ഔദ്യോഗിക തലത്തിലും തലയെടുപ്പോടെ പാലക്കുന്ന്

ഔദ്യോഗിക തലത്തിലും തലയെടുപ്പോടെ പാലക്കുന്ന്

മനുഷ്യന്റെ ജീവിതാവസ്ഥകളിലൂടെ ജന്മം കൊള്ളുന്ന വൈവിധ്യങ്ങളിലൂടെയാണ് പലരും പലവഴിക്ക് അന്നം തേടി പോകുന്നത്. പലര്‍ക്കുമത് ജന്മനാട്ടില്‍ തന്നെയാണെങ്കിലും ചിലര്‍ക്കത് ജന്മം നല്‍കിയ നാടിനു വെളിയിലുമാവാം. ജനിച്ച നാട് വിട്ട് രാജ്യത്തിനു അകത്തും രാജ്യത്തിന് പുറത്തും ജോലി ചെയ്യാന്‍ വിധിയ്ക്കപ്പെട്ടവര്‍ നമ്മുടെ ക്ഷേത്രപരിധിയിലേറെയുണ്ട്. ഈ നാടിന്റ ധനക്കൂറിന്റെ മുഖ്യ പ്രഭവകേന്ദ്രവും ഇവരായിരിക്കാം. ഏത് വിഭാഗത്തില്‍ പെട്ടാലും ജന്മംകൊണ്ടു ഇവരെല്ലാം പാലക്കുന്നുകാര്‍ തന്നെ. അതിലവര്‍ അഭിമാനം കൊള്ളുന്നുമുണ്ട്. ഇവരുടെയെല്ലാം ബാല്യകാലവും തുടര്‍ന്നുള്ള വിദ്യാഭ്യാസവും ഇവിടുത്തെ സംസ്‌കാര പാരമ്പര്യത്തിലൂടെ തന്നെയായിരുന്നു പൂര്‍ത്തിയായത്. ഉപജീവനത്തിന്റെ ഭാഗമായി ആവാസ വ്യവസ്ഥ മറ്റൊരിടത്തേക്ക് പറിച്ചുനട്ടതുകൊണ്ടു ജീവിതത്തിന്റെ നല്ലൊരു ഭാഗം മറുനാട്ടില്‍ കഴിയേണ്ടിവരുമ്പോള്‍ സ്വാഭാവികമായും അനുഭവിക്കുന്ന അന്യതയില്‍ വീണ്ടും നാട്ടിലെത്തിയാല്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന ഒറ്റപെടലുമായി പൊരുത്തപ്പെട്ടു പോകാന്‍ ഇവര്‍ക്ക് തുടക്കത്തില്‍ ഏറെ ദുഷ്‌കരമായി തോന്നും. പരിചിതമുഖങ്ങളില്‍ പോലും അപരിചിതഭാവം പലപ്പോഴും അനുഭവപ്പെട്ടു പോകുന്നതും സ്വഭാവികം മാത്രം.

ആമുഖമായി ഇത്രയും പറഞ്ഞെന്നേയുള്ളൂ. ഇനി വിഷയത്തിലേക്കു കടക്കാം. നമ്മുടെ നാട്ടില്‍ സര്‍വവിധ വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ജോലി ചെയ്ത് ശമ്പളം പറ്റുന്ന ഒട്ടനവധി പേരുണ്ട്. വിരമിച്ചശേഷം ക്ഷേത്രത്തിന്റെയും ക്ഷേത്ര ഉപസമിതികളുടെയും തലപ്പത്തിരുന്നു ഭരണം നിര്‍വഹിച്ചവരും നിര്‍വഹിക്കുന്നവരും ഇപ്പോഴുമുണ്ട്. ജോലി സംബന്ധമായി ക്ഷേത്ര പരിധിയില്‍ നിന്ന് അകന്ന് ജീവിക്കുന്ന കുറച്ചു പേരില്‍ ചിലരെക്കുറിച്ച് അറിയാനും ആശയ വിനിമയം നടത്താനും അവസരമുണ്ടാവട്ടെ എന്ന ഉദ്ദേശത്തോടെയാണിത് എഴുതുന്നത്. ഇവിടെ പരാമര്‍ശിക്കുന്ന നാലുപേരും പല കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്.

ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്‍

ജോലിയുടെ വൈവിധ്യ സവിശേഷത കൊണ്ട് സമൂഹ ശ്രദ്ധാകേന്ദ്രവുമാകുന്നതാണ് ഹൈകോര്‍ട്ട് ജഡ്ജിയുടേതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ പരമോന്നത സ്ഥാനത്തിരിക്കാന്‍ പാലക്കുന്ന് കഴക പരിധിയില്‍ പെടുന്ന ഉദുമ പടിഞ്ഞാറിലെ എന്‍. കെ. ബാലകൃഷ്ണന് അവസരം കിട്ടിയതു നാട്ടിലെ സവിശേഷ വാര്‍ത്തയായിരുന്നു അന്ന്. ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂളില്‍ അഞ്ചു വര്‍ഷം പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ് എറണാകുളത്തു ഹൈകോര്‍ട്ട് ജഡ്ജിയുടെ അധികാര കസേരയില്‍ ഇരുന്നു പ്രമാദമായ ഒട്ടനേകം കേസുകള്‍ക്ക് വാദം കേട്ട് വിധി എഴുതിയതെന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാനേറെയുണ്ട്. ഉദുമ ഗവ. ഹൈസ്‌കൂളിലെ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ചില്‍ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടി പാസ്സായ വിദ്യാര്‍ത്ഥി, അന്ന് ടോപ് സ്‌കോറര്‍ എന്ന പദവി നേടി പഞ്ചായത്ത് വക 50രൂപ അവാര്‍ഡ് കിട്ടിയത് ഇന്നും ധന്യതയോടെ അദ്ദേഹം ഓര്‍ക്കുന്നു.

