അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്, ജാക്കി ശര്‍മ എന്നിവരാണ് മരിച്ചത്. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് പ്രകോപനങ്ങളൊന്നുമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയതെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ് സിംഗിനും ജാക്കി ശര്‍മയ്ക്കും വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഏപ്രില്‍ മൂന്നിന് പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ 650 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Leave a Reply

Your email address will not be published.