പൂരക്കളിയും മറുത്തുകളിയും

പൂരക്കളിയും മറുത്തുകളിയും

ഉത്തരകേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സമുദായ ദേവീക്ഷേത്രങ്ങളില്‍ ജീവിക്കുന്ന ഉല്‍കൃഷ്ടമായ ഒരു അനുഷ്ഠാന കലയാണ് പൂരക്കളി. അരോഗദൃഢഗാത്രരായ അമ്പതോളം ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഓരോ സംഘമാണ് ആയാസപൂര്‍ണമായ പൂരക്കളി ക്ഷേത്രങ്ങളുടെ തിരുമുറ്റത്ത് അവതരിപ്പിച്ചു വരുന്നത്.

ചുവട്, താളം തുടങ്ങിയ ചില അംശങ്ങള്‍ കൊണ്ട് പൂരക്കളി മറുനാടന്‍ കലകളില്‍ നിന്ന് വൈവിധ്യമാര്‍ന്നതാണ്. എന്നാല്‍ ഉദ്ധതമായ ചുവടുകളും പല വിധത്തിലുള്ള ലളിതമായ താളക്രമങ്ങളും പൂരക്കളിയുടെ സ്വന്തമാണ്. കളരിമുറയിലുള്ള ചവിട്ടും മറ്റ് അഭ്യാസമുറകളും സമന്വയിപ്പിച്ചു കൊണ്ടുള്ള പൂരക്കളി ഏതൊരു കലാകൗതുകികളേയും ആഹ്ലാദപ്പിക്കുന്നവയത്രേ.

പൂരമാലകള്‍ എന്നു പറയുന്ന 18 ‘നിറങ്ങളാണ്’ പൂരക്കളിയിലെ അനുഷ്ഠാനപ്രധാനങ്ങളായ കളികള്‍. പൂരോല്‍സവം തുടങ്ങിയാല്‍ ക്ഷേത്രാങ്കണങ്ങളില്‍ ഇവ ആവശ്യം കളിക്കേണ്ടവയാണ്. ഈ കളികളില്‍ നല്ല ഈണത്തില്‍ പാടി ചുവടൊപ്പിച്ച് കളിക്കുമ്പോള്‍ കലാബോധമുള്ളവര്‍ക്ക് അതൊരു അനുഭൂതിവിശേഷം തന്നെയാണ്. വെവ്വേറെ രാഗങ്ങളും താളങ്ങളും ചുവടുകളും കൊണ്ട് ഇവയോരോന്നും അതിസുന്ദരങ്ങളത്രേ.

