ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

തിരുവനന്തപുരം: സാര്‍വ്വദേശീയ ശാസ്ത്ര സമൂഹം ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് ഫോര്‍ സയന്‍സിനൊപ്പം ഇന്ത്യയിലെ ശാസ്ത്രസമൂഹവും ശാസ്ത്രത്തിനുവേണ്ടി മാര്‍ച്ച് ചെയ്യുകയാണ്. ശാസ്ത്രജ്ഞരും, ഗവേഷകരും, ശാസ്ത്ര അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, ശാസ്ത്രസ്‌നേഹികളുമടക്കമുള്ള ശാസ്ത്രസമൂഹം വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് നഗരങ്ങളിലും പട്ടണങ്ങളിലുമായി ഏപ്രില്‍ 14ന് ശാസ്ത്രത്തിന് വേണ്ടി അണിനിരക്കും. കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വിവിധ പരിപാടികളോടെ മാര്‍ച്ച് ഫോര്‍ സയന്‍സ് നടക്കും. തിരുവനന്തപുരത്ത് കനകക്കുന്ന് പാലസിനെതിര്‍വശത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിന് മുന്നില്‍ നിന്ന് രാവിലെ 10.30-ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി രാവിലെ 9.30-ന് Building a Scientific Young Mind : Why and How? എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന്, ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും, ഗവേഷകരും, ശാസ്ത്ര അദ്ധ്യാപകരും, ശാസ്ത്രസ്‌നേഹികളുമടക്കം പത്ത് ലക്ഷത്തോളം പേര്‍ ലോകത്തെ 600 നഗരങ്ങളിലായി മാര്‍ച്ച് ചെയ്തു. വിവിധ കോണുകളില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് ശാസ്ത്രത്തേയും ശാസ്ത്രീയ വീക്ഷണത്തേയും സംരക്ഷിക്കാനാണ് സമാനതകളില്ലാത്ത ഒരു കൂട്ടായ പരിശ്രമത്തില്‍ അവര്‍ ഒന്നിച്ചണിനിരന്നത്. ശാസ്ത്രീയ തെളിവുകള്‍ അവഗണിച്ചുകൊണ്ട് യു.എസ് ഗവണ്‍മെന്റ് പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍, ആ നാട്ടിലെ ശാസ്ത്രജ്ഞരാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. നിരവധി രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ പ്രതികരണം വെളിവാക്കിയത്, രാഷ്ട്രീയ നേതൃത്വം, ശാസ്ത്രീയ തെളിവുകള്‍ അവഗണിച്ചുകൊണ്ട് നയങ്ങള്‍ നടപ്പിലാക്കുന്നുവെന്നും, ശാസ്ത്രഗവേഷണത്തിന് സാമ്പത്തിക പിന്തുണ വെട്ടിക്കുറയ്ക്കുന്നുവെന്നും, പൊതുവേ, ലോകവ്യാപകമായി ശാസ്ത്രം ആക്രമണവിധേയമാകുന്നു എന്നുമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാഹചര്യം മാറിയിട്ടില്ല. സാര്‍വ്വദേശീയ ശാസ്ത്ര സമൂഹം വീണ്ടും ലോകവ്യാപകമായി മാര്‍ച്ച് ഫോര്‍ സയന്‍സ് സംഘടിപ്പിക്കുകയാണ്, 2018 ഏപ്രില്‍ 14-ന്. ‘മനുഷ്യസ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ ഉല്‍ക്കര്‍ഷത്തിന്റെയും നെടും തൂണെന്ന നിലയില്‍, മതിയായ ധനവിനിയോഗ പിന്തുണയോടെ നടത്തപ്പെടുന്നതും, പൊതുവായി സംവദിക്കപ്പെടുന്നതുമായ ശാസ്ത്രത്തിനു വേണ്ടി മാര്‍ച്ച് ഫോര്‍ സയന്‍സ് ശബ്ദമുയര്‍ത്തുന്നു’വെന്ന് മാര്‍ച്ച് ഫോര്‍ സയന്‍സിന്റെ ദൗത്യപ്രഖ്യാപനം പ്രസ്താവിക്കുന്നു. ‘പൊതുനന്മ ഉയര്‍ത്തിപ്പിടിക്കുന്ന ശാസ്ത്രത്തിനുവേണ്ടിയും, ജനതാല്പര്യം മുന്‍നിര്‍ത്തി, തെളിവുകളെ ആധാരമാക്കി സുതാര്യമായി നയങ്ങള്‍ രൂപീകരിക്കാന്‍ രാഷ്ട്രീയനേതാക്കളോടും നയനിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടുകൊണ്ടും, ശബ്ദമുയര്‍ത്താനായി നമ്മള്‍, വൈവിധ്യമാര്‍ന്ന, പക്ഷപാതിത്വങ്ങളില്ലാത്ത ഒരു കൂട്ടായ്മയെന്ന നിലയില്‍ ഒന്നിക്കുന്നു.’

