കാഴ്ചകള്‍ പഴമയും പുതുമയും

കാഴ്ചകള്‍ പഴമയും പുതുമയും

ജാതി മത ദേശ ഭാഷ വ്യത്യാസമില്ലാതെ ഏവരും അനുഗ്രഹാശ്ശിസ്സുകള്‍ക്കായി കൈകൂപ്പുന്ന പുണ്യപുരാതന ആരാധനാലയമാണ് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം.

ഉത്തര കേരളത്തിന്റെ സ്‌നേഹ വിശുദ്ധിയും വിശ്വാസങ്ങളും എന്നും കാത്തുസൂക്ഷിക്കുന്ന ഈ ക്ഷേത്രം, മനോഹരമായ രാജഗോപുരത്തോടു കൂടി പ്രൗഢിയോടെ തിളങ്ങി നില്‍ക്കുന്നു. വര്‍ണ്ണങ്ങളുടെ പൂക്കാലം പോലെ വീണ്ടും ഈ സ്‌നേഹ തീരത്ത് ഉല്‍ത്സവങ്ങള്‍ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ കാത്തുനില്‍ക്കുകയാണ്.

തൃക്കണ്ണാട് ആറാട്ടും പാലക്കുന്ന് ഭരണിയും മനസ്സിലിട്ട് താലോലിക്കാത്തവര്‍ ഈ ദേശത്ത് വിരളമായിരിക്കും. ആയിരം അലങ്കാര ദീപങ്ങളുടെ വര്‍ണ്ണയോടെ ആയിരത്തിരി മഹോത്സവം സമാഗതമായി. പല പ്രദേശങ്ങളില്‍ നിന്നും വര്‍്ഷങ്ങളായി ദേവി സന്നിധിയില്‍ തിരുമുല്‍കാഴ്ച്ചകള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് . എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ട് കാഴ്ച കമ്മിറ്റി രൂപീകരിച്ച് ആഘോഷങ്ങളുടെ പൂത്തിരി തിളക്കത്തോടെ ദേവിക്ക് സമര്‍പ്പിക്കുന്നതുവരെ വിശ്രമമില്ല

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മികവുറ്റ കലാകാരന്മാരെ വളരെ നേരത്തെ ക്ഷണിച്ച് കാഴ്ചയുടെ മാറ്റു കൂട്ടുന്നതിന് ഓരോ കാഴ്ച കമ്മിറ്റിയും ഏറെ ശ്രമിക്കാറുണ്ട്. കൂടാതെ നാടന്‍ കലാ പരിപാടികളും ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു. വര്‍ണ്ണ മനോഹരങ്ങളായ മുത്തുക്കുടകളുമായി തികച്ചും കേരളീയ വേഷത്തില്‍ സ്ത്രീകള്‍ കാഴ്ചയിലെ നിറ സാന്നിധ്യമാണ്. വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന നക്ഷത്ര മുത്തുകള്‍ പോലെ ബാലികമാരുടെ കുഞ്ഞിളം കൈകളിലെ താലപ്പൊലികള്‍ നമ്മെ ബാല്യകാല ഓര്‍മ്മകളിലേക്കെത്തിക്കുന്നു.

ഇലക്ട്രോണിക്ക് വിസ്മയങ്ങളായ വൈദ്യുത പ്രഭാവലിയും, കൂറ്റന്‍ ടാബ്ലോകളും പഴയ കാലത്തില്‍ നിന്നും ഏറെ മാറിക്കൊണ്ടിരിക്കുകയാണ്. ഓലച്ചൂട്ടിന്റെയും തീപന്തത്തിന്റെയും വെളിച്ചത്തില്‍ നിന്നും പെട്രോമാക്‌സിലേയ്ക്കും, ട്യൂബ് ലൈറ്റിലേയ്ക്കും ഇന്നിപ്പോള്‍ ഹാലൊജന്‍ വെള്ളി വെളിച്ചത്തിലേയ്ക്കും കാലം മാറിവന്നതു വളരെ പെട്ടന്നായിരുന്നു. ഈ രംഗത്ത് ഇനിയും പുതിയ സാദ്ധ്യതകള്‍ കാത്തിരിക്കുന്നു.

