നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

ഇന്ന് നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ പരസ്പരം വേദനയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ മക്കള്‍ക്ക് എന്ത് പറ്റി? ടെക്നോളജി വളര്‍ന്നപ്പോള്‍ ചെറുതായിപ്പോയ കുടുംബ ബന്ധങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്ന ആധിയുടെ ശബ്ദ രൂപമാണ് ഈ ചോദ്യം. നമ്മുടെ മക്കള്‍ക്കെന്തു പറ്റി? എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം, അപ്പോള്‍ നമ്മുടെ മക്കള്‍ക്കെന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കില്‍ പറ്റുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല എന്ന് സാരം. പക്ഷെ ഇതിലെ വിരോധാഭാസം എന്ന് പറയുന്നത് നമ്മളെല്ലാവരും ചര്‍ച്ച ചെയ്യുന്നത് മക്കളുടെ സ്വഭാവ വൈകൃതത്തെ കുറിച്ചും, കൂട്ട് കെട്ടിനെ കുറിച്ചും മാത്രമാണ്. അതിനപ്പുറം മക്കള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ അപകടകരമായ മാറ്റത്തിന്റെ അടിസ്ഥാന കാരണം എന്താണ് എന്ന് ചര്‍ച്ച ചെയ്യാനും, അതിനൊരു പരിഹാരം കണ്ടെത്താനും നാം ശ്രമിക്കുന്നില്ല എന്നതും വളരെ ദുഖകരമായ അവസ്ഥയാണ്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ നിഷ്‌കളങ്കരായി അമ്മയുടെ വയറ്റില്‍ നിന്നും ഈ ലോകത്തേക്ക് വരുന്ന നമ്മുടെ മക്കള്‍, പരിശുദ്ധമായ ഹൃദയവുമായി അച്ഛന്റെ കയ്യിലേക്ക് പിറന്നു വീഴുന്ന പിഞ്ചു കുഞ്ഞു, ജനിക്കുമ്പോള്‍ തന്നെ കയ്യില്‍ കഞ്ചാവും, മൊബൈലുമായി അല്ല വരുന്നതും എന്നും നമുക്കറിയാം. അപ്പോള്‍ ഇങ്ങനെ നിഷ്‌കളങ്കമായ ഹൃദയവുമായി പിറന്നു വീഴുന്ന ഓരോ കുഞ്ഞും ജന്മം കൊണ്ട് കുറ്റവാളികളും, ലഹരിക്ക് കീഴ്‌പ്പെട്ടവരും അല്ല എന്ന് മാത്രമല്ല വൃത്തിയുള്ള കണ്ണാടി പോലെ ശുദ്ധിയും, വൃത്തിയും ഉള്ള മാനസികാവസ്ഥയില്‍ ജനിച്ചു വീഴുന്നവരാണ് എന്ന് സാരം. അപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കയ്യിലേക്ക് പരിശുദ്ധമായ ഹൃദയവുമായി പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ വഴി തെറ്റുന്നുണ്ടെങ്കില്‍ ആരാണ് യഥാര്‍ത്ഥ കാരണക്കാര്‍ …..? അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ, പരിഹാരം കണ്ടെത്തി, അവരെ തിരുത്താനോ ശ്രമിക്കാത്ത കാലത്തോളം എല്ലാം സംഭവിച്ചതിനു ശേഷം നെഞ്ചത്തടിച്ചു കരയുകയും, നെടുവീര്‍പ്പിടുകയും മാത്രമേ നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ…

