ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍

ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍

നേര്‍ക്കഴ്ച്ചകള്‍… 

ടുറിസം വകുപ്പിന്റെ ചിലവില്‍ തച്ചങ്ങാട് പണികഴിപ്പിച്ച സാംസ്‌ക്കാരിക നിലയം തുറന്നു കൊടുത്തിരിക്കുന്നു. യുവാക്കളുടേയും, സാംസ്‌കാരിക പ്രവര്‍ത്തകരുടേയും ഈറ്റില്ലമായി ഇവിടുങ്ങളില്‍ ഇനിമുതല്‍ മാറി മറിയും എന്നു കരുതാന്‍ വരട്ടെ. തറക്കല്ലിട്ടതും കെട്ടിടം പണിതതും യു.ഡി.എഫ് സര്‍ക്കാര്‍. ഉല്‍ഘാടനത്തിനു ഭാഗ്യം കിട്ടിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്. ടൂറിസം വകുപ്പു മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ വന്ന് ഉല്‍ഘാടിച്ചു പോയി. യു.ഡി.എഫിലെ ഒരു കുഞ്ഞു പോലും പങ്കെടുത്തില്ല. ബഹിഷക്കരണത്തിനു അവര്‍ പറയുന്ന കാരണം തങ്ങളെ വകഞ്ഞു മറ്റിയതിനാണത്രെ. സാംസ്‌കാരിക രാഷ്ട്രീയം അവിടെ ചെകുത്താനെന്ന പോലെ തലയുയര്‍ത്തി നിന്നപ്പോള്‍ ഉല്‍ഘാടന സമ്മേളനത്തിന്റെ പ്രൗഡി ചോര്‍ന്നു.

ബേക്കല്‍ കള്‍ച്ചറല്‍ സെന്ററിനേക്കാള്‍ കെങ്കേമമായി ഉദ്ദേശം നാലു ഏക്കര്‍ വിസ്ത്രിതിയില്‍ കോടികള്‍ ചിലവിട്ട് മടിക്കൈയിലെ അമ്പലത്തറയില്‍ മറ്റൊരു നിലയം കൂടി ഉയരുകയാണ്. കലാ-സാംസ്‌കാരിക-കായിക വിനോദങ്ങള്‍ക്കായുള്ള പറുദിസയായി ജില്ല മാറണം എന്ന ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ ഉയര്‍ന്നു പൊങ്ങുന്നത്. പക്ഷെ പദ്ധതികള്‍ ഉണ്ടാക്കുന്നവരും അവ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവരും ആസ്ഥാന മന്ദിരത്തില്‍ കുത്തിയിരുന്ന് സ്വയം പുറം ചൊറിഞ്ഞ് രസിക്കുകയാണ്. അവര്‍ക്ക് തങ്ങളുടെ സ്വന്തം ഉദരസംസ്‌കാരം മാത്രമാണ് ലക്ഷ്യം. ശമ്പളവും യാത്രാബത്തയും കൃത്യമായി എഴുതി വാങ്ങുന്നതിനപ്പുറം ഒന്നിലും അവര്‍ക്ക് നോട്ടമില്ല. നേട്ടമില്ലാത്തിടത്ത് എന്തിനു വെറുതെ നോട്ടും, നോട്ടവുമെറിയണം?

ജില്ലാ ടൂറിസത്തിന്റെയും, യുവജനക്ഷേമ വകുപ്പിന്റെയും, സ്‌പോര്‍ട്ട്‌സ് കൗണ്‍സിനിന്റെയും, യുവജന കമ്മീഷന്റെയും ഇന്നത്തെ സ്ഥിതിയോര്‍ക്കുമ്പോള്‍ ജില്ലയിലെ യുവത്വത്തിന് നിരാശയാണ്. സര്‍ക്കാരിന് ഒരു യുവജന കമ്മീഷനുണ്ട്. അതിന് രൂപം കൊടുക്കുമ്പോള്‍ സര്‍ക്കാരിന് ചില ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രത്യാശയും ഭാവിയും സുരക്ഷിതമാക്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ സജ്ജീകരിക്കുക, രാജ്യത്തെ ഐക്യത്തോടെയും, സമൃദ്ധിയോടെയും നയിക്കാന്‍ യുവത്വത്തേയും, സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും സജ്ജമാക്കുക തുടങ്ങി…

‘ഒരു രാജ്യത്തിന്റെ പ്രത്യാശയും ഭാവിയുമാണ് യുവജനത. കലാ, കായിക,സാംസ്‌കാരിക വിനോദങ്ങളിലൂടെ അത് സാര്‍ത്ഥകമാക്കുന്നതിന് ടുറിസം ഉള്‍പ്പെടെ യുവജന കമ്മീഷന്‍ അടക്കമുള്ളവര്‍ ഏത്രത്രോളം ഇടപെടുന്നുണ്ട് എന്ന് പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം.

