ ചെയ്യുന്ന ഒരു ക്ഷേത്രം നിമിച്ചു വേണം എന്ന ആഗ്രഹത്താല്‍ ശ്രീ നാരായണ ഗുരുവിനെ തീയ്യര്‍ക്ക് ക്ഷേത്രംഉണ്ടാക്കാന്‍ ക്ഷണിച്ചു,ഈഴവരുടെ ഉന്നമനത്തിനായുള്ള തിരക്കിട്ട ശ്രമത്തിലായിരുന്ന ഗുരു ആദ്യം ഇങ്ങോട്ട് വരാന്‍ കൂട്ടാക്കിയില്ലെങ്കിലും ഇവിടെയുള്ള കമ്മിറ്റി മെംബേര്‍സ് വീണ്ടും നേരില്‍ കണ്ട് ഗുരുവിനെ ക്ഷണിച്ചു .അങ്ങനെ 1906 മാര്‍ച്ച് 17ന് ഗുരു തലശ്ശേരിയില്‍ എത്തിച്ചേരുകയും മാര്‍ച്ച് 23ന് അമ്പലത്തിന്റെ തറക്കല്ല് പാകുകയും ചെയ്തു .ഗുരുവിന്റെ ഈ വരവോടെ ചില തീയ്യര്‍ ശ്രീനാരായണ ഗുരുവിന്റെ പാത പിന്‍തുടര്‍ന്നു ഇതാണ് തീയ്യരെ ഈഴവരായി കാണാനുള്ള ആദ്യ തുടക്കം .ഈ കാരണം വച്ച് ഈഴവ ജാതി സംഘടന തീയ്യരും ഇഴവരും ഒന്നാണെന്ന് പ്രച്ചരിപിച്ചുതുടങ്ങി .

തീയ്യരുടെ കഴകഭരണസംവിധാനം

തീയ്യസമുദായത്തിന്റെ ആരാധനാ-ഭരണകേന്ദ്രങ്ങളായ താനം, തറ, പള്ളിയറ, കാവുകള്‍, മുണ്ട്യ , നാല്‍പാടി തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. തീയ്യസമുദായം സാമ്പ്രദായികമായി സൃഷ്ടിച്ചെടുക്കുന്ന ദേശത്തിലെ സാമൂഹത്തിന്റെ പൊതുകാര്യങ്ങളില്‍ ചര്‍ച്ച നടത്താനും തീരുമാനമെടുക്കുവാനുമുള്ള സഭയാണു കഴകം. കഴകത്തിന്റെ നിയമവ്യവസ്ഥയില്‍ തീയ്യസമുദായവും തീയ്യരോട് ചേര്‍ന്നു നില്‍ക്കുന്ന സമുദായങ്ങളും കെട്ടുറപ്പോടെ നിലനിന്നു പോന്നു. വിവാഹം, മരണം, അടിയന്തരം, കുടുംബവഴക്ക്, സ്വത്ത് തര്‍ക്കം തുടങ്ങി സമുദായാംഗങ്ങള്‍ക്കിടയിലെ എല്ലാ കാര്യങ്ങളിലും കഴകത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു.സമുദായങ്ങളുടെ ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയുള്ള കൂട്ടയ്മയാണു കഴകം. ഇതൊരു പ്രശ്‌നപരിഹാരവേദി കൂടിയാണ്. ഏതൊരു വഴക്കും കഴകത്തിലാണു തീര്‍പ്പുകല്‍പ്പിക്കുക. കഴകത്തിലും തീരാത്ത പ്രശ്‌നമാണെങ്കില്‍ അതു തൃക്കൂട്ടത്തിലോ മഹാക്ഷേത്രങ്ങളിലോ വെച്ച് തീര്‍പ്പുകല്പിക്കും. നാലു കഴകങ്ങള്‍ ചേരുന്നതാണ് ഒരു തൃക്കൂട്ടം. തീയ്യസമുദായത്തിന്റെ ഒരു കഴകത്തിലെ പ്രധാന സ്ഥാനീയര്‍ താഴെ പറയുന്നവരാണ്:

വെളിച്ചപ്പാടന്‍മാര്‍. അന്തിത്തിരിയന്‍, തണ്ടാന്‍, കൈക്ലോന്‍, കാര്‍ന്നോന്‍മാര്‍ – കാരണവന്‍മാര്‍, കൂട്ടായ്ക്കാര്‍, കൊടക്കാരന്‍, കലേയ്ക്കാരന്‍ തുടങ്ങിയവര്‍ കഴകത്തിലെ ഈ സ്ഥാനക്കാര്‍ക്കെല്ലാം ആത്മീയ പരിവേഷവും ബഹുമാനവും സമുദായത്തിനിടയില്‍ നിന്നും ലഭിക്കുന്നു. ഭരണനിയന്ത്രണത്തിനും സമുദായ പരിഷ്‌കരണത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കഴകങ്ങള്‍ സമുദായങ്ങളെ ഒന്നിപ്പിച്ച് സാഹോദര്യവും സ്‌നേഹവും നിലനിര്‍ത്തുന്നു. പണ്ട് പെണ്ണുകാണല്‍ ചടങ്ങു നടക്കുന്നതും അങ്കം കുറിക്കലും കുടിപ്പക തീര്‍ക്കലും ഊരുവിലക്കലും ഭ്രഷ്ടുകല്പിക്കലുമൊക്കെ കഴകസഭയില്‍ വെച്ചായിരുന്നു.

