ഇനിയെന്നു കാണും കുലവനെ തിരുമുറ്റത്ത്…. പട്ടറെ കന്നിരാശിയിലെ ഉല്‍സവ വിശേഷങ്ങളിലേക്ക്….

ഇനിയെന്നു കാണും കുലവനെ തിരുമുറ്റത്ത്…. പട്ടറെ കന്നിരാശിയിലെ ഉല്‍സവ വിശേഷങ്ങളിലേക്ക്….

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

തുളുച്ചേരി വയല്‍, പട്ടറെ കന്നിരാശി അങ്കണത്തിലെ പശിമരാശി മണ്ണിലെ ആരവങ്ങളൊടുങ്ങി. അരങ്ങിലെത്തിയ തൊണ്ടച്ചനും, പട്ടറച്ചന്‍ തെയ്യം അടക്കമുള്ള പരിവാരങ്ങളും വീണ്ടും പതിനായിരങ്ങളുടെ മനസിലേക്ക് മടങ്ങിച്ചെന്നു. 2018ലെ തെയ്യം കെട്ടു മഹോല്‍സവ മാമാങ്കങ്ങള്‍ക്ക് കൂടി തിരശ്ശീല വീഴുകയായിരുന്നു, ഇവിടെ, കാഞ്ഞങ്ങാട്ട്. മഹോല്‍സവത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് മറ പിളര്‍ക്കല്‍ ചടങ്ങും പിന്നീട് സദ്യയുണ്ണാനും ആയിരങ്ങള്‍ കാത്തു നിന്നു. ഓലയും പാലത്തൂണും കൊണ്ട് താല്‍ക്കാലികമായി ദൈവത്തെ ആവാഹിച്ചിരുത്തിയ മറയും, മറക്കളവും പിളര്‍ക്കുകയാണ് അവസാന ചടങ്ങ്. ദൈവ ചൈതന്യം വീണ്ടും പള്ളിയറയിലേക്ക് ആവാഹിക്കപ്പെട്ടു.

വയനാട് ചുരം കടന്ന് പോരും വഴി, നാടും ദേശവും സന്ദര്‍ശിക്കുന്ന വേളയില്‍ കണ്ണൂര്‍ വളപട്ടണം വഴിയാണ് കുലവന്‍ കോട്ടച്ചേരിയിലെത്തിയെന്നാണ് നിഗമനം. അതു സാധുകരിക്കുന്നതിന് അടിസ്ഥാനമുണ്ട്. ഈ തറവാട്ടംഗങ്ങള്‍ പിന്നീട് വളപട്ടണം ചേക്കേറിയിരുന്നുവെന്നും കുഞ്ഞുകുട്ടികള്‍ ഇന്നും അവിടെ അധിവസിക്കുന്നുണ്ട് എന്നും പ്രശ്നവശാല്‍ മനസിലാക്കിയിരുന്ന. അതു നീരീക്ഷിച്ചു വരികയാണ്.

വളപട്ടണം കോട്ട വാഴുന്നിടം തമ്പുരാന്റെ അസാധ്യമാണെന്നു ധരിച്ചു വച്ച വെല്ലുവിളി സ്വീകരിച്ച കുലവന്‍ അവിടെ, അദ്ദേഹത്തിന്റെ ഭുമിയില്‍, മണലായി കടപ്പുറത്ത്, ആ പൊയ്യക്കരയില്‍ നരിവാഴും വനം പണിതു കരുത്തു കാട്ടിക്കൊടുത്തു. അതുകണ്ടു നാടുവാഴി ഞെട്ടി. ഈ മധുപാനി സാധാരണക്കാരല്ല. നാടുവാഴി ഉറപ്പിച്ചു.

‘ഊനം വരുത്താതെ നരിത്തോലെടുക്കാന്‍’ സ്വയം സൃഷ്ടിച്ച കാട്ടിലെ നരിക്കൂട്ടങ്ങളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തി ഊനം വരുത്താതെ -ഒരു മുറിവുമേല്‍പ്പികകാതെ- തോലെടുത്ത് വളപ്പട്ടണം വാഴും നാടുവാഴിക്ക് സമ്മനിച്ച് വയനാട്ടു കുലവനും, കണ്ടനാര്‍ കേളനും പരിവാര സമേതം വടക്കോട്ട് നടന്നു.