കൂട്ട് കുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കു കുടുംബ വ്യവസ്ഥിതി മാറിയപ്പോള്‍ അന്ന് വരെ മക്കളുടെ ഏറ്റവും നല്ല കൂട്ടുകാരായിരുന്ന മുത്തച്ഛനേയും, മുത്തശ്ശിയേയും നമ്മള്‍ അവരില്‍ നിന്നും മനപ്പൂര്‍വ്വം അകത്തി നിര്‍ത്തി. ഈ മുത്തച്ഛനും മുത്തശ്ശിയും നിങ്ങളുടെ മക്കളുടെ മേല്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയണമെങ്കില്‍ ഒന്ന് നിങ്ങള്‍ നിങ്ങളുടെ ബാല്യത്തിലേക്ക് തിരിച്ചു പോവൂ. ആമയുടെയും മുയലിന്റെയും, മല്ലന്റെയും മാതേവന്റേയും, മുന്തിരി പുളിക്കുന്ന കുറുക്കന്റെയും കഥയൊക്കെ നിങ്ങള്‍ക്ക് ആദ്യമായി പറഞ്ഞു തന്നത് ആരാണ്. കുടുംബം പുലര്‍ത്താന്‍ അച്ഛന്‍ പുറത്തും, ഭക്ഷണം ഉണ്ടാക്കാന്‍ ‘അമ്മ അടുക്കളയിലും കഷ്ടപ്പെടുമ്പോള്‍ നിങ്ങളുടെ കുഞ്ഞു മനസ്സിനെ മനസ്സിലാക്കിയ ആദ്യത്തെ സുഹൃത്ത് നിങ്ങളുടെ മുത്തശ്ശിയല്ലേ, നിങ്ങളോടൊത്തു കളിക്കാന്‍ സമയം കണ്ടെത്തിയത് മുത്തശ്ശിയല്ലേ, വലിയ ചോറുരുള വായിലേക്ക് വെച്ച് തന്നു അതോടൊപ്പം സാരോപദേശ കഥകള്‍ പറഞ്ഞു മനസ്സും വയറും നിറച്ചു തന്നതില്‍ പ്രധാന പങ്കു നിങ്ങളുടെ നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിക്കുമില്ലേ ..

ഇല്ലായ്മകളുടെ ഇന്നലെകളില്‍ ജീവിതത്തോട് പൊരുതി, ഉള്ളത് കൊണ്ട് ഓണം പോലെ ജീവിച്ചു, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തകര്‍ത്തു മുന്നേറാനുള്ള ആര്‍ജ്ജവം സിദ്ധിച്ചത് അവരുടെ അനുഭവ കഥകളിലൂടെ ആയിരുന്നില്ലേ… എന്നാല്‍ ഇന്നോ, ആധുനിക അണുകുടുംബത്തില്‍ മുത്തശ്ശിയുടെ ജോലി നമ്മള്‍ ഏല്‍പ്പിച്ചിരിക്കുന്നത് കഥകള്‍ അടങ്ങിയ സി.ഡി യെയും, ടി.വിയെയും, മൊബൈലിനെയും, വാടകയ്ക്ക് എടുത്ത ആയമാരെയും അല്ലെ? അതില്‍ നിന്നും ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം ആ പിഞ്ചു കുഞ്ഞിന്റെ മനസ്സിലേക്ക് പതിയുകയല്ലേ? പിന്നെ എങ്ങനെയാണു നമ്മുടെ മക്കള്‍ വഴി തെറ്റാതിരിക്കുന്നത്.

