ലോകത്തിലെ ഏക വെള്ള കണ്ടാമൃഗത്തിന് ദയാവധം

ലോകത്തിലെ ഏക വെള്ള കണ്ടാമൃഗത്തിന് ദയാവധം

കെനിയ: ലോകത്തില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക വെള്ള കണ്ടാമൃഗത്തിന് വിട. രോഗങ്ങള്‍ കാരണം മാസങ്ങളായി ചികിത്സയിലായിരുന്ന സുഡാന്‍ എന്ന് പേരുള്ള കണ്ടാമൃഗത്തിനെ ദയാവധത്തിന് വിധേയമാക്കി. പ്രായാധിക്യവും അലട്ടിയതോടെ കെനിയയിലെ ഓള്‍ഡ് പെജേറ്റ കണ്‍സര്‍വന്‍സിയിലെ അന്തേവാസിയായിരുന്ന സുഡാനെ ദയാവധം ചെയ്യുകയായിരുന്നു. അപൂര്‍വ്വ ഇനത്തിലുള്ള ഈ കണ്ടാമൃഗത്തിന് 45 വയസ്സായിരുന്നു.

വെള്ള കണ്ടാമൃഗങ്ങളുടെ വര്‍ഗ്ഗം നിലനിര്‍ത്താനുള്ള ശക്തമായ ശ്രമങ്ങള്‍ മൃഗശാല അധികൃതര്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. സുഡാന് ഒരു മകളും പേരമകളുമുണ്ട്. ഇവരില്‍ നിന്നും സന്താനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രശസ്ത ഡേറ്റിങ് ആപ്ലിക്കേഷനായ ടിന്ററില്‍ സുഡാന് വേണ്ടിയൊരു അക്കൗണ്ട് തുറന്നിരുന്നു. എന്നാലത് സുഡാന് സഹധര്‍മിണിയെ കണ്ടെത്താനായിരുന്നില്ല. മറിച്ച് വെള്ള കണ്ടാമൃഗങ്ങളുടെ വര്‍ഗം നിലനിര്‍ത്താന്‍ ഐ.വി.എഫ് ട്രീറ്റ്മന്റെിനുള്ള ഫണ്ട് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഈ നീക്കം ലോക വ്യാപകമായി സുഡാന് ആരാധകരെയുണ്ടാക്കിയിരുന്നു. സുഡാന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നു. സുഡാന്റെ ജനിതക ഘടകങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഭാവിയില്‍ നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് വെള്ള കണ്ടാമൃഗങ്ങളെ സൃഷ്ടിക്കുകയാണത്രെ ലക്ഷ്യം.

Leave a Reply

Your email address will not be published.