പിന്നെ നിന്നത് കോട്ടച്ചേരിയില്‍ വസിക്കും തുളുബ്രാഹ്മണന്‍ പട്ടറച്ചന്റെ മനയ്ക്കരികില്‍. കോട്ടച്ചേരി, ഹോസദൂര്‍ഗിന്റെ കച്ചേരിപ്പടി. തുളുച്ചേരിപ്പാടം, അവിടത്തെ പ്രശാന്തായ അന്തരീക്ഷം, പശിമരാശിയുള്ള പൂഴിത്തരിയന്‍ മണ്ണ്, വളം കൂറുന്ന വയലിടങ്ങള്‍. ഇതെല്ലാം കുലവനെ വല്ലാതെ ആകര്‍ഷിച്ചിരിക്കണം. ചുറ്റും കുളങ്ങളും, പൊയ്കയില്‍ ആമ്പലും, താമരയും. കുലവന്റെ യാത്രാ ക്ഷീണം അതോടെ തീര്‍ന്നു കാണണം. കോട്ടച്ചേരിപ്പടിയുടെ മനം മയക്കുന്ന കുളിരില്‍ അല്‍പ്പം വശ്രമിക്കാന്‍ കുലവനും പരിവാരങ്ങളും തീരുമാനമെടുത്തു കാണണം. ആ ഇടമാണ് ഇന്നലെ ഉല്‍സവത്തിനു പരിസമാപ്തി കുറിച്ച പട്ടറെ കന്നിരാശി തറവാട്.

തന്റെ മനയ്ക്കു ചുറ്റും എന്തോ അല്‍ഭുതങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു ചേര്‍ന്നിരിക്കുന്നു. കിണറ്റില്‍ തിരയിളക്കം. പരിസരത്തും, പറമ്പിലും മധുമണം. ദീര്‍ഘ വീക്ഷണത്താല്‍ പട്ടറച്ചന്‍ എല്ലാം മണത്തറിഞ്ഞു. മാംസവും, മദ്യവും പഥ്യങ്ങളായ കുലവനെ സത്യവിശ്വാസിയും ശുദ്ധസസ്യ ഭോജിയുമായ തുളുബ്രാഹ്മണന് എങ്ങനെ സല്‍ക്കരിക്കാനാകും? പട്ടറച്ചന്‍ സതീര്‍ത്ഥ്യനേയും കൂട്ടി തൊട്ടടുത്ത പ്രമാണി തുളുച്ചേരി മനയ്ക്കലെ ചെരക്കര നായനാരെ ചെന്നു കണ്ടു.

ഈ കരയ്ക്കകം കാക്കാന്‍, പുനം കിളച്ച് വയലും, വിളയും ഉല്‍പ്പാദിപ്പിക്കാന്‍, അവിടെ തന്റെ കുലത്തെ കുടിയിരുത്തി വളര്‍ത്തി നാടു കാക്കാന്‍ കരുത്തന്റെ തണ്ടയുള്ള ഒരു പറ്റം വാല്യക്കാരും കുടെ കുലവനും, കേളനുമൊപ്പമുണ്ടെന്ന് മനസിലാക്കിയ നായനാര്‍ പട്ടറച്ചനോട് മൊഴി നല്‍കി.

‘കുലവനെ പിണക്കാനാകില്ല ആചാരം ചൊല്ലി ആദരിച്ചിരുത്തണം’.

കാട്ടു പന്നീടെ ഇറച്ചി, അന്തിക്കള്ള് ആരു നല്‍കും? പട്ടറച്ചന്‍ പരവശനായി. ഒടുവില്‍ നായനാര്‍ നല്‍കിയ പരിവാരങ്ങളേയും കൂട്ടി പട്ടറച്ചന്‍ തെക്കോട്ടു നടന്നു. ഒടുവില്‍ പാലാവയില്‍ എത്തിയപ്പോള്‍ ലക്ഷണമൊത്ത തിയ്യനെ കണ്ടെത്തി. കൈയ്യോടെ കൂടെ കൂട്ടിക്കൊണ്ടു വന്നു. തെങ്ങു കെട്ടി കള്ളെടുത്ത് കുലവന് നേദിക്കാന്‍ ഭാഗ്യം കിട്ടിയത് പാലാത്തീയ്യന്. അതിപ്പോഴും തുടരുന്നു.