ഉദുമ പടിഞ്ഞാര്‍ കടപ്പുറം വെള്ളുങ്ങന്റെയും വെള്ളച്ചിയുടെയും ഇളയ മകനാണ് ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്‍. ഇനി അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുക: ‘ഒന്‍പതാം വയസ്സില്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയും മൂത്ത സഹോദരന്‍ നാരായണനും കഠിനാധ്വാനം ചെയ്താണ് എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മ മരിച്ചിട്ട് രണ്ടു മാസം തികയുന്നു. പഠനകാലത്തു ഒഴിവു സമയങ്ങളില്‍ പാടത്തു മൂരാനും നെല്‍കറ്റ തലച്ചുമടായി ഉടമസ്ഥന്റെ നെല്‍ക്കളത്തിലെത്തിച്ചു കറ്റ മെതിക്കാനും പോകുമായിരുന്നു. ബാല്യകാലത്ത് ദാരിദ്ര്യവും പട്ടിണിയും ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത് പില്‍ക്കാലത്ത്് പാവപെട്ടവന്റെയും അശരണരുടെയും യാതനകളും വിഷമങ്ങളും എന്താണെന്നു മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. കാസറഗോഡ് ഗവ. കോളേജില്‍ നിന്ന് 1972ല്‍ ബിഎസ്‌സി പാസ്സായി. എസ് എസ് എല്‍ സി സി ക്കു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്ന് തപ്പാല്‍ വകുപ്പില്‍ ജോലി കിട്ടിയെങ്കിലും വക്കീല്‍ പണിയില്‍ തല്പരനായി എറണാകുളം ലോ കോളേജില്‍ എല്‍ എല്‍ ബി ക്കു ചേര്‍ന്നത് ഒരു നിയോഗം പോലെ ഇന്നും ഓര്‍ക്കുന്നു. വാചാലമായി സംസാരിക്കുന്ന ശീലമില്ലാത്തതിനാല്‍ വക്കീലായി ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുമോയെന്നു പലരും അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കോടതിയില്‍ വാചക കസര്‍ത്തോ പ്രസംഗമോ അല്ല, വസ്തുതകളും നിയമ വശവും കൃത്യമായി ധരിപ്പിക്കാനുള്ള കഴിവ് ഉണ്ടായാല്‍ മതിയാകും. 1975ല്‍ എല്‍ എല്‍ ബി ക്കു നല്ല മാര്‍ക്കോടെ പാസ്സായി. താമസ്സിയാതെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി. കെ. ശ്രീധരന്റെ കീഴില്‍ ജൂനിയര്‍ ആയി വക്കീല്‍ പണിക്കു തുടക്കമിട്ടു. അദ്ദേഹത്തില്‍ നിന്ന് കിട്ടിയ പ്രചോദനവും പ്രോല്‍സാഹനവും എന്നെ ഏറെ സഹായിച്ചു.