പല മാതാപിതാക്കളും പറയാറുണ്ട്. നിനക്ക് വേണ്ടതെല്ലാം ഞാന്‍ വാങ്ങി തന്നില്ലേ, അടുത്ത വീട്ടിലെ 1 വയസ്സായ കുട്ടിക്ക് സ്വന്തമായി ടാബ്ലറ്റ് ഉണ്ടെന്നു പറഞ്ഞു നീ സങ്കടപ്പെട്ടപ്പോള്‍, നിന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന നിന്റെ ബാപ്പ പിറ്റേ ദിവസം തന്നെ ഒരു ദിവസത്തെ ഭക്ഷണം ഒഴിവാക്കി മിച്ചം വെച്ച കാശു കൊണ്ട് നിനക്ക് പുതു പുത്തന്‍ ടാബ്ലെറ്റ് പിറ്റേ ദിവസം തന്നെ കൊടുത്തയച്ചില്ലേ. സംസാരിക്കാനറിയാത്ത പ്രായത്തില്‍ തന്നെ മൊബൈലിന്റെ എല്ലാ സാധ്യതകളും മനസ്സിലാക്കി നിന്റെ കുഞ്ഞു വിരല്‍ യു ട്യൂബിലും, ഗൂഗിളിലും പരതുമ്പോള്‍ ഞങ്ങള്‍ നിന്നെ കുറിച്ച് അഭിമാനിച്ചില്ലേ, ഞങ്ങളറിഞ്ഞില്ല ഈ യു ടുബ് മാത്രം മതിയായിരുന്നു നിന്നിലെ നിഷ്‌കളങ്കമായ മനസ്സിനെ മലീനമാക്കാന്‍ എന്ന്. നിന്നില്‍ ലൈംഗിക വൈകൃതം ഉണ്ടാക്കാനും, കണ്ടു കണ്ടു മടുത്തു അവസാനം അത് സ്വന്തം അമ്മയിലും, സഹോദരിയിലും വരെ പരീക്ഷിക്കാന്‍ മടിയില്ലാത്ത അധാര്‍മ്മികതയുടെ വിഷ വിത്തായി നിന്നെ മാറ്റിയത് നിന്റെ കുഞ്ഞു കണ്ണുകള്‍ കലങ്ങുന്നത് സഹിക്കാന്‍ പറ്റാത്തത് കൊണ്ട് പണ്ട് ഞാന്‍ പട്ടിണി കിടന്നു നിനക്ക് സമ്മാനിച്ച ടാബ്ലറ്റ് ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, എന്റെ മക്കള്‍ വഴി തെറ്റി പോവാനുള്ള പ്രധാന കാരണം ഞാന്‍ ആയിരുന്നെന്ന്.

സ്വന്തം മക്കള്‍ മാതാപിതാക്കളെ ധിക്കരിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോവുമ്പോള്‍ പല മാതാപിതാക്കളും പൊട്ടിക്കരയാറുണ്ട്. എന്നോടെന്തിനാ ഈ ചതി ചെയ്‌തെ, പത്തു മാസം നൊന്തു പ്രസവിച്ചു, കൈ വളരുന്നുണ്ടോ, കാല്‍ വളരുന്നുണ്ടോ എന്ന് നോക്കി, നിനക്ക് ആവശ്യമുള്ളതൊക്കെ വാങ്ങി തന്നു വളര്‍ത്തിയതിനു നീ തന്ന സമ്മാനം എന്നൊക്കെ പറഞ്ഞു അറിയുന്നതും അറിയാത്തതുമായ ഭാഷയിലെല്ലാം വല്ലാത്ത ശാപ വാക്കുകളുമായി പ്രതികരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ മക്കളല്ല നിങ്ങളെ ചതിച്ചത്, നിങ്ങളാണ് നിങ്ങളെ ചതിച്ചതു . നിങ്ങള്‍ നേരത്തെ പറഞ്ഞല്ലോ, നിനക്ക് ആവശ്യമുള്ളതൊക്കെ ഞങ്ങള്‍ തന്നില്ലേ എന്ന്. ഇല്ല, ഒരിക്കലുമില്ല. മക്കള്‍ക്ക് ആവശ്യമുള്ളത് നിങ്ങള്‍ കൊടുത്തിട്ടില്ല. അത് കൊണ്ടാണ് അത് കിട്ടുന്ന സ്ഥലത്തേക്ക് നമ്മുടെ മക്കള്‍ ഓടി പോവുന്നത്. അപ്പം നിങ്ങള്‍ ചോദിക്കും പതിനായിരങ്ങള്‍ വില മതിക്കുന്ന മൊബൈല്‍ ഫോണും, റിമോട്ടില്‍ പോവുന്ന ലക്ഷങ്ങളുടെ കളിപ്പാട്ടങ്ങളും, വില കൂടിയ വസ്ത്രങ്ങളും, സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒക്കെ ഞങ്ങള്‍ കൊടുത്തതല്ലേ. അതെ അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്, നിങ്ങള്‍ കൊടുത്ത് അവര്‍ക്കു ആവശ്യമുള്ളതായിരുന്നില്ല, മറിച്ചു അവര്‍ക്കു ആവശ്യമുള്ളതാണ് എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു കൊടുത്തതാണവ.