തുടര്‍ന്നുള്ള കുലവന്റെ ജൈത്രയാത്ര പനയാലപ്പന്റെ അമരഭുമിയായ കോട്ടപ്പാറയിലും ആനവാതുക്കലിലും മറ്റും തീയ്യ കുലത്തിനെ പ്രതിഷ്ഠിച്ചതിനു പിന്നിലെ പുരാവൃത്തത്തിലൂടെ നമുക്ക് മറ്റൊരിക്കല്‍ സഞ്ചരിക്കാം.

പൊനം നിറഞ്ഞ തുളുച്ചേരി വയല്‍ക്കരയില്‍ കുലവന് താമസ സൗകര്യങ്ങളൊരുക്കാന്‍ പട്ടറച്ചന്‍ തന്റെ മനയൊഴിഞ്ഞു കൊടുത്തുവെന്നാണ് പഴമൊഴി. തോറ്റത്തില്‍ കുത്തി നിറച്ച കുലവന്റെ ചരിത്രവും, ഐതീഹ്യവും പാടിപ്പുകള്‍ത്തി വിവരിക്കകുയായിരുന്നു, പഴമക്കാരില്‍ മുപ്പനും മഹോല്‍സവത്തിന്റെ അകക്കണ്ണു കൂടിയായ കണ്ണേട്ടന്‍.

എന്റെ അറിവില്‍ ഇത് മൂന്നാമത്തെ തെയ്യം കെട്ടാണ് പരിസമാപ്തിയില്‍ എത്തിയതെന്ന് കണ്ണേട്ടന്‍ ഇത്തിരി അഹന്തയോടെ തലയാട്ടുന്നു. ആദ്യത്തെ തെയ്യം കെട്ട് 1979ല്‍. അക്കലാത്ത് വഴിയും നിരത്തും പരിമിതം. ഉണ്ണാനിരിക്കാന്‍ വയലുകളില്‍ ഓലക്കീറ്റും, അങ്ങിങ്ങു മാത്രമായുള്ള വരമ്പുകളും മാത്രം. നിറയെ വെള്ളരിച്ചാലുകള്‍ പൂത്ത തുളുച്ചേരി വയലില്‍ കണ്ണെത്താ ദൂരത്തോളം വെള്ളരി നട്ട ചാലുകളുണ്ടാകും. അവിടങ്ങളിലാകെ ജാതിവക തിരിവുകളില്ലാത്ത പന്തിയുണ്ടാകും. കാട്ടിറച്ചി കിട്ടാന്‍ ഭക്തര്‍ പേഞ്ഞും, മാറിയിരുന്ന് വീണ്ടും, വീണ്ടും ഇലവച്ചും കലപില കൂട്ടും. വയര്‍ നിറഞ്ഞാലും ഊണ് നിര്‍ത്തില്ല. പേഞ്ഞു തിന്നുന്നതും തൊണ്ടച്ചന് ലഹരിയാണ്. അന്നൊക്കെ തെയ്യം കെട്ടുകള്‍ അത്യപൂര്‍വ്വമായി മാത്രമാണ്. പതിനായിരങ്ങള്‍ക്കു വെച്ചു വിളമ്പി നേദിക്കാന്‍ അയല്‍ ഗ്രാമങ്ങള്‍ അടക്കം ഒരുങ്ങണം. ഉറക്കമില്ലാത്ത രാത്രികള്‍ പലതും കഷ്ടപ്പെടണം. കലവറ നിറയാന്‍ വയലായ വയലുകളിലെല്ലാം കര്‍ഷകര്‍ ഉറക്കം ഉപേക്ഷിച്ച് വെളുപ്പിനുണര്‍ന്ന് മണ്ണിനോട് പൊരുതണം. ഇന്നത്തെ പോലെ മംഗലാപുരത്തു നിന്നും, കോയമ്പത്തൂരില്‍ നിന്നും ഉല്‍പ്പന്ന വരവുകള്‍ അന്നില്ല. ഒരു നാടു മുഴുവന്‍ പാടുപെട്ടാല്‍ മാത്രമേ ഒരു തെയ്യം കെട്ടിന്റെ കോപ്പൊരുങ്ങുകയുള്ളു. കൂട്ടത്തില്‍ ആവശ്യത്തിനു പണവും സ്വരൂപിക്കണം. കണ്ണേട്ടന്‍ ഓര്‍ക്കുകയാണ്. അന്ന് 79ല്‍ മറപിളര്‍ന്ന് മംഗലവും കഴിഞ്ഞ് കണക്ക് കൂട്ടി നോക്കിയപ്പോള്‍ കടം വന്നുവെന്ന ഭയം ഒഴിഞ്ഞു. ഇന്നത്തെ ലക്ഷങ്ങള്‍, അന്നത്തെ 16000 രൂപ മിച്ചം വന്നു. ആ പണം വീണ്ടും പൊലിഞ്ഞാണ് 1996ലെ അടുത്ത തെയ്യം കെട്ടിനു കളമൊരുങ്ങുന്നതെന്ന് പറയുമ്പോള്‍ കണ്ണേട്ടന്റെ ശബ്ദത്തിനു 16 വയസിന്റെ തേജസ്സ്. കണ്ണില്‍ കുലവന്റെ വാക്കുരി സമ്മാനിച്ച പ്രകാശം. നമുക്ക് വയസ്സായി ഇനിയെല്ലാം ചെറുപ്പക്കാര്‍ കൊണ്ടു നടക്കട്ടെ. തെയ്യം കെട്ടു പരിസമാപ്തിയുടെ പുണ്യം കണ്ണേട്ടന്റെ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നു.