ബി.ആര്‍.ഡി.സി നിലവില്‍ വരുമ്പോള്‍ ബേക്കല്‍ ടൂറിസം വഴി നാട്ടിലെ യുവാക്കള്‍ക്കിടയില്‍ യഥേഷ്ടം ജോലി, അതുവഴി ഇവിടെ പൊന്നുവിളയുമെന്നായിരുന്നു പ്രഖ്യാപനം. ജനം പദ്ധതികളോട് മനസാ വാചാ സഹകരിച്ചു. ഭുമിയുള്ളവര്‍ ഭുമിയും, വളവില്ലാത്ത റോഡിന് വീതി കൂട്ടാന്‍ സ്ഥലം വേണ്ടിടത്ത് സ്ഥലവും നല്‍കി അനുഗ്രഹിച്ചു. നാട്ടിലെ കുന്നും, കുഴിയും, പാറയും, മണ്ണും, കരിങ്കല്ലും ആവശ്യത്തിലധികം കുഴിച്ചെടുത്തു നല്‍കി. കരിച്ചേരിയിലെ പാവങ്ങളുടെ ഏക സമ്പത്തായിരുന്ന ജലനീര്‍കുംബങ്ങള്‍ സ്വന്തമായിരുന്ന അത് അങ്ങനെത്തന്നെ ബി.ആര്‍ഡി.സിക്കു പതിച്ചു നല്‍കി. മാലിന്യം സംസ്‌കരിക്കാന്‍ എന്തു മാര്‍ഗം എന്ന് ആരാഞ്ഞപ്പോള്‍ വെളുത്തോളിയിലെ ഒരു ഗ്രാമം തന്നെ രക്തസാക്ഷിത്വം ഏറ്റെടുത്തു. അന്നൊന്നും പാവം ഗ്രാമീണര്‍ കരുതിയിരുന്നില്ല, സെന്റിന് കേവലം 30,000ല്‍പ്പരം രുപാക്ക് സ്ഥലം വാങ്ങിക്കൂട്ടിയിട്ട് അതില്‍ കെട്ടിടം പണിത് ഒരു സെന്റിനല്ല, ഒരു മുറിക്ക് ഒരു ദിവസത്തേക്ക് മാത്രം ഒന്നും ഒന്നര ലക്ഷവും മുറിവാടക വാങ്ങുന്ന വമ്പന്‍ റിസോര്‍ട്ടുകളാണ് ഇവിടെ വരാന്‍ പോകുന്നതെന്ന്. അവിടെ വരുന്നവര്‍ക്ക് കുടിച്ചും, കളിച്ചും തിമിര്‍ക്കാനാണ് കരിച്ചേരിപ്പുഴ അവിടത്തെ ഗ്രാമീണരോട് തീരെഴുതി വാങ്ങിയതെന്ന്.

അന്നൊക്കെ ഒരു സമാധാനമുണ്ടായിരുന്നു. അര്‍ഹതയുള്ള ഗ്രാമീണര്‍ക്ക് ഒന്നൊഴിയാതെ ജോലി കിട്ടുമല്ലോ, കുടുംബം പോറ്റാമല്ലോ എന്നൊക്കെ. കള്ളസത്യം ചെയ്ത് പാട്ടിലാക്കി പദ്ധതി വന്നപ്പോള്‍ ഇപ്പോള്‍ ഒരു ഇളനീര്‍ പന്തലു പോലും ഇവിടുത്തെ ഗ്രാമീണര്‍ക്കില്ല. താല്‍ക്കാലിക ഡൈവര്‍ തസ്തികക്ക് വരെ അപേക്ഷ ക്ഷണിക്കുന്നത് ആംഗലേയ പത്രങ്ങളില്‍ പരസ്യം ചെയ്തു മാത്രം. യഥാര്‍ത്ഥത്തില്‍ ബി.ആര്‍.ഡി.സി നാട്ടുകാരെ പറ്റിക്കുകയായിരുന്നു. ജോലി കിട്ടുമെന്ന് ആശിച്ചു നടന്ന യുവത്വം വേറെ ഗതിയില്ലാതെ വന്നപ്പോള്‍ വീണ്ടും അറോബ്യന്‍ മലരാണ്യത്തിലേക്ക് തന്നെ ചേക്കേറുകയായരുന്നു.

തുടരും…

പ്രതിഭാരാജന്‍