ഐതിഹ്യം (പുരാവൃത്തം); എല്ലാ ജീവജാലങ്ങള്‍ക്കും ജന്മസിദ്ധമെന്ന് കരുതാവുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട വികാരം കാമമാണ്. പ്രാപഞ്ചിക വൈവിധ്യങ്ങള്‍ ആത്യന്തികമായി വിശകലനം ചെയ്യപ്പെടുമ്പോള്‍ എല്ലാ ജീവജാലങ്ങളുടേയും വികാസ പരിണാമങ്ങള്‍ക്ക് അടിസ്ഥാനം കാമമാണെന്ന് ബോധ്യമാവുന്നതാണ്. എല്ലാ ജീവജാലങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രഭവസ്ഥാനങ്ങള്‍ക്കും പ്രതീകങ്ങളും കണ്ടെത്താനുള്ള നമ്മുടെ പൂര്‍വികന്മാരുടെ ധിഷണാ വൈഭവം കാമത്തിന്റെ ഉറവിടത്തെ കണ്ടെത്തിയത് കാമനിലാണ്. മദനന്‍, മന്മഥന്‍, മാരന്‍ തുടങ്ങിയ മനോജ്ഞനാമങ്ങളില്‍ പ്രസിദ്ധനായ ലോകൈസുന്ദരനായ കാമന്‍ ദേവേന്ദ്രന്റെ പ്രേരണ നിമിത്തം പരമേശ്വരന്റെ തപസിന് പ്രതിബന്ധം സൃഷ്ടിച്ചു. മന്മഥന്റെ സാന്നിധ്യത്തില്‍ മനശ്ചാഞ്ചല്യം അനുഭവപ്പെട്ട മഹേശന്‍ കോപിഷ്ഠനായി തൃക്കണ്ണു മിഴിച്ചു. അപ്പോള്‍ അതില്‍ നിന്നും ബഹിര്‍ഗമിച്ച കൊടുംതീയില്‍ കാമന്റെ കമനീയകളേബരം കത്തിക്കരിഞ്ഞു ചാമ്പലായി. പ്രാണപ്രിയന്റെ അപമൃത്യുവില്‍ മനം നൊന്ത രതീദേവി ഭര്‍ത്താവിന്റെ പുനരുജ്ജീവനത്തിന് താണുകേണപേക്ഷിച്ചപ്പോള്‍ സ്ത്രീ സാന്നിധ്യ വിരോധിയായ ശിവന്‍ അപ്രത്യക്ഷനായി അശരീരിയായി അരുളിച്ചെയ്തു. ത്രൈലോകവാസികളും ചൈത്രമാസാദിത്യനായ വിഷ്ണുവിനെ സ്തുതിക്കട്ടെ! അപ്പോള്‍ കാമന്‍ അനംഗനായി തിരിച്ചുവരും. ഇതായിരുന്നു അശരീരി. കാമന്റെ അഭാവത്തില്‍ തകര്‍ന്ന സ്ത്രീ സത്വം പുന; സ്ഥാപിക്കുവാന്‍ വേണ്ടി ദേവന്മാരും അപ്‌സരസുകളും മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചപ്പോള്‍ഉപദേശിച്ച ഉപായം ചാത്രമാസത്തില്‍ കാര്‍ത്തികനാള്‍ തൊട്ട് പൂരം വരെയുള്ള ഒമ്പതു നാളുകളില്‍ വ്രതവതികളായ കന്യകമാര്‍ പുഷ്പങ്ങള്‍ കൊണ്ട് പൂവമ്പന്റെ പ്രതിമയുണ്ടാക്കി പൂജിച്ചാല്‍ തകര്‍ന്നടിഞ്ഞ മദനവികാരം കിളിര്‍ക്കുമെന്നായിരുന്നു. അതിന്‍ പ്രകാരമുള്ള അനുഷ്ഠാനങ്ങളില്‍ നിന്നും അഭീഷ്ടസിദ്ധി കൈവരിച്ചതില്‍ അമിതാഹ്ലാദം പൂണ്ട 18 കന്യകമാര്‍ ഓരോരുത്തരുടെ നേതൃത്വത്തില്‍ സഖീസമേതകളായി 18 നിറങ്ങളില്‍ ആടിപ്പാടി കളിച്ച കളിയത്രേ പൂരക്കളി. കാമന്റെ പുനരുജ്ജീവനത്തിനുള്ള ഉപായം ഉപദേശിച്ചത് മഹാവിഷ്ണുവായതു കൊണ്ടാണ് 18 കന്യകമാരും അവരുടെ ആഹ്ലാദനൃത്തത്തിന്റെ ആദിയില്‍ നാരായണനെ കീര്‍ത്തിച്ചു വന്നിട്ടുള്ളത്.