മുന്‍സിഫ് പരീക്ഷ എഴുതി പാസ്സായത് എന്റെ ജീവിതത്തില്‍ വഴിത്തിരിവായി. 1982 ജൂലൈ 19ന് കാസര്‍കോട്ട് അഡിഷണല്‍ മുന്‍സിഫ് ആയി ആദ്യത്തെ ഔദ്യോഗിക പദവിയില്‍ നിയമനം കിട്ടി. ഒരു മാസത്തിനകം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ആയി ആദ്യത്തെ പ്രൊമോഷന്‍. 1985ല്‍ തലശ്ശേരിയില്‍ മുന്‍സിഫായി. 1987ല്‍ സബ് ജഡ്ജിയായി പ്രൊമോഷന്‍ ലഭിച്ചു. ആറ്റിങ്ങല്‍, സുല്‍ത്താന്‍ ബത്തേരി, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ ആ പദവിയില്‍ ജോലി ചെയ്തു. പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി തലശ്ശേരിയില്‍ വീണ്ടുമെത്തി. രണ്ടര വര്‍ഷത്തിന് ശേഷം പ്രൊമോഷനായി അവിടെ തന്നെ അഡിഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയായി നിയമിതനായി. 1996 മുതല്‍ 99വരെ കോഴിക്കോട് ഫോറെസ്റ്റ് ട്രിബുണല്‍. ആ സമയത്തു നാലായിരത്തോളം ഏക്കര്‍ നിക്ഷിപ്ത വനഭൂമി തിരിച്ചു പിടിച്ച് വനം വകുപ്പിന് കൈമാറാന്‍ കഴിഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാനും സന്തോഷിക്കാനും വക നല്‍കിയ കാര്യം അതായിരുന്നു. തിരൂരില്‍ മാക്റ്റ് ജഡ്ജ് ആയിരിക്കെ തിരുവനന്തപുരത്തു വിജിലന്‍സ് ജഡ്ജ് ആയി സ്ഥലമാറ്റം കിട്ടി. അവിടെ മൂന്ന് വര്‍ഷം ജോലി ചെയ്തു. അഴിമതി കേസില്‍ പെട്ട പല ഉന്നതരെയും ആ അവസരത്തില്‍ ശിക്ഷിക്കാന്‍ സാധിച്ചു. പിന്നീട് മൂന്ന് വര്‍ഷം എറണാകുളത്തു അഡിഷണല്‍ ജില്ല ജഡ്ജ്. ഒന്നര വര്‍ഷത്തിനകം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയി കോഴിക്കോട് നിയമനം. 2008ല്‍ ഹൈകോടതിയില്‍ വിജിലന്‍സില്‍ രജിസ്ട്രാര്‍ ആയി ജോലിയില്‍ തുടരവേ ഹൈകോര്‍ട്ട് ജഡ്ജായി പ്രൊമോഷന്‍ ലഭിച്ചു. 2010 മുതല്‍ ഏതാണ്ട് മൂന്നര വര്‍ഷക്കാലം ഹൈകോര്‍ട്ട് ജഡ്ജായി സേവനം ചെയ്തു. കേരള ജുഡീഷ്യല്‍ അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗോവെര്‍ണ്ണേഴ്സില്‍ ഗവര്‍ണ്ണറായും സേവനം ചെയ്യാന്‍ അവസരം കിട്ടിയിരുന്നു.

2015 ഏപ്രില്‍ 30 മുതല്‍ എറണാകുളം സിഎട്ടിയില്‍ ജുഡീഷ്യല്‍ മെമ്പറും എച്ഛ്.ഒ.ഡിയുമായി 2017 ജൂണ്‍ 7വരെ ജോലി ചെയ്തു’. വക്കീലായിരിക്കെ വിദ്യാഭ്യാസ സമിതിയുടെ സെക്രട്ടറിയും പിന്നീട് പ്രസിഡന്റായും ക്ഷേത്ര ഭരണ സമിതിയിലെ അംഗമായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. ഭാര്യ പുഷ്പലത. മാതൃഭൂമിയില്‍ മുന്‍പ് ജോലി ചെയ്തിരുന്നു. മകന്‍ അനൂജ് എഞ്ചിനീയറിംഗ് ബിരുദധാരി. മകള്‍ ഗായത്രികൃഷ്ണ ഹൈകോട്ടില്‍ അഭിഭാഷികയാണ്.

സത്യസന്ധമായി, അര്‍പ്പണബോധത്തോടെ നീതിനിര്‍വഹണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യത്തോടെ ശിഷ്ട ജീവിതം കുടുംബസമേതം എറണാകുളത്തു തുടരുന്ന, നമ്മുടെയെല്ലാം അഭിമാനമായ ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ഒരു കാര്യം തറപ്പിച്ചു പറഞ്ഞ്, അദ്ദേഹത്തിന്റെ കൂടെ കാസറഗോഡ് കോളേജില്‍ ജൂനിയറായിരുന്ന ഈ ലേഖകനുമായുള്ള മുഖാമുഖം അവസാനിപ്പിച്ചു-‘പാവപെട്ടവനായതുകൊണ്ടു മാത്രം ഒരിക്കലും ഒരാളുടെയും നീതി നിഷേധിക്കാന്‍ ഇടവരരുത്’.

സയന്റിസ്റ്റ് കെ. കെ. നാരായണന്‍

ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച് വിജയിപ്പിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാള്‍ പാലക്കുന്ന് കാരനാണെന്ന് ഇപ്പോള്‍ കേട്ടാല്‍ നിങ്ങളില്‍ ചിലര്‍ക്കത് വിശ്വസിക്കാന്‍ പ്രയാസം കാണും അല്ലേ? അങ്ങിനെയും ഒരാള്‍ നമ്മുടെ ചുറ്റുവട്ടത്തുതന്നെ തന്നെയുണ്ട്. ഭണ്ഡാരവീട്ടില്‍ ‘അടിച്ചുവാറ്റാ’നും സന്ധ്യയ്ക്ക് ദീപം തെളിയിക്കാനും ‘ശംഖുവിളി’ക്കാനും തന്റെ ബാല്യം മുഴുവന്‍ വിനിയോഗിച്ചത്, എന്നും കെടാവിളക്കായി മനസ്സില്‍ അഭിമാനത്തോടൊപ്പം സ്വകാര്യ അഹങ്കാരവുമായി കൊണ്ടുനടക്കുന്ന പാലക്കുന്നുകാരന്‍ കെ.കെ. നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. വല്യച്ഛന്‍ അപ്പുടു പൂജാരിയോടൊപ്പം ഭണ്ഡാരവീട്ടിലായിരുന്നു ഊണും ഉറക്കവും. ഭരണസമിതിയൊന്നും അന്നില്ലായിരുന്നു. എല്ലാം അപ്പുടു പൂജാരിയില്‍ നിക്ഷിപ്തം. പിന്നീടാണ് അദ്ദേഹം ക്ഷേത്രഭരണം മൂന്ന് തറയില്‍പെട്ടവര്‍ക്കായി അധികാര കൈമാറ്റം നല്‍കിയത്.

