ഒറ്റത്തടിയല്ല സേതു ബങ്കളം

ഒറ്റത്തടിയല്ല സേതു ബങ്കളം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ജില്ലയ്ക്കകത്ത് തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന ഒറ്റ നമ്പര്‍ വ്യാജ ലോട്ടറി വ്യവസായത്തിനെതിരെ സി.ഐ.ടി.യു നേതൃത്വം ഇടപെടുന്നു. കേരള സര്‍ക്കാറിന്റെ ലോട്ടറിക്കു തുരങ്കം വെക്കുന്ന ഇത്തരം ചൂതാട്ടത്തിനെതിരെ മലബാര്‍ വാര്‍ത്ത തൊടുത്തുവിട്ടതും, അതുവഴി പത്രത്തിന്റെ സബ് എഡിറ്റര്‍ സേതു ബങ്കളം കൊടുവാളിനെ നേരിടേണ്ടി വന്നതുമായ സാഹചര്യത്തില്‍ പൊതു സമൂഹം കാണിച്ച ജിജ്ഞാസയായിരിക്കണം ഒരു പക്ഷെ സി.ഐ.ടി.യു നേതൃത്വത്തിന് പ്രക്ഷോഭത്തിനൊരുമ്പെടാന്‍ നിമിത്തമായ്. ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേര്‍സ് യൂണിയന്‍ സി.ഐ.ടി.യു വിഭാഗമാണ് പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ‘സേതു ബങ്കളം ഒറ്റത്തടിയല്ല’ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ള പൊതുസമൂഹം ഒറ്റനമ്പര്‍ ഗുണ്ടായിസത്തെ അപലപിച്ച് മുന്നോട്ടു വന്നത് മാധ്യമ പ്രവര്‍ത്തന രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

മലപ്പുറവും, കണ്ണൂരുമായിരുന്നു ഒറ്റനമ്പര്‍ തഴച്ചു വളര്‍ന്നിരുന്നത്. ഇപ്പോള്‍ ഒരു പറ്റം സാമൂഹ്യ ദ്രോഹികള്‍ ചേര്‍ന്ന് കാസര്‍കോട് ജില്ലയിലും അതിന്റെ പ്രചാരകരായി വളര്‍ന്നിരിക്കുന്നു. തങ്ങള്‍ക്കെതിരെ ചലിക്കുന്ന നാവ് പിഴുതെടുക്കുമെന്ന ഭിഷണിയുടെ സാമ്പിള്‍ വെടിക്കെട്ടായാണ് അവര്‍ സേതുവിനെ വെട്ടിയത്. ഒരു പക്ഷെ നാവു ചലിപ്പിക്കുന്നവര്‍ക്കെതിരെയുള്ള തുടര്‍ താക്കിതായിരിക്കാം ഇത്. പൊതു സമൂഹം ഈ വെല്ലു വിളി ഏറ്റെടുത്തു കഴിഞ്ഞു. ഗോവയിലുള്ള ഒളിസങ്കേതത്തില്‍ കയറി ഒളിച്ചിരുന്ന മുഖ്യ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായത് പത്രക്കാരന്റെ വാരിയെല്ലൊടിക്കാന്‍ ഉയര്‍ത്തിയ കൈ ഇനി പൊങ്ങാതിരിക്കാന്‍ പൊതു സമൂഹത്തിന്റെ ജാഗ്രതയുടെ ഫലമായാണ്.

പത്ത് രൂപ നല്‍കിയാല്‍ മൂന്നക്കം എഴുതി നല്‍കും. ദിവസവും നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ അവസാന മൂന്നക്കമായി ഈ നമ്പര്‍ ഒത്തു വന്നാല്‍ ഉടന്‍ അയ്യായിരം കീശയില്‍ വീഴും. അഥവാ നമ്പര്‍ അടിച്ചില്ലെങ്കില്‍ പോലും, കഞ്ചാവിനേക്കാള്‍ ലഹരിയാണ് ഈ ചുതാട്ടത്തിന്. നേരത്തെ മുടക്കിയതിന്റെ ഇരട്ടി മുടക്കി വീണ്ടും കാത്തിരിപ്പ് തുടരും.

