കബഡിയിലും ഫുഡ്‌ബോളിലും ഇവിടെ പ്രതിഭകളുണ്ട്, കണ്ടെടുക്കുന്നില്ല

കബഡിയിലും ഫുഡ്‌ബോളിലും ഇവിടെ പ്രതിഭകളുണ്ട്, കണ്ടെടുക്കുന്നില്ല

ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍ 2

നേര്‍ക്കാഴ്ച്ചകള്‍….

ബി.ആര്‍.ഡി.സി ഇപ്പോള്‍ ഒരു വിധം ക്ലച്ച് പിടിച്ചു കഴിഞ്ഞു. അവര്‍ വിചാരിച്ചാല്‍ അസധ്യമായി ഒന്നുമില്ല. 73 കിലോമീറ്റര്‍ തീരദേശമുണ്ട് നമുക്ക്. ടൂറിസത്തിന്റെ വികസനത്തിനായി നാട്ടുകാരെ കൂടി സഹകരിപ്പിച്ചാല്‍ തദ്ദേശിയര്‍ക്കായുള്ള നിരവധി തൊഴിലവസരങ്ങള്‍ക്ക് സാധ്യതയേറും. ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ഒരുവിധം ജീവിച്ചു പോകാന്‍ യു.എ.ഇയില്‍ പോയി തെണ്ടേണ്ട കാര്യമില്ല. പക്ഷെ അധികൃതര്‍ കനിയണമെന്ന് മാത്രം. തിന്നുകയില്ല, തീറ്റുകയുമില്ല എന്ന മട്ടിലാണ് ബി.ആര്‍.ഡി.സി. സാധ്യമാകും വിധം ഇവിടെങ്ങളിലെല്ലാം യുവജനക്ഷേമ വകുപ്പിന്റെയും, കമ്മീഷന്റെയും കണ്ണെത്തണമെന്നാണ് യുവ മനസ്സുകള്‍ ആഗ്രഹിക്കുന്നത്. ബാലികേറാമലയൊന്നുമല്ല ബേക്കല്‍ കോട്ടയെന്ന് തിരിച്ചറിയണം. ഇവിടെ പ്രഖ്യാപിക്കപ്പെട്ടവയ്ക്കു പോലും പച്ചക്കൊടി ഉയരുന്നില്ല എന്നതിന് എന്താണ് കാരണമെന്ന് ആരായണം.

ബേക്കല്‍ പുഴ, നോമ്പില്‍ പുഴ, ചിത്താരിപ്പുഴ ഇവിടങ്ങളിലൊക്കെ ബോട്ട് റൈസ്. കോട്ടപ്പുറത്തു നിന്നും കോവളത്തിലേക്ക് ബോട്ട് സര്‍വ്വീസ്, പെരിയയില്‍ എയര്‍ സ്ട്രിപ്പ്, വയല്‍കൃഷിയിലൂടെ ടൂറിസം വികസനം, കടല്‍ കാറ്റില്‍ സണ്‍ബാത്ത് കേന്ദ്രങ്ങള്‍, കാറ്റുകൊള്ളാന്‍ തുറന്ന ഹട്ടുകള്‍, ഹെരിറ്റേജ് ടൂറീസം, നീര എന്തൊക്കെയായിരുന്നു പാടി നടന്നിരുന്നത്. എന്നിട്ടിപ്പോള്‍ ദൂരെ നിന്നും വരുന്നവര്‍ക്ക് ഒരു കുമ്പില്‍ കര്‍ക്കടകക്കഞ്ഞി വിളമ്പാന്‍ പോലും ഇതേവരെ ബി.ആര്‍.ഡി.സിക്കായിട്ടില്ല. ബി.ആര്‍.ഡി.സി വരുന്നതിനു മുമ്പുണ്ടായിരുന്ന പറശ്ശനിക്കടവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബോട്ട് സര്‍വ്വീസു വരെ പിന്നീട് നിര്‍ത്തലാക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനയത്. യുവാക്കള്‍ സ്വയം തപിച്ചും, സഹതപിച്ചും കഴിയുന്നതല്ലാതെ പ്രതികരിക്കുന്നില്ല.