പൂരക്കളിയിലെ അനുപേക്ഷണീയമായ കളികളാണ് പൂരമാലകള്‍. മറ്റു കളികള്‍ അനുഷംഗികള്‍ മാത്രമാണ്. അവ സമയക്കുറവുകള്‍ മൂലം കളിക്കാതിരിക്കുകയും ചെയ്യാം. പൂരമാലകള്‍ സംഗീതശാസ്ത്രത്തിലെ രാഗം, താളം മുതലായ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയത്രേ. മൂന്നു ശ്രുതികളിലായിട്ടാണ് 18 പൂരമാലകള്‍ നിബന്ധിച്ചിട്ടുള്ളത്. സമ്പൂര്‍ണം, അപുടം, ഷഡവം ഇവയത്രേ ആ ശ്രുതികള്‍. ഇവയില്‍ സമ്പൂര്‍ണശ്രുതിയില്‍ പൂവാളി, പൂര്‍ണാഹരി, ക്ഷേത്രാഹരി, വനാഹരി, കനകാഹരി, മദ്ധ്യാഹരി, ആഹരി ഇങ്ങനെ ഏഴു രാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ രാഗങ്ങളനുസരിച്ച് ഏഴു കളികള്‍ നാരായണനാമം പാടി ദേവസുന്ദരികളായ രംഭ തുടങ്ങിയവര്‍ കളിച്ചുവത്രേ. അപുടശ്രുതിയിലാകട്ടെ ശങ്കരവര്‍ണിനി, സൈന്ധവി, ഭൂതാനന്ദീ, ഭൂതകര്‍ഷി, ഭൂതാലീലി ഇങ്ങനെ അഞ്ചു രാഗങ്ങളാണ്. ഇവ മനുഷ്യ കന്യകകളായ അഹല്യ തുടങ്ങിയവര്‍ അഞ്ചു കളികളില്‍ അവതരിപ്പിച്ചുവത്രേ.

ഷഡവശ്രുതിയിലാകട്ടെ മഞ്ജരി, മലഹരീ, മാര്‍ഗി, ശാലിനി, ശാരിരവി, മാളവി ഇങ്ങനെ ആറു രാഗങ്ങളാണുള്ളത്. ഇവ മഹാലക്ഷ്മി തുടങ്ങിയ ദേവിമാര്‍ ആറു കളികളില്‍ അവതരിപ്പിച്ചുവെന്നാണ് സങ്കല്പിക്കുന്നത്. ഈ രാഗങ്ങളനുസരിച്ചാണത്രേ 18 പൂരമാലകളുടെ സങ്കല്പമുണ്ടായത്, ഇവ ഓരോന്നിലുമുള്ള പാട്ടുകളുടെ അക്ഷരക്രമമനുസരിച്ച് ഏഴു ‘പ്രാസങ്ങള്‍’ പറയപ്പെട്ടിരിക്കുന്നു. എട്ടക്ഷരമുള്ള ഒന്നാമത്തെ കളി അഷ്ടുപ്പ് പ്രാസത്തിലാണ്. പത്തക്ഷരമുള്ള കളി അഗ്നിപ്രാസമത്രേ. ഇങ്ങനെ തന്നെ തിഥി (15), ഇന്ദു (16), പുരാണം (18), മനു (14), സൂര്‍ച്ചന്‍ (12) ഇവയും, മറ്റു കളിക്കുള്ള പ്രാസങ്ങളാണ്.

പൂരമാല കളികള്‍ക്ക് അവയുടെ സ്വഭാവമനുസരിച്ച് അഞ്ച് നടനക്രമം പറയപ്പെട്ടിട്ടുണ്ട്. വിളക്കിന്റെ നേരെ ആഞ്ഞു കളിക്കുന്ന ഒന്ന്, എട്ട്, 13 എന്നീ നിറങ്ങള്‍ക്ക് ‘നേരംഗം’ എന്നാണ് പറയുന്നത്. ഒന്‍പതാമത്തെ കളി ആദി നേരംഗമത്രേ. ഇതു വിളക്കിനു നേരെ ഇടതുകാല്‍ ഉയര്‍ത്തിയും താഴ്ത്തിയും കളിക്കുന്നു.

അതുപോലെ ആറ്, 12, 15, 18 എന്ന നിറങ്ങള്‍ ‘നാലടിവട്ടം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏഴ്, 11, 14 എന്നീ കളികള്‍ ഇരികാല്‍നടനം എന്ന കളിയത്രേ.