മൊബൈല്‍ ആപ്പ് വഴിയും വാട്ട്സ് ആപ്പ് വഴിയുമാണ് അഥോലോകത്ത് കച്ചവടം പൊടിപൊടിക്കുന്നത്. മൊബൈല്‍ ആപ്ളിക്കേഷനില്‍ ഒരു ബ്ലൂത്ത് ടൂത്ത് ചിഹ്നം നല്‍കി അതിലൂടെയാണ് ഇടപാട്. ഫോണ്‍ പരിശോധിച്ചാല്‍ പോലും തെളിവ് ലഭിക്കില്ല. പൊലീസ് റെയ്ഡുകളെ ചെറുക്കാന്‍ ഏററവും പറ്റിയ മാര്‍ഗമായാണ് കച്ചവടക്കാന്‍ ആപ്പിനെ കാണുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത കണ്‍ട്രോള്‍ സിസ്റ്റം വഴിയാണ് ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് അനുമാനം. ഇതിനു സഹായിക്കുന്ന നിരവധി റാക്കറ്റുകളുണ്ട് ഇവര്‍ക്ക്. ഇതൊക്കെ നിലനിര്‍ത്തി കൊണ്ടു പോകാന്‍ ഗുണ്ടാ സംഘങ്ങള്‍ വേണം. അവരാണ് സേതുവിനെ അക്രമിച്ചത്.

സംസ്ഥാന ലോട്ടറിയെ അപേക്ഷിച്ച് ചെറിയ ചെലവില്‍ പെട്ടെന്ന് സമ്മാനം കിട്ടുമെന്നതു കൊണ്ടാണ് ചൂതാട്ട ലഹരിക്കടിമയായ സാധാരണക്കാര്‍ ഒററനമ്പര്‍ ലോട്ടറിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഒറ്റനമ്പര്‍ ലോട്ടറിക്കു പുറമെയുള്ള നിയമ രഹിതമായ പലവിധ ഇടപാടുകളും ഇവരെ ചുറ്റിപ്പറ്റി നടക്കുന്നു.

ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് പലയിടത്തും ഒറ്റനമ്പറിന്റെയും വില്‍പ്പനക്കാരാകുന്നത് എന്നതും സി.ഐ.ടി.യുവിനെ കുഴക്കുന്നുണ്ട്. കടകളില്‍ നടത്തുന്ന ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന മാത്രമാണ് പോലീസിനു പിടികൂടാനാകുന്നത്. വന്‍സ്രാവുകള്‍ ഇനിയും വളരെ അകലെ പൂര്‍ണ സുരക്ഷിത വലയത്തിലാണ്.

അധോലോക കേന്ദ്രങ്ങളിലേക്ക് മൊബൈല്‍ ഫോണില്‍ വിളിച്ച്, അല്ലെങ്കില്‍ മെസേജു വഴി നമ്പറുകള്‍ ബുക്കുചെയ്യും. സമ്മാനം ലഭിച്ചാല്‍ അതു നേരിട്ടറിയിക്കുന്നതും മൊബൈല്‍ വഴിതന്നെ. പിടിച്ചെടുക്കാന്‍ ഒരു രേഖയും അവശേഷിപ്പിക്കാതെയാണ് കോടികളുടെ മിറമായങ്ങള്‍ നടക്കുന്നത്. പിടിച്ചാലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിക്കാതെ വരുന്നതിനു പ്രധാന കാരണവും ഇത്തരം ന്യൂനതകള്‍ തന്നെ.

വൈകല്യം ബാധിച്ചവരും, അവശരും ഉള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത്താണിയാകുന്ന ലോട്ടറി വ്യവസായത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയാവുകയാണ് സമാന്തരലോട്ടറി. ഈ അനധികൃത ചൂതാട്ടത്തില്‍ ആയിരങ്ങളാണ് ദിവസേന അകപ്പെടുന്നത്. സര്‍ക്കാര്‍ ലോട്ടറിയായ കാരുണ്യയും, കാരുണ്യ പ്ലസും ഇതുവരെയായി ഒരുലക്ഷത്തില്‍പ്പരം രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.