സര്‍ക്കാര്‍ ഓരോന്നു കൊണ്ടു വരുന്നു, നോട്ടപ്പിശകു കാരണം പലതും ക്ലച്ച് പിടിക്കുന്നില്ല എന്നതു പോട്ടെ, സ്വകാര്യ സംരംഭകര്‍ക്ക് മുന്നിലെ വഴികളും കൊട്ടിയടക്കപ്പെടുകയാണ്. നോമ്പില്‍ പുഴയുടെ തീരത്ത് കടല വില്‍ക്കാന്‍ പോലും അനുമതിയില്ല. ആ കടപ്പുറം അപ്പാടെ തദ്ദേശിയര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ആരേയും അങ്ങോട്ട് അടുപ്പിക്കാത്തതിനു പിന്നിലെ കാരണങ്ങള്‍ ജനത്തിനറിയാത്തതല്ല, കാട്ടിലെ തടി, തേവരുടെ ആന, കഴിയുന്നത്ര വലിച്ചു കൊണ്ടു പോകട്ടെ എന്ന് കരുതി അടങ്ങിയിരിക്കുകയാണവര്‍.

ഇക്കഴിഞ്ഞ ദിവസം ബേക്കല്‍ ക്രസന്റ് ബീച്ച് പരിസരത്ത് ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരു യോഗം സംഘടിപ്പിച്ചു. തീരദേശ വികസനവും, അതുവഴി ടൂറിസം വികസനത്തിനുമായി ഞങ്ങള്‍ അകമഴിഞ്ഞ് സഹകരിക്കാം. നാടന്‍ പദ്ധതികള്‍ കൊണ്ടു വരാം. ജീവന്‍ വരെ ത്യജിക്കാം.ഈ മേഘലയില്‍ സ്വയം തൊഴില്‍ കണ്ടെത്താനെങ്കിലും അവസരം തരണം. യോഗത്തില്‍ സമ്പന്ധിച്ചവര്‍ ബി.ആര്‍ഡി.സിയോടും സര്‍ക്കാരിനോടും ഇങ്ങനെയൊക്കെ ആവശ്യപ്പെടുകയാണ്. ഈ അഭ്യര്‍ത്ഥന യുവജനങ്ങളുടെ ക്ഷേമം കാംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന മേലാളന്മാര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കട്ടെ. ശമ്പളവും ബത്തയും, ഓണറേറിയവും മറ്റും വാങ്ങി സുഖിച്ചു കഴിഞ്ഞാല്‍ പോര, നാട്ടിലെ യുവതയുടെ പ്രശ്‌നങ്ങള്‍ ഒന്നു മറിച്ചു നോക്കാനെങ്കിലും കനിവുണ്ടാകേണ്ടിയിരിക്കുന്നു. ഇത് യുവതയുടെ യാചനയാണ്.

ഇവിടെ ബേക്കലില്‍ കായിക പ്രേമികള്‍ ചേര്‍ന്ന് ഇതിനിടെ ഒരു ഫുഡ്ബോള്‍ മല്‍സരം സംഘടിപ്പിച്ചു. അത് വാശിയിലും വൈരാഗ്യത്തിലും കലാശിച്ചു. ജനം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മില്‍ തല്ലി. അതിന്റെ പേരില്‍ ഹര്‍ത്താലും മനുഷ്യച്ചങ്ങലയും പിറന്നു. കേസും കൂട്ടവുമായി. ഇതൊക്കെ നടക്കുമ്പോഴും അധികാരികള്‍ അവരുടെ ഗ്രൗണ്ടില്‍ സമ്മതം വാങ്ങി കളി നടത്തിയതിന്റെ വകയായി കിട്ടേണ്ടുന്ന നിലവാടകക്കാശിനു വേണ്ടി കലഹിക്കുകയായിരുന്നു. നോട്ടീസയച്ചും, ഭീഷണിപ്പെടുത്തിയും ബുദ്ധിമുട്ടിക്കുന്നു. പിന്നെ എങ്ങനെയാണ് ഇവിടെ നിന്നും കലാ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുക. കണ്ണു തുറന്നു കാണേണ്ടവര്‍, പ്രതികരിക്കേണ്ടവര്‍ മാളത്തിലൊളിക്കുന്നു. പലയിടത്തു നിന്നും മറുപടികള്‍ അര്‍ത്ഥ ഗര്‍ഭങ്ങളായ മൗനങ്ങളില്‍ മാത്രമാണ്.