കുഞ്ഞു പ്രായത്തില്‍ അവര്‍ക്കു വേണ്ടത് വില കൂടിയ കളിപ്പാട്ടങ്ങളും, മൊബൈലുമല്ല. മറിച്ചു നിങ്ങളുടെ സ്‌നേഹവും, പരിഗണയും ആയിരുന്നു. ഒന്ന് ചേര്‍ത്ത് പിടിച്ചു അവന്റെ കവിളില്‍ നിങ്ങള്‍ കൊടുക്കുന്ന ഉമ്മയ്ക്ക് അവന്‍ ലക്ഷങ്ങള്‍ വില കല്‍പിച്ചിരുന്നു, പക്ഷെ നമ്മള്‍ അത് തിരിച്ചറിഞ്ഞില്ല. നിങ്ങള്‍ മണിക്കൂറുകളോളം സീരിയലിനു മുമ്പിലിരുന്നു കണ്ണീര്‍ വാര്‍ക്കുമ്പോള്‍ അവന്‍ ആഗ്രഹിച്ചിരുന്നു എന്റെ ‘അമ്മ ഒരിത്തിരി നേരം എന്റെ കൂടെ കളിച്ചിരുന്നെങ്കിലെന്ന്. പ്രവാസ ലോകത്തു മക്കള്‍ക്ക് വേണ്ടി സ്വയം ഉരുകി തീര്‍ന്നു പണം, പണം എന്ന് പറഞ്ഞു സമ്പാദിക്കുമ്പോള്‍, പൊന്നുമോള്‍ ആഗ്രഹിച്ചിരുന്നു ദിവസത്തില്‍ ഒരു പത്തു മിനിറ്റെങ്കിലും എന്റെ വാപ്പച്ചിയോടു സംസാരിച്ചിരുന്നെങ്കിലെന്നു , സ്‌കൂളിലെ പുതിയ വിശേഷങ്ങളും , കൂട്ടുകാരെ കുറിച്ചും പറയാമായിരുന്നെന്നു .

നമ്മുടെ മക്കളെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഒരു നിമിഷം നമുക്ക് നമ്മോടു തന്നെ ചോദിക്കാം. നമ്മളില്‍ എത്ര ആളുകള്‍ സ്‌കൂള്‍ വിട്ടു നമ്മുടെ പൊന്നു മക്കള്‍ ഓടി വരുമ്പോള്‍ എല്ലാ തിരക്കുകളും ഒഴിവാക്കി അവനെ ചേര്‍ത്ത് പിടിച്ചു, തൊട്ടടുത്ത് ഇരുത്തി, കവിളില്‍ മുത്തം കൊടുത്തു അവന്റെ സ്‌കൂള്‍ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കാറുണ്ടെന്നു… വൈകുന്നേരണങ്ങളില്‍ അവനോടൊപ്പം കളിക്കാറുണ്ടെന്നു…
കച്ചവട തിരക്കില്‍ ആണെങ്കില്‍ പോലും, ദിവസവും ഒരു പത്തു മിനിട്ടു എന്റെ ജീവന്റെ ജീവനായ മക്കളോട് സംസാരിക്കാന്‍, അവന്റെ കിന്നാരങ്ങള്‍ കേള്‍ക്കാന്‍, അവന്റെ പരിഭവങ്ങള്‍ കേള്‍ക്കാന്‍, അവന്റെ കുഞ്ഞു മനസ്സില്‍ വിരിയുന്ന പുത്തന്‍ ആശയങ്ങള്‍ പങ്കു വെക്കാന്‍ ശ്രമിക്കാറുണ്ടെന്നു …

പ്രിയ രക്ഷിതാവേ ,
നമ്മുടെ മക്കള്‍ക്ക് വേണ്ടത് നമ്മളെയാണ്, അത് നമ്മള്‍ കൊടുക്കണം. അവരുടെ വളര്‍ച്ച മനസ്സിലാക്കി ഓരോ വയസ്സിലും അവര്‍ക്കു വേണ്ടുന്ന മാനസിക ആവശ്യങ്ങള്‍ മനസ്സിലാക്കി അത് കൊടുക്കാന്‍ സാധിച്ചാല്‍ നമ്മുടെ മക്കള്‍ ഒരിക്കലും വഴി തെറ്റില്ല, അവര്‍ നമ്മളെ ചതിക്കില്ല.

റിയാസ് അമലടുക്കം

Leave a Reply

Your email address will not be published.