കഴകത്തിനു കീഴിലായി നിരവധി മുണ്ട്യകളും തറകളും അനേകം ഭഗവതി ക്ഷേത്രംക്ഷേത്രങ്ങളും ഉണ്ട്. ഭഗവതി ക്ഷേത്രം കേന്ദ്രമാക്കിയാണ് തറ എന്ന പ്രാദേശിക ഘടകം രൂപം കൊള്ളുന്നത്. നാലു തറകള്‍ ചേര്‍ന്നാല്‍ ഒരു നാല്പാടും നാലു നാല്പാടുകള്‍ ചേര്‍ന്നാല്‍ ഒരു കഴകവും നാലുകഴകങ്ങള്‍ ചേര്‍ന്നാല്‍ ഒരു പെരുംകഴകവും എന്നതാണു ഭരണസംവിധാനത്തിന്റെ ഘടന.
തിരുവിതാംകൂറിലെ ഈഴവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തരാണ് മലബാറിലെ തീയ്യര്‍. അവ സാധൂകരിക്കുന്ന ഘടകങ്ങള്‍ ചുവടെക്കൊടുക്കുന്നു.

1.തിയ്യരില്‍ ഗോത്രീയതയുണ്ട്. 8 ഇല്ലങ്ങള്‍(ഗോത്രങ്ങള്‍ )ആയി കുലത്തെ തിരിച്ചിരിക്കുന്നു. സഗോത്രങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിഷിദ്ധമാക്കി വെച്ചിരിക്കുന്നു.എന്നാല്‍ ഈഴവരില്‍ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.

2.ഈഴവ എന്നത് പരസ്പര ബന്ധം ഇല്ലാത്ത പല ജാതികള്‍ ചേര്‍ന്ന ഒരു കൂട്ടം ആണ് . ഇഴുവ, ഇഴവ, ഇരുവ, ഇരവ, ഇളവ, ഇളുവ, ചോവന്‍, ചോന്‍, ചാന്നാര്‍, ഈഴവാത്തി തുടങ്ങിയ ഒരുപാട് ജാതികളുടെ ഒരു കൂട്ടം. ഇതില്‍ തന്നെയുള്ള പല ജാതികള്‍ക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല. എന്നാല്‍ തീയ്യ എന്നത് വ്യക്തമായ ഒരു വംശം തന്നെയാണ്. അവരുടേതായ ഒരു സ്വത്വവും സംസ്‌കാരവുമുള്ള വംശം.

3.തീയ്യരും ഈഴവരും സാധാരണയായി പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടാതിരുന്ന രണ്ട് വിഭാഗങ്ങള്‍ ആണ്;ഇന്നും ഇത് പിന്തുടരുന്നു.

4.തീയ്യര്‍ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്. തീയ്യരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റ് സമുദായങ്ങളുമായി സമന്വയിച്ച് ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളാണു. തീയ്യര്‍ സര്‍വതന്ത്ര സ്വതന്ത്രമായ ഭരണവ്യവസ്ഥയും ആരാധനാരീതികളും ഉള്ളവരാണ് .എന്നാല്‍ ഈഴവര്‍ക്ക് ഒരു സ്വതന്ത്ര ഭരണ സംവിധാനമോ വ്യവസ്ഥയോ ഇല്ല.

5.ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ മലബാറില്‍ ഏറ്റവും കൂടുതല്‍ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരായിരുന്നു. എന്നാല്‍ ഈഴവര്‍ക്ക് അന്ന് വോട്ടവകാശം ഉണ്ടായിരുന്നില്ല.

6.തീയ്യര്‍ ഭൂരിഭാഗവും മുന്‍പ് മരുമക്കത്തായം പിന്തുടര്‍ന്നവര്‍ ആയിരുന്നു (ഇന്നില്ല )പക്ഷേ തീയ്യരുടെ ആചാരങ്ങള്‍ എല്ലാം മിക്കതും മരുമക്കത്തായം ഇന്നും അവലംബിക്കുന്നു.എന്നാല്‍ ഈഴവരെല്ലാം ആദ്യം മുതല്‍ക്കേ മക്കത്തായം പിന്തുടര്‍ന്നു വന്നവരായിരുന്നു.ഇത് വലിയൊരു വ്യത്യാസം തന്നെയാണ് .