സര്‍ക്കാര്‍ ഔദ്യോഗികമായി സംഘടിപ്പിക്കറുള്ള കേരളോല്‍സവത്തിന്റെ മേല്‍നോട്ടക്കാര്‍ യുവജന ക്ഷേമ ബോര്‍ഡും, കമ്മീഷനുമൊക്കെയാണ്. കഴിഞ്ഞ കേരളോല്‍സവം ആരംഭിക്കുന്നതിനു മുമ്പേ തന്നെ അവര്‍ ചില നിയമാവലികളും, മാനദണ്ഡങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു നല്‍കി. നോംസ് പാലിക്കാത്തവരെ അയോഗ്യരാക്കാനും ശിക്ഷ വിധിക്കാനും, തെറ്റു കണ്ടാല്‍ നല്‍കിയ പാരിതോഷികങ്ങളും, ഉപഹാരങ്ങളും തിരിച്ചു പിടിക്കാന്‍ വരെ ചട്ടങ്ങളുണ്ടാക്കി. എന്നാല്‍ മല്‍സരം നടന്നതില്‍ വന്ന വീഴ്ച്ച ചൂണ്ടിക്കാണിച്ചിട്ടു പോലും പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലം വരെ ചട്ട ലംഘനം നടന്നതില്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ടില്ല. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് കുതിരക്കോട് സംഘചേതന ബന്ധപ്പെട്ടവര്‍ക്ക് ഔദ്യോകികമായി പരാതി നല്‍കി. അതിനൊരു മറുപടി പോലും നല്‍കാന്‍ തയ്യാറാവാത്തവരാണ് യുവജനതയെ നന്നാക്കാന്‍ നടക്കന്നതെന്ന പരാതി പരിഹാരമില്ലാതെ കിടക്കുകയാണ്.

മോഗ്രാല്‍ എന്നാല്‍ ഫുഡ്ബോളില്‍ കേരളത്തിന്റെ മലപ്പുറമാണ്. കരിവെള്ളൂരും, പള്ളിക്കരയുടേയും സിരകളില്‍ ഫുഡ്ബോള്‍ രക്തമാണ് ഒഴുകുന്നത്. കാഞ്ഞങ്ങാട്ടെ സോക്കര്‍ സെവന്‍, തിരുവക്കോളിയിലെ ടാസ്‌ക്, അതിഞ്ഞാല്‍, തുടങ്ങി അങ്ങ് തൃക്കരിപ്പൂര്‍ വരെ വര്‍ഷാവര്‍ഷം വാശിയേറിയ മല്‍സരങ്ങള്‍ നടക്കുന്നു. തൃക്കരിപ്പൂര്‍ ഹൃദയത്തിലേറ്റിയ പുല്‍ മൈതാനം കന്നുകാലികള്‍ മേഞ്ഞ് ഉണങ്ങിത്തീരുകയാണ്. ഒരിറ്റ് വെള്ളമിറ്റിക്കാന്‍ പോലും സംവിധാനമില്ലാതെ മൈതാനം നശിക്കുകയാണ്. കബഡിയില്‍ സംസ്ഥാനത്തിന്റെ ഹൃദയമാണ് കാസര്‍കോട് ജില്ല. മൊഗ്രാലിനു പുറമെ, സംഘചേതന, അര്‍ജ്ജുന അച്ചേരി അങ്ങനെ പോകുന്നു കരുത്തിന്റെ കളിയുടെ കളരിക്കാര്‍. സംസ്ഥാനത്തിനും, രാജ്യത്തിനും വേണ്ടി ഇവിടെ ഇന്നും, ഇതിനു മുമ്പും പ്രതിഭകളെ ഉല്‍പ്പാദിക്കപ്പെട്ടിട്ടുണ്ട്. യുവത്വത്തിന്റെ മൊത്ത വിതരണക്കാരായി മേനി നടിച്ച് ശമ്പളവും ഹോണറേരിയവും, ബത്തയും കൈപ്പറ്റുന്ന ബന്ധപ്പെട്ട ബോര്‍ഡിനും മറ്റും ഒന്ന് ഇടപെടാനോ, ഒരു കൈ സഹായിക്കാനോ മനസു വരുന്നില്ല. ക്ഷേത്ര കലകളായി കോല്‍ക്കളി, പൂരക്കളി തുടങ്ങിയ അനുഷ്ഠാന കലകള്‍ നാശത്തിന്റെ വക്കിലാണ്. അവയെ നിലനിര്‍ത്തേണ്ടതുണ്ട്. തച്ചങ്ങാട് സാംസ്‌കാരിക നിലയം അതിനു പ്രയോജനപ്പെടുമെന്ന് കരുതിയിരിക്കുകയാണ് നാട്ടുകാര്‍. പിടികൂടിയ സാംസ്‌കാരിക ദുര്‍ഭുതത്തിനെ ഉച്ഛാടനം ചെയ്യേണ്ടതുണ്ട്. സ്‌കൂളുകളില്‍ ഇടപെട്ട് പുത്തന്‍ പ്രതിഭകളെ കണ്ടെത്തേണ്ട ചുമതലയില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കരുത് യുവജന ക്ഷേമ ബോര്‍ഡും, കമ്മീഷനും.