ചതുരസ്രം, ത്രിസം,മിശ്രം, ഖണ്ഡം, സംക്രം എന്നീ അഞ്ചു താളങ്ങള്‍ പൂരക്കളിക്ക് പറയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പൂരക്കളിക്ക് ശാസ്ത്രീയമായി ശിക്ഷണമില്ലാത്തതു കൊണ്ട് മേല്‍പ്പറഞ്ഞ രാഗങ്ങളുടെ പൂര്‍ണത പാട്ടുകളില്‍ അനുഭവപ്പെട്ടു എന്നു വരില്ല. ഈ പൂരമാലക്കളികള്‍ പൂരോല്‍സവത്തില്‍ എല്ലാ ക്ഷേത്രത്തിലും കളിക്കേണ്ടവയാണ്. ഇവയില്‍ പതിനെട്ടാമത്തെ നിറത്തിന് ‘ഗണപതി പൂരമാല’ എന്ന പേരാണ് പറഞ്ഞു വരുന്നത്.
ഈ നിറങ്ങള്‍ കളിച്ചതിനു ശേഷം ഇവയുടെ അനുബന്ധമായി വന്‍കളികള്‍ അവതരിപ്പിക്കുന്നു. ‘ഗണപതിപ്പാട്ട്’ എന്ന കളിയാണ് തുടര്‍ന്ന് കളിക്കേണ്ടത്. ഗണപതി, സരസ്വതി, ശ്രീകൃഷ്ണന്‍ എന്നിവരെ സ്തുതിച്ചുകൊണ്ട് മൂന്നു ഖണ്ഡങ്ങളിലായി അവതരിപ്പിക്കുന്ന വളരെ വലുതല്ലാത്ത ഈ കളി ലളിതമായ പദവിന്യാസങ്ങളും അനുദ്ധതമായ താളക്രമവും ചേര്‍ന്നുള്ള മനോഹരമായ ഒരു കളിയാണ്.

ഇതിനു ശേഷം രാമായണത്തിലെ ഇതിവൃത്തത്തെ ആധാരമാക്കി കാകളി വൃത്തത്തിലെ ഈരടികളില്‍ പാടുന്ന ഇരട്ടരാമായണം എന്ന കളിയാണ് അവതരിപ്പിക്കുക. പിന്നീട് രാമായണം, പട, ചായല്‍, കാമന്‍പാട്ട്, അങ്കം എന്നീ ചെറുകളികള്‍ ചില ക്ഷേത്രങ്ങളില്‍ കളിക്കാറുണ്ട്.

പൂരക്കളിയില്‍ കളിക്കാരുടെ വേഷവിധാനം ഇതിന്റെ മനോഹാരിതയ്ക്ക് സുപ്രധാനമായ ഒരു ഘടകമാണ്. എല്ലാ കലകളും അതാതിനു നിശ്ചയിച്ച വേഷവിധാനം ഒഴിച്ചുകൂടാത്തതാണല്ലോ. പൂരക്കളിയിലെ കളിക്കാര്‍ ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുത്ത് അതിന്മേല്‍ കറുത്ത ‘ഉറുമാല്‍’ കെട്ടി കളരിമുറയില്‍ കെട്ടിയുടുത്ത് അരങ്ങില്‍ ദീപസ്തംഭത്തിനു ചുറ്റും നിരന്നു നിന്നാല്‍ തന്നെ അത് കൗതുകമുള്ള കാഴ്ചയാണ്. തീയ്യസമുദായം ഒഴികെ മറ്റു സമുദായക്കാര്‍ കറുത്ത ഉറുമാലിനു പകരം ചുവന്ന ഉറുമാലാണ് കെട്ടാറ്. ചോപ്പും ചുറയും കെട്ടി ഉടുക്കാതേയും പൂരക്കളി അവതരിപ്പിക്കുന്നുണ്ട്. അപ്പോള്‍ അതിന്റെ ആകര്‍ഷകമായ രൂപഭംഗി കുറഞ്ഞു പോകുന്നുണ്ടെന്ന് അനുസ്മരിപ്പിക്കുകയാണ്.

പൂരക്കളിക്കാവശ്യമായ ശിക്ഷണം ഇന്ന് ഇന്ന് അധികമൊന്നും പ്രാധാന്യം കൊടുത്തു കാണുന്നില്ല. അതുകൊണ്ടു തന്നെ ഇതിന്റെ കലാപരമായ മേന്മ കുറഞ്ഞു വരികയാണെന്ന ദുഖസത്യം തുറന്നു പറയാതിരിക്കാന്‍ വയ്യ. അനതിവിദൂരമായ ഭാവിയില്‍ ഈ കല തന്നെ നാമാവശേഷമാകുമെന്നതില്‍ പക്ഷാന്തരമില്ല.