7.തീയ്യര്‍ക്കിടയില്‍ സ്ത്രീധനമില്ല.തീയ്യരില്‍ സ്ത്രീകള്‍ക്ക്കായിരുന്നു സ്വത്തവകാശം.പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ.എന്നാല്‍ ഈഴവര്‍ക്കിടയില്‍ സ്ത്രീധനം ആണ് വിവാഹ കാര്യത്തില്‍ ആധാരം.ഈഴവരില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.

8.തീയ്യരുടെയും ഈഴവരുടെയും ഗൃഹ നിര്‍മാണ രീതി മുന്‍കാലങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു .

9.തീയ്യരുടെ വൈദ്യ പാരമ്പര്യം ആര്യ വൈദ്യം ആണ് .തീയ്യര്‍ക്ക് ബുദ്ധമതവുമായി ബന്ധമില്ല.ഈഴവരുടേത് അഷ്ടവൈദ്യപാരമ്പര്യം ആണ് .അത് ബൗദ്ധവൈദ്യം ആണ് .ഈഴവര്‍ ബൗദ്ധപാരമ്പര്യം അവകാശപ്പെടുന്നു. ചില പഠനങ്ങളില്‍ അതും ഇല്ല.

10.തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയന്‍ ടൈപ് ആണ് .തീയ്യര്‍ മദ്ധ്യ ഏഷ്യയില്‍ നിന്ന് കോക്കാസസ് പ്രദേശത്തുകൂടി കുടിയേറിയവരാണ് ഈഴവരുടെ ശരീരഘടന ശ്രീലങ്കന്‍ ടൈപ്പ് ആണ്.ഈഴവര്‍ തീരത്തുകൂടി കുടിയേറി ഇന്ത്യയിലെത്തിയവരാണ് .

11.തിയ്യര്‍ പുരാതനകാലം തൊട്ട് ഉണ്ടായിരുന്ന ആചാരങ്ങള്‍ പിന്തുടര്‍ന്നു വന്നു. ഇന്നും അതു തന്നെ പിന്തുടരുന്നു. തിയ്യരുടെ ആചാരങ്ങളെ സ്പര്‍ശ്ശിക്കാന്‍ ഇന്നേ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. തീയ്യരില്‍ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്. തീയ്യര്‍ അവരുടെ പൂര്വികന്മാരെയും ആരാധിച്ചുപോരുന്നു .കാവ് ,കഴകം ,തെയ്യം എല്ലാം ഇതിന്റെ ഭാഗമാണ്.ഈഴവര്‍ക്ക് ഇത്തരം ആരാധനകള്‍ ഉണ്ടായിരുന്നില്ല .

12.ഈഴവര്‍ പഠിക്കുന്ന കളരി നാടാര്‍ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു. എന്നാല്‍ തീയ്യരുടെത് കടത്തനാടന്‍,തുളുനാടന്‍ ശൈലിയും.

13.തീയ്യര്‍ ഹാപ്ലോ ഗ്രൂപ് ഘ വിഭാഗത്തില്‍ പെടുന്നു – കൊക്കോസോയിഡ് ഗണം -ഇന്‍ഡോ -ആര്യന്‍സ് .ഈഴവര്‍ ഹാപ്ലോ ഗ്രൂപ് ഇ വിഭാഗത്തില്‍ പെടുന്നു. ആസ്ട്രലോയഡ് ഗണം -ദ്രാവിഡന്മാര്‍ .

14.തീയ്യരുടെ മരണ, വിവാഹകര്‍മ്മങ്ങള്‍ ഈഴവരുടേതില്‍ നിന്നും വ്യത്യസ്തമാണ് .

15.മുന്‍പ് കോരപ്പുഴയ്ക്ക് വടക്കു ഭാഗത്ത് മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യര്‍ഈഴവര്‍ തിരുവിതാംകൂര്‍ ഭാഗത്തും ,ഈ രണ്ടു ഭാഗങ്ങളും തമ്മില്‍ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ രേഖകളില്‍ തീയ്യരെ വ്യത്യസ്ത വംശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത് .

തീയ്യരും ഈഴവരും ഒന്നാണെന്ന പ്രചരണം കൊണ്ട് തീയ്യസമുദായത്തിന് നഷ്ടമായത് പൂര്‍വ്വകാലപ്രൗഢി മാത്രമായിരുന്നില്ല മറിച്ച് സര്‍ക്കാര്‍ സര്‍വ്വീസിലെ പതിനായിരക്കണക്കിന് അവസരങ്ങള്‍ കൂടിയായിരുന്നു.

തീയ്യസമുദായം ഇന്ന് ഒരു മാറ്റത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ ഈഴവരുമായി ബന്ധമില്ലാത്ത എട്ടില്ലങ്ങള്‍ ചേര്‍ന്ന വംശമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്…

റിസര്‍ച്ച് ഫൗണ്ടേഷന്‍ ടീം തീയ്യവംശം

Leave a Reply

Your email address will not be published.