ജനനം 1943 ജനുവരി 10 ന്. ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെ പഠിച്ചത് ഉദുമ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില്‍. അന്ന് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഇ എസ് എല്‍ സി പരീക്ഷയില്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായപ്പോള്‍ ഏറെ സന്തോഷിച്ചത് എന്റെ വല്യച്ഛനായിരുന്നു. വീട്ടിലും സ്‌കൂളിലും വികൃതായിരുന്ന ഞാന്‍ പഠിക്കാന്‍ മിടുക്കനാണെന്നറിഞ്ഞു ഇഷ്ട്ടം വരെ പഠിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. 9 മുതല്‍ 11വരെ പഠിച്ചത് ബേക്കല്‍ ഗവണ്മെന്റ് ഫിഷറീസ് ഹൈസ്‌കൂളിലായിരുന്നു. 1960ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ സ്‌കൂളില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ഏക വിദ്യാര്‍ത്ഥി ഞാനായിരുന്നു. കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ നിന്ന് പി യു സി പാസ്സായപ്പോള്‍ കണ്ണൂര്‍ എസ് എന്‍ കോളേജില്‍ ബിഎസ്‌സിക്കു ചേര്‍ന്നു. ഭൗതികശാസ്ത്ര വിഷയങ്ങളോടായിരുന്നു കമ്പം. മുംബൈ യൂണിവെഴ്‌സിറ്റി എം.എസ്.സി.ഫിസിക്‌സില്‍ പി.ജിയും നേടി. വല്യച്ഛന്റെ മരണം എന്നെ മാനസികമായി ഏറെ തളര്‍ത്തിയെങ്കിലും ഒന്നാം ക്ലാസ്സോടുകൂടി പി.ജിയും പാസ്സായി. പഠിച്ച സ്‌കൂളില്‍ (ജി എഫ് എച്ച് എസ്, ബേക്കല്‍ ) അധ്യാപകനായി ജോലിയാരംഭിച്ചു. ആറു മാസമേ അധ്യാപക ജോലിയില്‍ ഉണ്ടായുള്ളുവെങ്കിലും ഇന്നും എന്നെ ‘മാഷേ’ എന്ന് വിളിക്കുന്ന മുതിര്‍ന്നവര്‍ പോലും പാലക്കുന്നിലുണ്ട്. 1965 ജൂണില്‍ തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫീസില്‍ ഓഡിറ്റര്‍ ആയി ജോലികിട്ടിയെങ്കിലും ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാതെ അവിടം വിടേണ്ടി വന്നു. കാരണം ആറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റില്‍(1966 മുതല്‍ ഇതു ബി എ ആര്‍ സി എന്നാണ് അറിയപ്പെടുന്നത് ) സയന്റിഫിക് അസ്സിസ്റ്റന്റായി കിട്ടിയ ജോലി എനിക്ക് സ്വപ്‌നതുല്ല്യമായിരുന്നു. 12 മലയാളികളടക്കം 30പേരുടെ ബാച്ചില്‍ ട്രൈനിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നാമനായിരുന്നു. പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. പാലക്കുന്നമ്മയുടെ അനുഗ്രഹത്താല്‍ കിട്ടിയതായിരുന്നു ബി എ ആര്‍ സി യിലെ ജോലി എന്ന് നിസംശയം ഞാന്‍ പറയും. അത്രയേറെ ആ ജോലികിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ഒന്നാംകിട കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശാസ്ത്രീയ മേഖലയിലെ ആ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു.