ആവശ്യത്തിനുള്ള പണം സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ചിലവഴിക്കുന്നില്ല എന്നാണ് ആക്ഷേപം. ചിലവഴിച്ചു കാണിച്ചു കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തിടുക്കപ്പെടണം. ഇതിനിടെ വന്ന ഒരു വിവരാവകാശ രേഖ പ്രകാരം സംസ്ഥാന യുവജന കമ്മീഷനു വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് കോടി പത്തു ലക്ഷം രൂപ സര്‍ക്കാര്‍ വക ഇരുത്തിയതായി കാണുന്നു. എന്നാല്‍ ഇതു മുഴുവനും ചിലവിക്കാന്‍ കമ്മീഷനായില്ല. കഴിഞ്ഞ വര്‍ഷം മാത്രം യുവജന കമ്മീഷന് ഒരു കോടി 10 ലക്ഷം രൂപ തോമസ് ഐസക്ക് ബജറ്റില്‍ വകയിരുത്തി. അതില്‍ 90 ലക്ഷം രൂപ കൈയ്യില്‍ വെച്ചു കൊടുത്തിട്ടു പോലും ചിലവഴിക്കാന്‍ കഴിയാതെ 39 ലക്ഷം രൂപ മടക്കിക്കൊടുക്കുകയായിരുന്നു.

ഇതിനേക്കുറിച്ച് അധികൃതര്‍ക്കും പറയാനുണ്ട്. പണമില്ലാത്തതല്ല കാരണം അവ അറിഞ്ഞു ചിലവാക്കാനുള്ള സൗകര്യമില്ല. നിയമക്കുരുക്കുകള്‍ മുറുകുന്നതു കൊണ്ടാണ് പലപ്പോഴും ചിലവഴിക്കാനാകാതെ പോകുന്നത്. വേണ്ടത്ര ആള്‍ബലമില്ല എന്നതാണ് മറ്റൊരു വസ്തുത. ആവശ്യമായ തോതില്‍ നിരീക്ഷിക്കാന്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുങ്ങുന്നില്ല. യുവജന കമ്മീഷന്‍ എന്നതു ഇനിയും ശൈശവാവസ്ഥ തരണം ചെയ്തിട്ടില്ല. യുവജന കമ്മീഷന്‍ അദ്ധ്യക്ഷക്കും അതിലെ അംഗങ്ങള്‍ക്കും കിട്ടുന്ന ഹോണറേറിയമല്ലാതെ വേറെ ശമ്പളമായൊന്നുമില്ല. ഇതര കമ്മീഷനെ അപേക്ഷിച്ച് അതു തന്നെ തീരേ ചെറിയ അളവില്‍ മാത്രമാണ് താനും. ജില്ലകള്‍ തോറും പദ്ധതികള്‍ നടപ്പിലാക്കാന്‍ കണ്‍വീനിയര്‍മാരെ ചുമതലപ്പെടുത്തുന്നു. അവര്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അടിസ്ഥാന സൗകര്യമോ ആവശ്യമായ തോതില്‍ ഫണ്ടോ ലഭിക്കുന്നില്ല. പല പദ്ധതികളും ജില്ലകളിലേക്കെത്തുമ്പോള്‍ പാളിപ്പോകുന്നതിനുള്ള കാരണങ്ങള്‍ ഇങ്ങനെ നിരവധിയെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. സംഗതി ഇതൊക്കെയാണെങ്കിലും ഈ രേഖയുടെ പേരില്‍ കമ്മീഷന്റെ തലവയും, പഴയ ഡി,വൈ.എഫ്.ഐ നേതാവ് കൂടിയായ ചിന്താ ജെറോം ഏറെയായി പഴി കേള്‍ക്കുന്നു. ഇതിലേക്കു നാളെ വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.