രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ് ആയി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎഎംഎഐയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ട് നിക്ഷേപം നടത്താനുള്ള തീരുമാനം നിര്‍ണായകമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു വഴി യുവാക്കള്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കടന്നു വരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ മാത്രം 1000 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരത്തിനെന്ന പോലെ കേരളം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിനും പേരു കേട്ടതായി മാറി. രാജ്യത്താദ്യമായി സ്റ്റാര്‍ട്ടപ്പ് നയം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. യുവസംരംഭകര്‍ക്ക് മികച്ച പരിശീലനം നല്‍കി ഇന്നൊവേഷന്‍ ഗ്രാന്റുകള്‍ ലഭ്യമാക്കുന്നുണ്ട്.

ഭാരത് പെട്രോളിയം പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വിജയമായി. സംരംഭക-നിക്ഷേപക സമൂഹങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കാണ് ഹഡില്‍ കേരളയില്‍ ഊന്നല്‍ നല്‍കുന്നത്. ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തു നിന്നും ഉയര്‍ന്നു വരാന്‍ ഹഡില്‍ കേരള കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം രണ്ടാം വീടാണെന്നു പറഞ്ഞു കൊണ്ടാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഷേഖ്ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖസിമി തന്റെ പ്രസംഗം തുടങ്ങിയത്. ഡേറ്റയാണ് ഇനി ഏതൊരു രാജ്യത്തിന്റെയും ഭാവി. യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാണ്. ഇത് ഐടി മേഖലയിലേക്കും വ്യാപിപ്പിക്കണം. പൗരന് ഉപകാരപ്രദമാകുന്നതാകണം സാങ്കേതിക വിദ്യയുടെ വികസനമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പുരോഗതി, മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയാണ് ഐടി പുരോഗതിയില്‍ നിര്‍ണായക ഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ ഒരു കേരള സ്റ്റാര്‍ട്ടപ്പ്, കേരളത്തില്‍ ഒരു ഷാര്‍ജ സ്റ്റാര്‍ട്ടപ്പ് എന്നതാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ അനുമതികള്‍ക്കായി കാത്തു നില്‍ക്കേണ്ട അവസ്ഥ കേരളത്തില്‍ പഴങ്കഥയായി എന്ന് ചടങ്ങില്‍ സംസാരിച്ച ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചൂണ്ടിക്കാട്ടി. സുപ്രധാന നിയമഭേദഗതികളിലൂടെ ഏകജാലക സംവിധാനം നിലവില്‍ വന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഈ സൗകര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

അവിസ്മരണീയമായ അനുഭവങ്ങളുമായാകും സംരംഭകര്‍ ഹഡില്‍ കേരളയയില്‍ നിന്നും മടങ്ങുകയെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇത് മികച്ച കാല്‍വയ്പാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സിസ്‌കോ നടത്തുന്ന അക്കാദമിക് പരിപാടിയുടെ ധാരണാപത്രങ്ങള്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, നാസ്‌കോം സിഇഒ ശ്രീകാന്ത് സിന്‍ഹ എന്നിവരും, സിസ്‌കോ എംഡി ഹരീഷ് കൃഷ്ണന്‍, ഐടി സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരും പരസ്പരം കൈമാറി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ശുഭോ റേയും ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.