എന്തു കൊണ്ട് യുവ സമൂഹത്തെ കണക്കിലെടുക്കുന്നില്ല? പൊതുസമൂഹം ചര്‍ച്ച ചെയ്യണം

എന്തു കൊണ്ട് യുവ സമൂഹത്തെ കണക്കിലെടുക്കുന്നില്ല? പൊതുസമൂഹം ചര്‍ച്ച ചെയ്യണം

ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍ 3

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

സര്‍ക്കാര്‍ അനുവദിച്ച തുക കൈപ്പറ്റി ചിലവാക്കാന്‍ കഴിയാതെ വേഗത്തില്‍ തിരിച്ചടക്കാന്‍ തിടുക്കം കാട്ടിയ അധ്യക്ഷ തന്റെ ശമ്പളമായി മാത്രം 92.54 ലക്ഷം മാറ്റി എടുത്തു എന്ന കാര്യത്തില്‍ ചര്‍ച്ച മുറുകുകയാണ്. അതില്‍ ഇപ്പോള്‍ രാഷ്ട്രീയം കൂടി കലര്‍ത്തപ്പെട്ടിരിക്കുന്നു. 2016-17ല്‍ അനുവദിച്ച 65 ലക്ഷത്തില്‍ 19 ലക്ഷം ചിലവഴിക്കാനാകാതെ തിരിച്ചടച്ചതിന്റെ തുടര്‍ച്ചയായിരുന്നു നടപ്പു വര്‍ഷത്തിലും ആവര്‍ത്തിച്ചത്. തുടര്‍ന്നും അങ്ങനെ വരാതിരിക്കാന്‍ നോക്കണമെന്നാണ് യുവജനം ആഗ്രഹിക്കുന്നത്. പോയ കാലയളവില്‍ കമ്മീഷന്‍ അംഗങ്ങള്‍ ശമ്പളമായി മാത്രം എഴുതി എടുത്തത് 87 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റു ചിലവുകളായി കൈപ്പറ്റിയ 23 ലക്ഷം രൂപയുടെ സ്ഥിതി വിവര കണക്കുകളൊക്കെ ഇപ്പോള്‍ കക്ഷി രാഷ്ട്രീയം ഏറ്റെടുത്ത് പിണറായി സര്‍ക്കാരിനെതിരെ പരിച പയറ്റിത്തുടങ്ങുകയാണ്. ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തെ ഇതിനിടെ ഒരു യുവാവ് അക്രമിച്ചു. ആറ്റിങ്ങല്‍ കല്ലമ്പലത്തു വെച്ചായിരുന്നു സംഭവം. മാധ്യമങ്ങള്‍ അടക്കമുള്ള പൊതു സമൂഹം അതിനെ അപലപിച്ചിരുന്നു. അന്ന് അപലപിച്ചവര്‍ തന്നെ ഇന്ന് പറഞ്ഞു നടക്കുന്നു, ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിങ്ങനെയൊരു കമ്മീഷന്‍.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് നീന്തല്‍ക്കുള നിര്‍മ്മാണ പദ്ധതി. 82 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു. പദ്ധതി ഇന്നും കടലാസില്‍ മാത്രം. ഇനിയും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ഭൂമി വാടകക്കെടുത്താണ് പദ്ധതിക്കു തുടക്കമിട്ടത്. സര്‍ക്കാര്‍ വര്‍ഷം തോറും വെറുതെ വാടക നല്‍കുന്നതു മാത്രം മിച്ചം. സ്ഥലം വാടകക്കെടുത്താണ് പദ്ധതി തുടങ്ങിയത്. 74,000 രൂപയാണ് പ്രതിവര്‍ഷ വാടക. ഇല്ലാത്ത പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ വാടക കൊടുത്തു കൊണ്ടേയിരിക്കുന്നു. ഇതിനെ കരക്കടുപ്പിക്കാന്‍ ആരും മെനക്കെടുന്നില്ല. കേന്ദ്രത്തിന്റെതാണ് പദ്ധതി. പണം തരാനും അവര്‍ തയ്യാര്‍. പക്ഷെ വാങ്ങിച്ചിലവഴിക്കാന്‍ ആര്‍ക്കുണ്ടിവിടെ സമയം?