സയന്റിഫിക് ഓഫീസര്‍ ആയി പ്രൊമോഷന്‍ കിട്ടി. ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ണ്ണായകമായ വിവിധ പ്രോജെക്റ്റുകളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഇന്ദിരാഗാന്ധി പ്രധാനമന്തിയായിരിക്കെ 1974ല്‍ രാജസ്ഥാനിലെ പൊക്കറന്‍ മരുഭൂമിയില്‍ ഇന്ത്യ ആദ്യമായി പരീക്ഷിച്ച ആറ്റംബോംബ് വിസ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യയിലെ 50 ശാസ്ത്രജ്ഞന്മാരില്‍ ഒരാളാവാന്‍ സാധിച്ചതാണ് ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാനുള്ള അപൂര്‍വ സംഭവം. പീസ്ഫുള്‍ ന്യുക്ലിയര്‍ എക്‌സ്‌പ്ലോഷന്‍ (പി എന്‍ എ) എന്നായിരുന്നു നിര്‍ണ്ണായകമായ ആ സാഹസിക ദൗത്യത്തിന്റ പേര്. ‘ബുദ്ധസ്‌മൈലിങ്’ എന്നത് അന്ന് ഇതിന്റെ രഹസ്യകോഡായിരുന്നു. ഇന്ത്യയിലെ എല്ലാ അറ്റോമിക് പ്രൊജെക്ടുകളിലും അതുമായി ബന്ധപ്പെട്ട കമ്മിറ്റികളിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി വിയന്നയില്‍ നടത്തിയ കോഫെറെന്‍സില്‍ രണ്ടു തവണ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായി. മുപ്പതോളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ/അന്തര്‍ദേശീയ കോണ്‍ഫെറന്‍സ്സുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ബി എ ആര്‍ സി യില്‍ 38വര്‍ഷത്തെ സേവനത്തിനു ശേഷം 2003ല്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി സര്‍വിസില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഫാക്കല്‍ട്ടി മെമ്പറായും ഡിപ്പാര്‍ട്‌മെന്റിന്റെ സാമൂഹ്യ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും സെമിനാറുകള്‍ നടത്തിയതിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. കുടുംബസമേതം മുംബൈയിലാണ് സ്ഥിരതാമസമെങ്കിലും പാലക്കുന്നിലെ ടെംപിള്‍ റോഡിലെ വീട്ടില്‍ ഉത്സവനാളുകളില്‍ എത്തുക പതിവാണ്. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീടുമായിട്ടായിരുന്നു ബാല്യകാല ബന്ധം. അവിടെ അടിച്ചുവാരാനും ദീപം തെളിയിക്കാനും ശംഖു വിളിക്കാനും വല്യച്ചന് ഞാന്‍ തന്നെ വേണമെന്ന് ഏറെ നിര്‍ബന്ധമായിരുന്നു. 10 വയസ്സു മുതല്‍ എസ്എസ്എല്‍സി വരെ ഭണ്ഡാര വീട്ടില്‍ ഈ കര്‍മ്മം അനുഷ്ഠിക്കാന്‍ ഭാഗ്യമുണ്ടായി. ഭണ്ഡാരവീട് അന്ന് പണ്ടാരവീടായിരുന്നു ഞങ്ങള്‍ക്കെല്ലാം. മേലെ ക്ഷേത്രം താനവും. വല്യച്ഛനെ (അപ്പുടു പൂജാരി) തമ്പാച്ചന്‍ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ വിളിച്ചിരുന്നത്.

പൂരക്കളിയോടായിരുന്നു എനിക്ക് ഏറെ ഇഷ്ട്ടം. ഇപ്പോഴത്തെ പൂരക്കളി പണിക്കാരായ കുഞ്ഞിക്കോരനോടൊപ്പം കളിച്ചിട്ടുണ്ട്. പക്കീരന്‍ ഗുരുക്കള്‍ ഞങ്ങള്‍ക്ക് കളി പഠിപ്പിച്ചു. അച്ഛന്‍ കുഞ്ഞിരാമന്‍, കുണ്ടില്‍ തറവാട് കാര്‍ന്നവരായിരുന്നു. പാലക്കുന്നില്‍ ഹോട്ടല്‍ കച്ചവടമായിരുന്നു അച്ഛന്. ക്ഷേത്രത്തിലെ ആദ്യത്തെ കേന്ദ്രകമ്മിറ്റിയില്‍ അംഗമായിരുന്നു അച്ഛന്‍. അമ്മ ചിറ്റേയി. രണ്ടു പേരും ജീവിച്ചിരിപ്പില്ല. സരോജിനിയാണു ഭാര്യ. ബിരുദാനന്തര ബിരുദധാരികളായ മക്കള്‍ സവിതയും സജിതയും കുടുംബസമേതം മുംബൈയില്‍ താമസിക്കുന്നു.

ജിയോളജിസ്റ്റ് പി. ബാലകൃഷ്ണന്‍

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ആവുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ല. പക്ഷേ, ചിറമ്മല്‍ വലിയവീട്ടില്‍ നിന്ന് അങ്ങിനെ ഒരാള്‍ ഉന്നതമായ ആ സ്ഥാനത്തു ഇന്ത്യ മുഴുവന്‍ നിറഞ്ഞു നിന്നപ്പോള്‍ നമ്മളാരും അതറിഞ്ഞില്ല എന്നതാണ് സത്യം. വലിയ വീട്ടില്‍, പരേതരായ പി. കുഞ്ഞിരാമന്റെയും ടി. വി.ചോയിച്ചിയുടെയും മകന്‍ പി. ബാലകൃഷ്ണന് പക്ഷേ, അതാരെയും അറിയിച്ചു പെരുമ കാണിക്കാനൊന്നും താല്‍പ്പര്യവുമില്ല.

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോല്‍സവത്തിനു മലയാളം ടുഡേ കളര്‍ മാസിക, അവരുടെ പതിവ് ലക്കം, ഉത്സവവാര്‍ത്തകളും വിശേഷങ്ങളുമായി ഈ വര്‍ഷം, പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിമാസ പതിപ്പില്‍ എഴുതുന്ന ലേഖനത്തിലേക്ക് കുറച്ച് വിവരങ്ങള്‍ അദ്ദേഹത്തോട് ആവശ്യപെടുകയായിരുന്നു.