ഓരോ പ്രദേശത്ത് നിന്നും തിരുമുല്‍ കാഴ്ചകള്‍ പുറപ്പെട്ടാല്‍ മണിക്കൂറുകള്‍ താണ്ടിയാണ് ക്ഷേത്ര സന്നിധിയില്‍ എത്തുന്നത്. ഇതിനിടയില്‍ ദര്‍ശന സായൂജ്യം പകര്‍ന്നു കൊണ്ട് കലാ-കായിക പ്രകടനങ്ങള്‍ ആസ്വദിച്ച് വഴി നീളെ അനേകമനേകം ആളുകള്‍ തിങ്ങി നിറയുന്നത് മറ്റൊരു കാഴ്ചയാണ്. എല്ലാ വിഭാഗം ജനങ്ങളും പാലക്കുന്ന് കാഴ്ചയ്ക്ക് സ്വീകരണങ്ങളും കുടിവെള്ളവും നല്‍കി തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുന്നു.

കാഴ്ച്ചകള്‍ ഓരോന്നായി ക്ഷേത്രത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ക്ഷേത്രവും പരിസര പ്രദേശവും സ്വര്‍ണ്ണ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നത് വശ്യ മനോഹരമായ ഒരനുഭൂതിയാണ്. ഉത്സവ നാളുകളില്‍ കച്ചവട സ്ഥാപനങ്ങളും മറ്റും ദീപാലങ്കാരങ്ങള്‍ കൊണ്ട് മറ്റൊരു കാഴ്ചയൊരുക്കുന്നു.

കാഴ്ച്ചകള്‍ ക്ഷേത്ര തിരുമുറ്റത്ത് എത്തുന്നതോടെ ‘ആയിരം കാതം നടന്നും’ ആയിരത്തിരി ദര്‍ശിക്കാനെത്തിയ ആയിരങ്ങള്‍ നിറഭക്തിയോടെ കാഴ്ചയെ സ്വീകരിക്കുന്നു. വൈകുന്നേരത്തോടെ തങ്ങളുടെ ഇരിപ്പിടം ഒരുക്കിവെച്ച് കുഞ്ഞുങ്ങളെ മടിയിലുറക്കി അമ്മയുടെ മുന്‍പില്‍ മണിക്കൂറുകളോളം ഉല്‍ത്സവക്കാഴ്ച്ചകളും ആയിരത്തിരിയും കൊടിയിറക്കവും കണ്ട് തൊഴുതു പോകുന്ന ആ പഴയ രീതി സ്ത്രീകള്‍ ഇന്നും തുടരുന്നു.
ആദ്യകാലങ്ങളില്‍ ശുദ്ധിയോടെ വാഴക്കുല പഴുപ്പിച്ച് പൂക്കളാലും മറ്റും അലങ്കരിച്ച് അത് മാത്രമായിരുന്നു ദേവിക കാഴ്ച സമര്‍പ്പണം നടത്തിയിരുത്. ഇന്നിപ്പോള്‍ വിവിധ കാഴ്ച്ച കമ്മറ്റികള്‍ തങ്ങള്‍ക്കാവും വിധം സാമ്പത്തികം സ്വരൂപിച്ച് ക്ഷേത്രത്തിന്റെ അഭിവൃത്തിക്ക് വേണ്ടി വളരെ വിലപിടിപ്പുള്ള വസ്തുക്കളും ഭാരിച്ച സാമ്പത്തിക ചെലവുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും നടത്തി ദേവിക്ക് സമര്‍പ്പിക്കുന്നു.

പഴയ കാലത്ത് ഇന്നത്തെപ്പോലെ തന്നെ വളരെ ഭക്തിയോടും ഉല്‍ത്സാഹത്തോടെയുമാണ് എല്ലാവരും കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നത് ബേഡ്ജും ധരിച്ച് ട്യൂബ് ലൈറ്റ് പിടിക്കാന്‍ ചെറുപ്പക്കാര്‍ എന്നും മത്സരമായിരുന്നു. ഒരാള്‍ക്ക് തലയില്‍ എടുക്കാന്‍ പറ്റുന്ന ചെറിയ മനോഹരമായ മണ്ഡപമായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോള്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് നാലാളുകള്‍ മാറി മാറി ചുമലില്‍ താങ്ങുന്ന വലിയ മണ്ഡപം ഒരുക്കുന്നു . തീപ്പന്തം കൊണ്ടുള്ള കലാപ്രകടനങ്ങളും താലീം പ്രദര്‍ശനവും ക്രമേണ കുറഞ്ഞു വരികയും പുതുമയുള്ള ഒട്ടനവധി കലാപരിപാടികള്‍ ആസ്വദിക്കാനും കഴിയുന്നു. പുരുഷ വനിതാ ശിങ്കാരി മേളത്തിന്റെ വരവോടെ കാഴ്ചയിലെ താളമേളങ്ങള്‍ക്ക് നടന ഭംഗി കൈവരുന്നു.

