ഇന്ത്യന്‍ നിര്‍മിത മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

ഇന്ത്യന്‍ നിര്‍മിത മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

ന്യൂഡല്‍ഹി: മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാര്‍ക്ക് 3 ഇവിഎം എന്നാണ് പുതിയ മെഷീന് നല്‍കിയിരിക്കുന്ന പേര്. മെഷീന്‍ 100 ശതമാനം സുരക്ഷിതമാണെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കുന്നു. ഒരുവിധത്തിലും കേടുവരാത്തതും കൃത്രിമങ്ങള്‍ നടത്താന്‍ സാധിക്കാത്തതുമാണ് പുതിയ മെഷീന്‍ എന്നാണ് കമ്മീഷന്‍ പറയുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഈ യന്ത്രമാകും ഉപയോഗിക്കുക.

ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും(ഇസിഐഎല്‍) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേര്‍ന്നാണ് പുതിയ യന്ത്രം നിര്‍മിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ തിരിച്ചറിയാനും സ്വയം പരിഹരിക്കാനും യന്ത്രത്തിന് കഴിയും. കൃത്രിമത്വങ്ങള്‍ നടത്താനുള്ള ശ്രമവും തടയാന്‍ കഴിയും വിധത്തിലാണ് മെഷീന്റെ രൂപകല്‍പന.

മെഷീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകള്‍ ഒരിക്കല്‍ മാത്രം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്. ചിപ്പിലെ സോഫ്റ്റ്വെയര്‍ കോഡ് തിരിച്ചറിയാനോ പുനരാലേഖനം ചെയ്യാനോ കഴിയില്ല. അതുകൊണ്ടുതന്നെ യന്ത്രത്തിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

ഇന്റര്‍നെറ്റ് അടക്കം ഒരുതരത്തിലുമുള്ള നെറ്റ്വര്‍ക്കുമായി മെഷീന്‍ ബന്ധിപ്പിക്കുന്നില്ല. സ്‌ക്രൂ ഉള്‍പ്പെടെ ഏതെങ്കിലും ഭാഗം അഴിക്കാന്‍ ശ്രമിച്ചാല്‍ മെഷീന്‍ പ്രവര്‍ത്തനരഹിതമാകും. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് മെഷീന്‍.

Leave a Reply

Your email address will not be published.