ബേക്കല്‍ ഗവണ്മെന്റ് ഫിഷറീസ് ഹൈസ്‌കൂളിലെ പ്രഥമ കന്നഡ ഭാഷ ബാച്ചില്‍ പി. ബാലകൃഷ്ണന്‍ എസ് എസ് എല്‍ സി പരീക്ഷ പാസ്സായി. കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ ആദ്യത്തെ ജിയോളജി ബാച്ചില്‍ ഡിഗ്രി എടുത്തു. 168ല്‍ യു ജി സി സ്‌കോളര്‍ഷിപ്പോടെ അപ്പ്‌ളൈഡ് ജിയോളജിയില്‍ മധ്യ പ്രദേശിലെ സൗഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ടെക് പാസ്സായി. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ജി എസ് ഐ )യുടെ ഗ്രൂപ്പ് എ സ്ഥാനത്തേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 1969ല്‍ നടത്തിയ പരീക്ഷയില്‍ രാജ്യത്തു ഒന്നാം റാങ്ക് നേടിയത് അന്ന് മനോരമയില്‍ പ്രാദേശിക ലേഖകനായിരുന്ന ഞാന്‍ ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തിരുന്നതായി ഓര്‍ക്കുന്നു. 1968-69ല്‍ കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ ഫാക്കല്‍ട്ടി അംഗമായി ചുരുങ്ങിയ കാലം ജോലി ചെയ്തു. ജി എസ് ഐ ല്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിലായിരുന്നു ജോലി. ആന്ധ്രാ പ്രദേശില്‍ ഈയം കണ്ടെത്താനും രാജസ്ഥാനിലെ കേത്രി കോപ്പര്‍ പ്രോജെക്ടില്‍ കോപ്പര്‍ കണ്ടെത്താനും വിശദമായ ഖനന സാദ്ധ്യതകള്‍ കണ്ടെത്താനും പഠനങ്ങള്‍ നടത്തി.

1971ല്‍ ഒറീസ്സയിലെ ഭുവനേശ്വറിലെ ജി എസ് ഐ ല്‍ ജോലി ആരംഭിച്ചു. ഒറീസ്സയിലെ പിന്നോക്ക പ്രദേശങ്ങളില്‍ വിശദമായ ജിയോളജിക്കല്‍ പഠനങ്ങള്‍ നടത്താന്‍ അവസരം കിട്ടി. കാലഹണ്ടിയില്‍ ഗ്രാഫയ്റ്റിന്റ ഖനന സാദ്ധ്യതകള്‍ കണ്ടെത്താന്‍ ബാലകൃഷ്ണന്‍ ഏറെ താല്‍പ്പര്യത്തോടെ വേണ്ടുന്ന സഹായങ്ങള്‍ നല്‍കി. ഒറീസ്സയില്‍ അലുമിനിയം അയിരായ ബോക്‌സിറ്റിന്റെ ഖനനത്തിനു നിയുക്തരായ സംഘത്തില്‍ ബാലകൃഷ്ണനും ഉണ്ടായിരുന്നു. നാഷണല്‍ അലുമിനിയം കമ്പനി(നാള്‍ക്കോ)യുടെ ഉത്ഭവം തന്നെ ഈ സംഘത്തിന്റെ ശ്രമഫലമായ ഖനന മികവിലായിരുന്നു. അതുവരെ അലൂമിനിയം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ അലുമിനിയത്തിന്റെ കയറ്റു മതിക്കാരായി മാറി. ഗ്രാമീണ പശ്ചാത്തലത്തില്‍ വികസനങ്ങളില്ലാതെ മുരടിച്ചു പോയ ആ നാട്ടിന്‍പുറത്ത് റോഡുകളും റെയില്‍വേപാതയും വന്നതോടെ ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളും വന്നതോടെ പട്ടണ സമാനമായ ചന്തം വന്നു തുടങ്ങി. നാടിനു മൊത്തം ഒരു ആന ചന്തം. നാള്‍ക്കോയുടെയും അനുബന്ധ സ്ഥാപനങ്ങളിലും ഗ്രാമീണ ജനങ്ങള്‍ക്ക് ജോലിയും കിട്ടിയതോടെ നാടിന്റെ മുഖചായ തന്നെ മാറി.ചിറമ്മലിലെ ബാലകൃഷ്ണന് ഒറീസ്സയിലെ ഗ്രാമ പ്രദേശങ്ങളില്‍ ഇത്തരമൊരു പരിവര്‍ത്തനം നല്‍കാന്‍ സാധിച്ച സംഘത്തിലെ അംഗമാവാന്‍ സാധിച്ചത് പാലക്കു ന്നമ്മയുടെ അനുഗ്രഹാശിസ്സുകള്‍ മാത്രമാണെന്ന് രാജ്യത്തെ പ്രമുഖ ജിയോളജിസ്റ്റായ ബാലകൃഷ്ണന്‍ പറയുന്നു.

കേരളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഭൂഗര്‍ഭ ശാസ്ത്ര പഠനവുമായി ബന്ധപെട്ട് തേക്കടിയിലെ വന്യമൃഗ സംരക്ഷണ സങ്കേതത്തില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടിയതില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നു. മലപ്പുറം ജില്ലയിലെ മങ്കടയിലും കടന്നമണ്ണയിലും സ്വര്‍ണ്ണ ഖനി സാധ്യതകള്‍ കണ്ടെത്താന്‍ പ്രാഥമിക പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞു. കാര്‍വാര്‍ ജില്ലയില്‍ കൈഗ ന്യുക്ലിയര്‍ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാദ്ധ്യതകള്‍ കണ്ടെത്താനുള്ള സംഘത്തിലും ബാലകൃഷ്ണന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഹൈദ്രബാദ് ആസ്ഥാനമായുള്ള ജി എസ് ഐ യുടെ തെക്കന്‍ മേഖലയിലെ പ്ലാനിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ വിഭാഗത്തില്‍ എട്ടു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ജി എസ് ഐ യുടെ പടിഞ്ഞാറന്‍ തീര മറൈന്‍ വിങ്ങില്‍ ഡയറക്ടറും തലവനുമായി മംഗളൂരില്‍ 1995 മുതല്‍
2004ല്‍ റിട്ടയര്‍മെന്റ് വരെ ജോലി ചെയ്തു.

സര്‍വിസില്‍ നിന്ന് പിരിഞ്ഞ ശേഷം ഒറീസ്സ, ആന്ധ്രാ പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ജിയോളജിക്കല്‍ കണ്‍സള്‍ട്ടന്റായി സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തു.

ഇതിനൊക്കെ പുറമെ നിരവധി റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ പേരില്‍ അച്ചടിച്ചു വന്നിട്ടുണ്ട്.
തെക്കേക്കരയിലെ ടി. വി. ലക്ഷ്മിയാണു ഭാര്യ.രണ്ടു മക്കള്‍. അനുരാധ ദുബായില്‍. അനുപമ ന്യൂയോര്‍ക്കില്‍ എസ് ആന്‍ഡ് പി ല്‍ സോഫ്റ്റ്വെയര്‍ സംബന്ധമായ ജോലിയിലും.

മിതഭാഷിയും സൗമ്യസ്വഭാവക്കാര നുമായ ജിയോളജിസ്‌റ് ബാലകൃഷ്ണന്‍ ഇപ്പോള്‍ കുടുംബസമേതം മംഗളൂരിലാണ് താമസം.

പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍

മുകളില്‍ വിവരിച്ച മുന്നുപേരിലും വ്യത്യസ്തനാണ് ചിറമ്മലിലെ പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. മറ്റു മൂന്നു പേരും ജോലി സംബന്ധമായും ജോലിയില്‍ നിന്ന് വിരമിച്ചിട്ടും ജന്മനാട്ടില്‍ നിന്ന് അകന്ന് കുടുംബ സമേതം കഴിയുമ്പോള്‍ പോസ്റ്റ് മാസ്റ്ററായി ജോലിചെയ്യുമ്പോഴും അതിനു ശേഷവും സ്വന്തം തട്ടകത്തില്‍ തന്നെ ശിഷ്ട ജീവിതം ചിലവഴിക്കുന്നു. മലാങ്കുന്നില്‍ നിന്ന് പാലക്കുന്നിലേക്ക് രണ്ടു കിമീറ്റര്‍ യാത്ര ചെയ്യാനുള്ള ആരോഗ്യം 75വയസ്സിലും കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്ക് സ്വന്തം. ആരോഗ്യരഹസ്യം എന്താണെന്നു ചോദിച്ചാല്‍, ഉത്തരം ഒറ്റവാക്കില്‍-കൃത്യനിഷ്ട.

സര്‍ക്കാര്‍ സര്‍വീസില്‍ നീണ്ട 42 വര്‍ഷം സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്തവര്‍ നമ്മുടെ കഴകത്തിലെന്നല്ല ജില്ലയില്‍ തന്നെ ഉണ്ടോ എന്നതും സംശയം തന്നെ. പതിനേഴാം വയസ്സില്‍ അദ്ദേഹം ജോലിയാരംഭിച്ചുവെന്ന്, ഈ ലേഖനം വായിച്ച് നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പോസ്റ്റ് മാസ്റ്ററായി റിട്ടയര്‍ ചെയ്ത മലാംകുന്നിലെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റരെ മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും അത് തന്നെയാണ്. കന്നഡയിലും മലയാളത്തിലും പഠിക്കാന്‍ അവസരം കിട്ടിയ ചുരുക്കം ചിലരില്‍ ഒരാള്‍.