ഇന്ത്യയില്‍ ശാസ്ത്രത്തിന് മുന്‍പിലുളള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. ശാസ്ത്ര വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക താല്പര്യത്തോടെ ചില വിഭാഗങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. ശാസ്ത്രത്തിന് നിരക്കാത്ത ആശയങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന് വളരെ വേഗത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. സാങ്കല്പികമായ ഒരു സുവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ച് അപഹാസ്യമായ അവകാശവാദങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. ഇതെല്ലാം, ഇന്ത്യന്‍ ഭരണഘടനയുടെ 51(എ) വകുപ്പ് അനുശാസിക്കുന്ന, എല്ലാ പൗരന്മാരുടേയും കര്‍ത്തവ്യവുംകൂടിയായ, ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായി പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസത്തിന് പൊതുവിലും ശാസ്ത്രഗവേഷണത്തിന് പ്രത്യേകിച്ചുമുളള സര്‍ക്കാര്‍ പിന്തുണ അവിശ്വസനീയമാം വിധം കുറവാണിന്ത്യയില്‍. മിക്കവാറും രാജ്യങ്ങള്‍, മൊത്തം ദേശീയ വരുമാനത്തിന്റെ 6%-ല്‍ ഏറെ വിദ്യാഭ്യാസത്തിനും, 3% ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിനും ചിലവഴിക്കുമ്പോള്‍, ഇന്ത്യയില്‍, ഈ തുകകള്‍ യഥാക്രമം 3%-ല്‍ താഴെയും 0.85%ഉം ആണ്. ഇതിന്റെ ഫലമായി സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം, നിരക്ഷരരോ അര്‍ദ്ധസാക്ഷരരോ ആയി തുടരുന്നു. നമ്മുടെ കോളജ്, യൂണിവേഴ്‌സിറ്റി സംവിധാനം, അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടേയും അദ്ധ്യാപക-അനദ്ധ്യാപക സ്റ്റാഫിന്റെയും ഗവേഷണത്തിനുളള സാമ്പത്തിക വിഭവത്തിന്റെയും രൂക്ഷമായ കുറവുമൂലം നട്ടംതിരിയുകയാണ്. ശാസ്ത്ര-ധനവിതരണ ഏജന്‍സികളായ, സി.എസ്.ഐ.ആര്‍ (CSIR), ഡി.എസ്.ടി. (DST) എന്നിവ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഗവേഷണ പ്രോജക്ടുകള്‍ക്ക് വാഗ്ദാനം ചെയ്ത തുക പോലും അവര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല.
ശാസ്ത്രസമൂഹത്തിന്റ സുപ്രധാനമായ ചില ആശങ്കകളാണ്, മാര്‍ച്ച് ഫോര്‍ സയന്‍സ് ഉയര്‍ത്തുന്നത്.

നാല് ആവശ്യങ്ങളാണ് മാര്‍ച്ച് ഫോര്‍ സയന്‍സ് മുന്നോട്ട് വക്കുന്നത്.

1. ദേശീയ വരുമാനത്തിന്റെ 3% ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനും 10% വിദ്യാഭ്യാസത്തിനും നീക്കിവയ്ക്കുക.
2. അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെ പ്രചാരണം അവസാനിപ്പിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 51(എ)യ്ക്ക് അനുരോധമായി ശാസ്ത്രീയ മനോഭാവവും മാനുഷികമൂല്യങ്ങളും അന്വേഷണത്വരയും വളര്‍ത്തിയെടുക്കുകയും ചെയ്യുക.
3. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുള്ള ആശയങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
4. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നയരൂപീകരണം നടത്തുക.

ഇന്ത്യയില്‍ മാര്‍ച്ച് ഫോര്‍ സയന്‍സിന് ആഹ്വാനം ചെയ്തിരിക്കുന്നത് മുന്നൂറിലധികം പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരാണ്.

Leave a Reply

Your email address will not be published.