വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രഹസ്യം ചോര്‍ത്താന്‍ ചൈന ശ്രമിക്കും;മുന്നറിയിപ്പുമായി സൈന്യം

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രഹസ്യം ചോര്‍ത്താന്‍ ചൈന ശ്രമിക്കും;മുന്നറിയിപ്പുമായി സൈന്യം

ന്യൂഡല്‍ഹി: സമൂഹ മാധ്യമമായ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചേക്കുമെന്ന് കരസേനയുടെ മുന്നറിയിപ്പ്.സമൂഹ മാധ്യമം വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കരസേനയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് ഇന്റര്‍ഫേസ് ആണ് വീഡിയോ പുറത്തുവിട്ടത്.

ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ഏത് മാര്‍ഗവും സ്വീകരിക്കുമെന്നും, 86 ല്‍ തുടങ്ങുന്ന ചൈനീസ് നമ്ബറുകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തുമെന്നും കരസേന ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ സൈന്യത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടര്‍ച്ചയായി പരിശോധിച്ച് അജ്ഞാത നമ്ബറുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മൊബൈല്‍ നമ്ബര്‍ മാറ്റുന്നവര്‍ അക്കാര്യം അഡ്മിനെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ പഴയത് പൂര്‍ണമായും നശിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്.

ചൈനീസ് ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ള 40 ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യാ -ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നേരത്തെ തന്നെ കരസേന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചൈനീസ് കമ്ബനികള്‍ വികസിപ്പിച്ച ചില ആപ്പുകള്‍ രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് 40 ഓളം ആപ്പുകള്‍ നീക്കം ചെയ്യാനും സ്മാര്‍ട്ട് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാനും കഴിഞ്ഞവര്‍ഷം നിര്‍ദ്ദേശം നല്‍കിയത്. ദോക്ലാമില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.