മറ്റു കലകളെ അപേക്ഷിച്ച് പൂരക്കളിക്ക് ഒരു പ്രത്യേകതയുണ്ട്. നാലഞ്ച് സമുദായക്കാര്‍ ഇന്ന് പൂരക്കളി ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും തീയ്യസമുദായം മാത്രമാണ് പൂരക്കളി മറുത്തുകളിയാക്കി പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു വരുന്നത്. രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലോ ഒരു ക്ഷേത്രത്തില്‍ തന്നെ രണ്ടു ഭാഗങ്ങളോ മുന്നൂ ഭാഗങ്ങളോ ആയാണ് മറുത്തുകളി സംഘടിപ്പിക്കുന്നത്.

പണ്ഡിതന്മാരായ പണിക്കന്മാരെ ക്ഷണിച്ചുകൊണ്ടു വന്ന് പൂരക്കളിയുടെ അനുബന്ധമായി ശാസ്ത്രചര്‍ച്ച നടത്തുകയാണ് മറുത്തുകളിയുടെ സ്വഭാവം. കളിസംഘം മറുത്തുകളിക്കാന്‍ ക്ഷേത്രത്തില്‍ ചെന്നയുടനെ പണിക്കന്മാര്‍ താംബൂലം കൈമാറുന്ന ഒരു ഉപചാരമാണ് ആദ്യമായി നടക്കുന്നത് വാദപ്രതിവാദത്തിന്റെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന ഒന്നാമത്തെ സന്ദര്‍ഭമാണിത്.

രാശിയില്‍ കടക്കല്‍, ദീപവന്ദനം എന്നിവയും മറുത്തുകളിയുടെ ഭാഗമാണ്. ഇന്ന് പൂരക്കളിയില്‍ ശാസ്ത്രചര്‍ച്ചയ്ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് ഇതിലെ കലാവിഭാഗം ക്ഷീണിച്ചു വരികയാണ്. ഇതില്‍ കലയുടേയും ശാസ്ത്രത്തിന്റേയും സമഞ്ജസമായ സമ്മേളനം പരിരക്ഷിച്ചേ പറ്റൂ. മംഗളാചരണം തുടങ്ങി പൂരക്കളിയില്‍ മുമ്പ് നിരവധി വിഷയങ്ങളുണ്ടായിരുന്നു. അവയൊന്നും ഇപ്പോള്‍ പാടുന്നില്ല.

പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്രത്തില്‍ ഈ വര്‍ഷം മറുത്തുകളിയില്‍ പണ്ഡിതശ്രേഷ്ഠനായ മാതമംഗലം താറ്റ്യേരിയിലെ ശ്രീ പി കുമാരന്‍ പണിക്കര്‍ പെരുമുടിത്തറയിലും നീലേശ്വരം ചാത്തമത്ത് ശ്രീ എം വി കുഞ്ഞിരാമന്‍ പണിക്കര്‍ മേല്‍ത്തറയിലും കരിവെള്ളൂര്‍ ആണൂരിലെ കെ വി കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ കീഴ്ത്തറയിലുംമറുത്തുകളി കളിക്കുന്നതിനായി മാര്‍ച്ച് മാസം നാലാം തീയതി കുറിയിട്ട് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. മാര്‍ച്ച് 19ന് മേല്‍ത്തറയിലും 21ന് കീഴ്ത്തറയിലും മറത്തുകളി നടക്കുകയാണ്. ക്ഷേത്രത്തില്‍ മാര്‍ച്ച് 27നും 28നുമാണ് മറുത്തുകളി നടക്കുക.
അന്യം നിന്നു പോകുന്ന ഈ അനുഷ്ഠാനകലയെ പ്രോല്‍സാഹിപ്പിക്കുവാന്‍ എല്ലാവര്‍ക്കും തോന്നുമാറാകട്ടെയെന്ന് ജഗദംബയോടു പ്രാര്‍ത്ഥിക്കുന്നു.

ഉദയമംഗലം സുകുമാരന്‍

Leave a Reply

Your email address will not be published.