750ല്‍പ്പരം കോടി രൂപയാണ് ഇതുവഴി രോഗികള്‍ക്കായി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം ക്ഷേമപദ്ധതികള്‍ക്കു പോലും ഭീഷണിയാവുകയാണ് ഒറ്റ നമ്പര്‍ മാഫിയാ സംഘം. പോലീസിന്റെ തലോടലും അവര്‍ക്കു തുണയാകുന്നു. പെട്ടെന്നു പണമുണ്ടാക്കാമെന്ന വ്യാമോഹത്താലാണ് പലരും ഇതിന്റെ പിന്നാലെ പോകാനിട വരുന്നത്. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന് അഞ്ചു മിനുട്ട് മുമ്പ് വരെ ഊഹിച്ച നമ്പര്‍ എഴുതി ഭാഗ്യവും താല്‍ക്കാലിക ആവശ്യവും പരിഹരിക്കാം എന്ന അതിമോഹമാണ് ഇതിലേക്ക് ആളെ ആകര്‍ഷിക്കപ്പെടുന്നത്.

‘എഴുത്തു ലോട്ടറി, ഒറ്റ നമ്പര്‍ ലോട്ടറി എന്നതൊക്കെ മായാവിയെപ്പോലാണ്. എല്ലായിടവും ഉണ്ടെന്നു പറയും. ചെന്നു നോക്കിയാല്‍ കാണില്ല. അത്ര ഗോപ്യമായിട്ടാണ് ഇവരുടെ പ്രവര്‍ത്തനം’ ധനമന്ത്രി ഇവരേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

ചൂതാട്ടത്തില്‍ അഭിരമിക്കാന്‍ അമിത താല്‍പര്യമുള്ളവരുടെ മനോഭാവത്തെ മുതലെടുത്ത് ഉയര്‍ന്നു വരുന്ന പലതരം ക്രിമിനല്‍ വാസനകളില്‍പ്പെട്ടതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍. അത്തരക്കാരെ ബോധവല്‍ക്കരിക്കുക എന്ന കടമയില്‍ ഏര്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനു നേരെയാണ് അവരുടെ കൊലക്കത്തി പാഞ്ഞു വന്നത്. വൈകുന്നേരം വരെ മീന്‍ വിറ്റ് കിട്ടിയ കാശ് ഒറ്റ നമ്പറില്‍ മുടക്കി വെറും കൈയ്യോടെ വീട്ടിലെത്തുന്ന മത്സ്യ വില്‍പനക്കാരുടെ കുടംബത്തെ അടക്കം ഈ ദൗര്‍ബല്യം കാന്‍സര്‍ പോലെ പിന്‍തുടരുന്നത് കണ്ട മാധ്യമ പ്രവര്‍ത്തകന് പലതും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാത്തതിന്റെ തിക്തമായ അനുഭവമാണ് സേതു നേരിട്ടത്. റോഡിലുടെ നടന്നു പോവുകയായിരുന്ന സേതുവിനെ വെട്ടാന്‍ അവര്‍ വാക്കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. കത്തി പിന്നീട് പോലീസ് കണ്ടെടുത്തു.

അത്യാവശ്യത്തിനുള്ള പണം പെട്ടെന്ന് ഉണ്ടാക്കാമെന്ന് മോഹിച്ചാണ് പലരും ഈ കെണിയില്‍ അകപ്പെടുന്നത്. പണം നഷ്ടപ്പെട്ട പലരും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ചൂതാട്ട മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

എഴുത്തു ലോട്ടറി വ്യാപകമാവുമ്പോഴും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊലീസ് എടുത്ത കേസുകളുടെ എണ്ണം നാമമാത്രമാണെന്ന് പറയാതെ വയ്യ. ഭരണകൂടവും നോക്കി നില്‍ക്കുകയാണ്. രാഷ്ടീയ നേതൃത്വങ്ങളുടെ തണലില്‍ കുടി വളര്‍ന്ന് വന്‍മരമായി തീര്‍ന്ന റാക്കറ്റുകളെ പിഴുതെറിയാന്‍ സി.ഐ.ടി.യു നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ആത്മര്‍ത്ഥതയുണ്ടെന്ന് നമുക്ക് ആശ്വസിക്കാം. അല്ലാത്ത പക്ഷം കേരള ഭാഗ്യക്കുറിക്ക് ചരമക്കുറിപ്പെഴുതുകയായിരിക്കും ഫലം.

Leave a Reply

Your email address will not be published.