ഉത്സവ നാളുകളില്‍ ഉത്സവ ചന്തകളുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ.് ഉത്സവത്തിന് കൂടുതല്‍ നിറം പകരാന്‍ ചന്തകള്‍ക്ക് കഴിയുന്നു എത് മറ്റൊരു പ്രത്യേകതയാണ്. ഉത്സവം കഴിഞ്ഞാലും ദിവസങ്ങളോളം കുപ്പിവളകളും മുത്തുമാലകളും ,സോപ്പ് , ചീപ്പ്, കണ്ണാടിയും പീപ്പിയും തത്തയും വിമാനങ്ങളും തുടങ്ങി അടുക്കള പാത്രങ്ങള്‍ വരെ നല്ല രീതിയില്‍ വില്പ്പന നടക്കുന്നു. ചെറിയ കളി തോക്കുകളും കളിപ്പാട്ടങ്ങളും ക്രമേണ മാറി വളരെ മനോഹരമായ വിലപിടിപ്പുള്ള കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന കളിക്കോപ്പുകള്‍ ഇന്ന് ധാരാളമായി എത്തുന്നു. കുഞ്ഞു നാളില്‍ ധാരാളമായി കഴിച്ചിരുന്ന ആറാട്ട്്് മിഠായികള്‍ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും വിവിധ നിറത്തിലുള്ള ഹല്‍വയും ജിലേബിയും ലഡുവും ന്യൂജന്‍ പലഹാരവുമായി ഏറെ വില്‍പ്പന നടക്കുന്നു. വാട്‌സാപ്പിലും, ഫേസ്ബുക്കിലും ധാരാളം സംവദിക്കുന്നവരും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓര്‍മ്മപുതുക്കല്‍ പോലെ ആറാട്ട്്് മിഠായി ദൂരെ ബന്ധുവീടുകളില്‍ ഇന്നും എത്തിക്കുന്നു.

മുന്‍കാലങ്ങളില്‍ ക്ഷേത്ര ഭരണ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച് റെയില്‍വേ ഒരു ദിവസം വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കുമെങ്കില്‍ ഇപ്രാവശ്യം ഒന്നില്‍ കൂടുതല്‍ ദിവസം ഒന്നില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത് വളരെ ദൂരെ ദിക്കില്‍ നിന്നും വളെരെയധികം ആളുകള്‍ പാലിക്കുന്ന്്് ഉത്സവത്തിന് എത്തുന്നു എന്നതിനാലാണ്.

മേശ, കസേര, മുത്തുക്കുടകള്‍, അടുക്കളപത്രങ്ങള്‍, പന്തല്‍ ,അലങ്കാരമണ്ഡപം ,ഭണ്ഡാരവീട് പ്രവേശന കവാടം, മേലാപ്പ്, ക്ഷേത്ര ചുറ്റുമതില്‍, നിലം ഗ്രനേറ്റ് പതിക്കല്‍, ആഭരണങ്ങള്‍, ലൈബ്രറിയിലേക്കുള്ള ഗ്രന്ഥശേഖരം, തുടങ്ങിയവ മുന്‍ കാലങ്ങളില്‍ കാഴ്ച സമര്‍പ്പണമായി ക്ഷേത്രത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭണ്ഡാര വീട്ടിലേയ്ക്ക് അടുക്കള സമര്‍പ്പണം, ഈ വര്‍്ഷം സോളാര്‍ സമര്‍പ്പണം, നിര്‍ധന കുടുംബത്തിന് വീടുവെച്ചു നല്‍കുകയാണ് കാഴ്ചകമ്മിറ്റികള്‍.

കാലം മാറി വന്നതോടെ ഇനിയും നൂതന രീതിയിലുള്ള ക്ഷേത്രത്തിനു മുതല്‍ കൂട്ടാവുന്ന അനേകം കാര്യങ്ങള്‍ ഭക്തര്‍ ഇനിയും സമര്‍പ്പിക്കുക തന്നെ ചെയ്യും.

നിരവധി സമര്‍പ്പണങ്ങളില്‍ ഇനിയും പങ്കാളികളായി സ്‌നേഹ സാന്ത്വനത്തിന്റെ അമ്മയ്ക്ക് മുമ്പില്‍ നമുക്ക് ഒരിക്കല്‍ കൂടി ആയിരത്തിരി തെളിയിക്കാം.

പി പി മോഹനന്‍ മാങ്ങാട്

Leave a Reply

Your email address will not be published.