നീന്തല്‍ പരിശീലിപ്പിക്കണം, ജില്ലകളില്‍ പ്രധാന സ്‌കൂളുകളിലെല്ലാം നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ പദ്ധതി വേണം. എല്ലാ സ്‌കുള്‍ കേന്ദ്രങ്ങളിലും ഇടപെട്ട് കായിക ശേഷിയുള്ള കുട്ടികളെ വാര്‍ത്തെടുക്കണം ഇതൊക്കെ സര്‍ക്കാറിന്റെ ആഗ്രഹങ്ങളാണ്. ബജറ്റില്‍ പണം നീക്കി വെക്കുന്നു, ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുന്നു. ചുമതലപ്പെട്ടവര്‍ ഉപ്പുമാവും ചായയും ഉണ്ടക്കായയും കഴിച്ച് ഒരു പിരീഡ് നേരത്തേ യോഗം ചേര്‍ന്നു പിരിയുന്നു. ഒരു കുട്ടിയുടെ പോലും കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി യുവതയുടെ പ്രായോജകര്‍ കഴിയുന്നില്ല. ഇവരെ നിയന്ത്രിക്കാന്‍ നിയമസഭാ സാമാജികരെ മുന്നില്‍ നിര്‍ത്തി ഒരു കമ്മറ്റി നിലവിലുണ്ട്. എം. സ്വരാജ്, ടിവി.രാജേഷ്, കെ. രാജന്‍, ആര്‍ രാജേഷ്, അനുബ് ജേക്കബ്, ബെന്നി ബഹനാല്‍ തുടങ്ങിയ ചോര തുടിക്കും കൈകളിലാണ് ഈ കമ്മറ്റി. കഴിഞ്ഞ നവമ്പറില്‍ അവരൊരു യാത്ര പോയി. വടക്കേ ഇന്ത്യയിലേക്ക്. യുവാക്കളെ എങ്ങനെയൊക്കെ പഠിപ്പിക്കാം. ഒരു പഠന യാത്രയായിരുന്നു ലക്ഷ്യം. പഠനവും യാത്രയും പോയി വന്നു, ഒക്കെ ശരിതന്നെ. പക്ഷെ ചിന്താ ജിറോമിന്റെ കമ്മീഷനും യുവജന ക്ഷേമ വകുപ്പും, സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും വഞ്ചി ഇപ്പോഴും തിരുനെക്കര തന്നെ. പഠനയാത്രയിലും മുടിഞ്ഞു സര്‍ക്കാരിന്റെ ലക്ഷങ്ങള്‍.

സര്‍ക്കാരിന്റെ ആര്‍ജ്ജവത്തിനു ഉദാഹരണമായി എരുമപ്പെട്ടിയില്‍ ഒരു നിന്തല്‍ കുളം നിര്‍മ്മിച്ചിരുന്നു. എരുമക്കുളം ജി.എച്ച്.എസ്സിന്റെ മുറ്റത്തായിരുന്നു കുളം. ഒറ്റ വര്‍ഷം മാത്രം കുട്ടികള്‍ കുളിച്ചു. പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടി മറച്ച മതില്‍ വെയിലത്ത് കീറി. ഇന്ന് ഇപ്പോള്‍ കുളം അറ്റക്കുറ്റപ്പണി നടത്താതെ കുളമായിക്കിടക്കുകയാണ്. കാടു പിടിച്ചു അതു വഴി മനുഷ്യ സഞ്ചാരമില്ലാതായി കിടക്കുന്നു. ചുറ്റുപാടും പാമ്പുകളുടെ അധിവാസ കേന്ദ്രം. അതോടെ എല്ലാ ജില്ലകളിലും പദ്ധതി നിലച്ചു.

യുവജനക്ഷേമത്തിന്റെ മിടുക്കു കൊണ്ടൊന്നുമല്ല, കേരളാ ടീം ഉണര്‍ന്നു കളിച്ചതിന്റെ ഫലമായി നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ കേരളം സന്തോഷ് ട്രോഫി തിരിച്ചു പിടിച്ചു. മര്യാദ കാക്കാന്‍ ടുറിസം മന്ത്രി ഇടപെട്ട് ഒരു യോഗം വിളിച്ചു ചേര്‍ത്തു എന്നതില്‍ എല്ലാം കഴിഞ്ഞു. മന്ത്രി കടകമ്പള്ളിയാണ് മാനം കാത്തത്. അവര്‍ക്ക് നിറയെ സമ്മാനവും കൊടുത്ത് സന്തോഷിപ്പിച്ചു വുട്ടി. തീര്‍ന്നു. യുവജനക്ഷേമ വകുപ്പ് മന്ത്രി ആശംസ പറയാനെത്തിയതു തന്നെ ആശ്വാസം. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല ഇവിടുത്തെ ഗതികേട്. യുവതയുടെ ഭാവി നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ-രാഷ്ട്രീയേത സംഘടനയായ ഡി.വൈ.എഫ്.ഐയുടെ ജില്ലാ നേതൃത്വം കെ. മണികണ്ഠന്റെ കൈകളിലാണ്. സംസ്ഥാന യുവജനകമ്മീഷന്‍ അംഗവും കൂടിയാണ് സഖാവ്. ജില്ലയില്‍ ഏതാനും ചില വിഷയങ്ങളില്‍ ഇടപെട്ടവ മറന്നു വെച്ചു കൊണ്ട് ഈ പരമ്പര പൂര്‍ത്തികരിക്കാന്‍ കഴിയില്ല. നാളെ അതിലേക്കു വരാം.

Leave a Reply

Your email address will not be published.