സുറുങ്കിപ്പുവും ആറാട്ടും പിന്നെ ഭരണി ഉത്സവവും

സുറുങ്കിപ്പുവും ആറാട്ടും പിന്നെ ഭരണി ഉത്സവവും

വേനലിന്റെ ചൂടില്‍ ബേക്കല്‍ കടലോരത്തെ മണല്‍ ചുട്ടുപൊള്ളുകയാണ്. അറബിക്കടലിലെ തിരമാലകള്‍ കടലോരത്തെ പലവട്ടം തഴുകി തെന്നിമാറുന്നു. അങ്ങ് ആകാശവും കടലും ഒന്നായി ഒരു നേര്‍രേഖയായി കരയില്‍ നിന്ന് കുറച്ചകലെ തിരമാലക്കൂട്ടങ്ങള്‍ കറുത്ത കരിങ്കല്‍ക്കൂട്ടങ്ങളില്‍ തച്ചുതിമിര്‍ക്കുന്നു.

കടലോരത്തിനിപ്പുറം കാഞ്ഞങ്ങാട്- കാസര്‍ഗോഡ് ഹൈവേ റോഡിന് കിഴക്കുവശം തൃക്കണ്ണാട് ശിവക്ഷേത്രം. പടിഞ്ഞാര്‍ ഭാഗത്തെ ക്ഷേത്രത്തിന്റെ പ്രധാന കവാടം. ഉത്തരകേരളത്തിലെ കാശി എന്നു പറയുന്ന പടിഞ്ഞാറു ഭാഗത്ത് പ്രധാനവാതിലുള്ള അപൂര്‍വക്ഷേത്രങ്ങളിലൊന്ന്.

റോഡിലൂടെ തലങ്ങും വിലങ്ങുമായി പോകുന്ന വാഹനങ്ങള്‍, കടല്‍തീരത്തെ മുക്കുവകുടിലുകള്‍, ഉണക്കമീനിന്റെ ഗന്ധം, വഞ്ചികള്‍, നിരനിരയായി വലകളുടെ കണ്ണികള്‍ തുന്നി നേരെയാക്കുന്ന മുക്കുവന്മാര്‍. ആറാട്ട് ഈ നാടിന്റെ ഉല്‍സവമാണ്. ജാതിയും മതവും വിഭാഗവുമൊന്നുമില്ല.

ആറാട്ട് മിഠായിയും സുറുങ്കിപ്പൂവും കുട്ടികളുടെ കൈയില്‍ ബലൂണുകളും. ആറാട്ട് മിഠായി വാങ്ങാത്ത ഒരു കുടുംബവും ഈ കരകളില്ല. സുറുങ്കിപൂ വാങ്ങി കേശത്തില്‍ തിരുകാന്‍ വെമ്പല്‍ കൊള്ളാത്ത ഒരു വനിതയുമുണ്ടാകില്ല. ആറാട്ടുല്‍സവും ഇവിടത്തെ ഓരോ വീട്ടിലേയും ഉല്‍സവമാണ്. ആറാട്ട് ‘വരോതി’ എന്ന സമ്പ്രദായം തന്നെ വര്‍ഷങ്ങളായി ആഘോഷിക്കുന്നതാണ്. വിവാഹം ഉറപ്പിച്ചാല്‍ ആറാട്ട് മിഠായിയും ഹലുവയും തണ്ണീര്‍ മത്തനും ഒക്കെ പണ്ടുകാലം മുതല്‍ക്കു തന്നെ വധൂഗൃഹങ്ങളില്‍ എത്തിക്കുന്ന സമ്പ്രദായവും ഹിന്ദു-മുസ്ലിം വീടുകളില്‍ സുപ്രധാനമാണ്. സുറുങ്കിപൂവിന്റെ നറുമണത്തില്‍ ഹൃദയാന്തരത്തെ കോരിത്തരിപ്പിക്കുന്നു.

ആറാട്ട് കൊടിയിറങ്ങിയാല്‍ വടക്കുഭാഗത്തെ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉല്‍സവം. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ഉത്തരകേരളത്തിലെ അതിപ്രധാനമായ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉല്‍സവം ആഘോഷങ്ങളുടെ ആഘോഷമാണ്. വടക്കും കിഴക്കും തെക്കും ഭാഗത്തു നിന്നുള്ള കാഴ്ചകള്‍, കാഴ്ചകളുടെ കൂടെ പങ്കെടുക്കുന്ന ആയിരങ്ങള്‍ ഉല്‍സവത്തിന്റെ നിറച്ചാര്‍ത്ത് നേരാന്‍ കാലേക്കൂട്ടി എത്തുന്ന പതിനായിരങ്ങള്‍.
കരിമരുന്നിന്റെ ആകാശവിസ്മയം, നക്ഷത്ര ബിന്ദുക്കളെ തലോടി വിവിധ വര്‍ണങ്ങള്‍ പൂത്തുലയ്ക്കുന്ന വെടിക്കെട്ട് ഭരണി ഉല്‍സവത്തിന്റെ ചൈതന്യം. ദേവീകൃപയാല്‍ അനുഭൂതി നുകരുന്ന ഭക്തജനം.

ഐശ്വര്യത്തിന്റേയും സ്‌നേഹവാല്‍സല്യത്തിന്റേയും അകത്താഴ്‌വയില്‍ ദേവീസ്‌ത്രോത്രങ്ങള്‍ ഉരുവിടുന്ന ഭക്തര്‍- ഇവിടെ പ്രാര്‍ത്ഥനകളുടെ ഏകീകരണം മാത്രം-സത്യ-ധര്‍മ്മത്തിനായും തെറ്റുകുറ്റങ്ങളുടെ മോക്ഷത്തിനായും പ്രാര്‍ത്ഥനാഭരതിരായവര്‍.

ഇവിടെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംഗമത്തിന്റെ പറുദീസയാണ്. ദൈവത്തിനെന്തു വേണം. മിന്നും പൊന്നും മറ്റു ഭക്തമനസുകളുടെ ഹൃദയാന്തരത്തിന്റെ പ്രാര്‍ത്ഥനകളും. വായുവും ജലവും പ്രകാശവും പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് ഒരു പോലെ അനുഭവിച്ച് സത്യവാന്മാരായി വാഴാന്‍ ദൈവം നല്‍കുന്നത് എല്ലാവര്‍ക്കും ഒരു പോലെയാണല്ലോ.

മധുരിക്കുവാന്‍ മിഠായിയും വാസനിക്കാന്‍ സുറുങ്കിപ്പൂവും കണ്ണിനും കാതിനും കുളിരേകാന്‍ വെടിക്കെട്ടും ഒത്തൊരുമിക്കാന്‍ ഒരു ഇടത്താവളവും, പിന്നെ ദേവീകൃപയാല്‍ മനശാന്തിയും- വേറെന്തുവേണം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സുറുങ്കിപ്പൂവിന് ക്ഷാമം. എങ്കിലും മല്ലികപ്പൂവും ചൂടി മന്ദംമന്ദം നടന്നകലുന്ന സ്ത്രീകള്‍. ദേവീകടാക്ഷം സ്വീകരിച്ച് സായൂജ്യമടയുന്ന ഭക്തജനങ്ങള്‍. വെടിക്കെട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദം, ഒരിക്കലും മറയാതെ മനസില്‍ അലിയുന്നു.

ഷാഹുല്‍ ഹമീദ് കലനാട്‌

Leave a Reply

Your email address will not be published.