1942ല്‍ പുത്യക്കോടിയിലെ കര്‍ഷകുടുംബത്തില്‍ ജനനം. ബേക്കല്‍ മിഷന്‍ സ്‌കൂളില്‍ കന്നഡ മീഡിയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. ആറാം ക്ലാസ്സു മുതല്‍ മലയാളം മീഡിയത്തില്‍ ബേക്കല്‍ ഫിഷറീസ് എലിമെന്ററി സ്‌കൂളിലായിരുന്നു പഠനം. അതു പിന്നീട് ഹൈസ്‌കൂളായി ഉയര്‍ത്തിപ്പോള്‍ പതിനൊന്നാം ക്ലാസ്സുവരെ അവിടെ തന്നെ പഠനം തുടരാന്‍ സാധിച്ചു. സ്‌കൂളിലെ ഉയര്‍ന്ന മാര്‍ക്ക് നേടി 1958ല്‍ എസ്.എസ്.എല്‍.സി പാസ്സായി. ഇതിനിടയില്‍ തന്നെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ വിവിധ പരീക്ഷകളും പാസ്സായി. 1962ല്‍ രാഷ്ട്ര ഭാഷ പ്രവീണ്‍ ബിരുദവും പാസ്സായ ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന പട്ടവും നേടാന്‍ കഴിഞ്ഞു. പഠിച്ചുകൊണ്ടിരിക്കെ പതിനേഴാമത്തെ വയസ്സില്‍ ഹിന്ദി അധ്യാപകനായ ഏക വിദ്യാര്‍ത്ഥി എന്ന അപൂര്‍വത അദ്ദേഹത്തിന്റെ പേരില്‍ നമുക്ക് കുറിച്ചിടാം.

ഉദുമ ഹയര്‍ എലിമെന്ററി സ്‌കൂളില്‍ (ഇന്നത്തെ ഉദുമ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ )ഹിന്ദി അധ്യാപകനായി സര്‍ക്കാര്‍ ജോലി ആരംഭിച്ചു. തുടര്‍ന്ന് അഗസറഹൊളെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരവേ കേരള പൊതുമരാമത്തു വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി മൂന്ന് വര്‍ഷം പയ്യന്നൂരിലും കാസറഗോടും ജോലി ചെയ്തു. പി ഡബ്ല്യൂ ഡി വകുപ്പിലെ ജോലി രാജിവെച്ച് തപ്പാല്‍ വകുപ്പില്‍ ചേര്‍ന്നതിനു ശേഷം റിട്ടയര്‍ ചെയ്തതും അവിടെ നിന്ന് തന്നെ. കണ്ണൂര്‍ ഹെഡ് ഓഫീസിലായിരുന്നു തുടക്കം. തുടര്‍ന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചു. 1969ല്‍ ബേക്കല്‍ സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്ററായി നിയമിതനായി. നീലേശ്വരം മുതല്‍ ഉപ്പള വരെയുള്ള എല്ലാ പ്രധാന ഓഫീസുകളിലും പിന്നീട് ഹയര്‍ സെലെക്ഷന്‍ ഗ്രേഡ് പോസ്റ്റ് മാസ്റ്ററായി 2002ല്‍ കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിലും തുടരവേ അവിടെ നിന്ന് റിട്ടയര്‍ ചെയ്തു.

പോസ്റ്റല്‍ യൂണിയന്റെ സക്രിയ പ്രവര്‍ത്തകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ കണ്ണൂര്‍ ഡിവിഷണല്‍ അസിസ്റ്റന്റ് സെക്രെട്ടറിയായിരിക്കെ 1968ലെ പണിമുടക്ക് സമരത്തിലും തുടര്‍ന്നു നടന്ന സമരങ്ങളിലും പങ്കെടുത്തതിന് ശിക്ഷാനടപടികള്‍ നേരിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാര്‍ ജോലി ചെയ്ത വ്യക്തി എന്നത് ഒരു ബഹുമതിയാണെങ്കില്‍ അതു തീര്‍ച്ചയായും അദ്ദേഹത്തിന് നല്‍കേണ്ടിവരും. 42 വര്‍ഷമെന്നത് അത്ര ചില്ലറ കാര്യമൊന്നുമല്ല.പോസ്റ്റല്‍ വകുപ്പില്‍ മാത്രം 37 വര്‍ഷത്തെ സര്‍വീസ്‌കാലം തന്റെ പേരിലുണ്ടെന്നു കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അഭിമാനത്തോടെയാണ് പറയുന്നത്.

ജോലി നാട്ടിലും ചുറ്റുവട്ടത്തുമായതിനാല്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചു. പാലക്കുന്ന് റിക്രിയേഷന്‍ ക്ലബ്ബിന്റ സ്ഥാപക പ്രവര്‍ത്തകനും പിന്നീട് പത്തു വര്‍ഷത്തോളം അതിന്റെ പ്രസിഡന്റുമായിരുന്നു. തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര പുനര്‍ നിര്‍മ്മാണ കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ ക്ഷേത്ര ട്രസ്ടിമാരില്‍ ഒരാളുമാണ്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ജില്ല പ്രസിഡന്റാണ്.പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രാദേശിക സമിതിയിലും തറവാടു കമ്മിറ്റിയിലും മറ്റു വിവിധ പ്രാദേശിക സംഘടനകളിലും സക്രിയമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് റിട്ടയര്‍മെന്റ് ജീവിതകാലം സുഖമായി കഴിഞ്ഞു പോകുന്നുവെന്ന് കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ തന്റെ സ്വതസിദ്ധമായ ചിരിയില്‍ പറയുമ്പോള്‍ മുഖത്തു 75ന്റെ ചെറുപ്പം.

Leave a Reply

Your email address will not be published.