പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

“സംഘടിച്ചു ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പരിധിയിലെ വിദ്യഭ്യാസ തല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് 1968 മെയ് 31ന് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി രൂപം കൊള്ളുന്നത്. പരേതനായ ജി. എച്ച് ഗോപാലന്‍ മാസ്റ്ററും അഡ്വ.ടി ഭരതനുമാണ് സമിതിയുടെ സ്ഥാപക പ്രസിഡന്റും ജനറല്‍ സെക്രെട്ടറിയും. സ്ഥാപക കമ്മിറ്റിയുടെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ കെ.വി കരുണാകരന്‍ മാസ്റ്ററാണ് ജീവിച്ചിരിക്കുന്ന ഏക സ്ഥാപക അംഗം. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സമിതിയുടെ പ്രവര്‍ത്തന മേഖലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് സമിതി നേതൃത്വം നല്‍കിയത്. എസ്.എസ്.എല്‍.സിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ടുമൂലം കോളേജ് വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി മാറി.

സമിതിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ഹൈസ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്ക് ജാതി മത പരിഗണന ഇല്ലാതെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കിയതും മറ്റൊരു പ്രധാന പ്രവര്‍ത്തനമായിരുന്നു.

സുമനസ്‌കരായ സമിതി അംഗങ്ങള്‍ സംഭാവനയായി നല്‍കിയ തെങ്ങില്‍ നിന്നും തേങ്ങ സംഭരിക്കുകയും സിനിമ പ്രദര്‍ശനം, നാടകം , ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവ നടത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. പില്‍ക്കാലത്താണ് സമിതി സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന ആശയത്തിലേക്ക് വരുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്

1979ല്‍ ആരംഭിച്ച നഴ്‌സറി സ്‌കൂള്‍ നിലവില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് 1982ല്‍ ആരംഭിച്ച അംബിക ആര്‍ട്‌സ് കോളേജില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനം നടത്തി വരുന്നുണ്ട്. 1971ല്‍ ആരംഭിച്ച അംബിക ലൈബ്രറി പതിനായിരത്തോളം പുസ്തകളുമായി അക്ഷരസ്‌നേഹികളുടെ അഭയസ്ഥാനമായി നിലകൊള്ളുകയാണ്. ക്ഷേത്ര ഭരണി മഹോത്സാവത്തിനു തിരുമുല്‍കാഴ്ചയിലെ കാഴ്ചവസ്തുവായി ലൈബ്രറിയിലേക്ക് വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സമര്‍പ്പിച്ചത് മഹത്തര സംഭവമായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്.

അംബിക കലാകേന്ദ്രത്തില്‍ വിവിധ കലാരൂപങ്ങളായ നൃത്തം,ചിത്രകല,ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം എന്നീ വിഭവങ്ങളിലായി മുന്നൂറോളം പേര്‍ക്ക് ശിക്ഷണം നല്‍കുന്നു അംബിക നഴ്‌സറി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കമ്പ്യൂട്ടര്‍ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കണ്‍സെഷനും മറ്റു രീതിയിലുള്ള സഹായവും സമിതി നല്‍കുന്നു.

സമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷം 2018 ഏപ്രില്‍ മുതല്‍ 2019 ഏപ്രില്‍ വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുവാന്‍ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക
ഉതകുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസ സമിതി.

പി.വി.രാജേന്ദ്രന്‍

 

Leave a Reply

Your email address will not be published.