പുലിയന്നൂര്‍ ജാനകി വധം; പയ്യന്നൂര്‍ പോലീസിന് ക്ലീന്‍ ചീറ്റ്

പുലിയന്നൂര്‍ ജാനകി വധം; പയ്യന്നൂര്‍ പോലീസിന് ക്ലീന്‍ ചീറ്റ്

പയ്യന്നൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കണ്ടെടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസിന് ക്ലീന്‍ ചീറ്റ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. വഴിയില്‍ നിന്നും വീണുകിട്ടി എന്ന നിലയിലാണ് സ്വര്‍ണാഭരണങ്ങള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ആഭരണങ്ങള്‍ കളഞ്ഞുകിട്ടിയത് പോലീസ് ജിഡി(ജനറല്‍ ഡയറി)യില്‍ രേഖപ്പെടുത്തുകയും ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. സാധാരണ ഇത്തരം സാധനങ്ങള്‍ കളഞ്ഞുകിട്ടിയാല്‍ നാലു ദിവസം വരെ പോലീസ് അവകാശികള്‍ക്കായി കാത്തുനിന്ന ശേഷം കോടതിയില്‍ ഹാജരാക്കുകയാണ് പതിവ്. സ്വര്‍ണ്ണാഭരണം പയ്യന്നൂര്‍ പോലീസിന് ലഭിച്ച് മൂന്നാം ദിവസം തന്നെ പ്രതികളെ അറസ്റ്റുചെയ്തതിനാലാണ് ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത്. അതുകൊണ്ട് തന്നെ പയ്യന്നൂര്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

എന്നാല്‍, ഇക്കാര്യം മേലധികാരികളെ അറിയിക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചീമേനി കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ പയ്യന്നൂര്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് വ്യക്തമാക്കി കണ്ണൂര്‍ റേഞ്ച് ഐജിക്കാണ് നടപടി ശുപാര്‍ശ നല്‍കിയത്. ചീമേനി കൊലപാതകത്തിനിടെ പവിത്രമോതിരവും താലിയും കവര്‍ച്ചചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. സംഭവത്തിലുള്‍പ്പെട്ട പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയവീട്ടില്‍ വിശാഖി(27)നെ അന്വേഷണസംഘം അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഡിവൈഎസ്പിമാരുടെയും രണ്ട് സിഐമാരുടെയും സാന്നിധ്യത്തിലാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതല്‍ കണ്ടെടുത്തത്.

Leave a Reply

Your email address will not be published.