കുലവനെ കുടിയിരുത്തി തന്റെ പൈക്കളേയും തയ്ച്ചു സ്ഥലമൊഴിഞ്ഞതിനു ശേഷം നൂറ്റാണ്ടു താണ്ടി വെച്ച അഷ്ട മംഗല്യ പ്രശ്നത്തിലാണ് പിന്നീട് മനസിലാകുന്നത് പട്ടരച്ചനും, അവര്‍ ആരാധിച്ചിരുന്ന തേവരും, ചാമുണ്ടിയും അവിടം വിട്ടു പോയിട്ടില്ല എന്ന്.

എനിക്കും എന്റെ പരദേവതമാര്‍ക്കും ഇവിടെ ഇരിപ്പിടം വേണം. പട്ടറച്ചന്റെ ഇംഗിതം തിരിച്ചറിഞ്ഞ പുതു തലമുറ കുലവന്റെ പള്ളിയറയുടെ ഇടബലം ചേര്‍ന്ന് പട്ടരച്ചനും കാലംബല തീര്‍ത്തു. തറവാട്ടു മൂപ്പന്‍ തങ്ങളുടെ ആദിമൂപ്പനായി കുലവന്റെ ഹൃദയത്തിനോട് ചേര്‍ത്ത് പട്ടറച്ചനെ പ്രതിഷ്ഠിച്ചു. കോട്ടച്ചേരി പട്ടറെ കന്നിരാശി തറവാട് അങ്കണത്തില്‍ ആദിമൂപ്പനായ പട്ടറച്ചന്‍ തെയ്യമായി അവതരിക്കുന്നതിന്റെ പുരാവൃത്തം അങ്ങനെ നീണ്ടു പോകുന്നു. കുലവന്റെ ഇഷ്ടഭോജ്യമായ വാഴയിലയില്‍ ചുട്ടെടുത്ത അട തന്നെയാണ് പടറച്ചുനും പഥ്യം. മദ്യം നിഷിധം. പൂണൂലിട്ട് അരങ്ങത്തെത്തുന്ന ആ ബ്രാഹ്മണ ശേഷ്ഠന് ദിനേന ശുദ്ധ പശുവിന്‍ പാല്‍ നേദിക്കാന്‍ ഇനിയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ശ്രമിച്ചു വരികയാണെന്നും കണ്ണേട്ടന്‍ സ്വയം പറയുന്നു.

ആറാം തീയ്യതി ഏറെ വൈകിയാണ് മഹോല്‍സവത്തിന്റെ ചടങ്ങുകള്‍ അവസാനിച്ചത്. തണുപ്പും ആഞ്ഞു കൊത്തിയ കാറ്റും, മഴയുമാണ് എല്ലാറ്റിനും സാക്ഷി. തോളില്‍ മുളവില്ലും കൈയ്യില്‍ മുളംചൂട്ടുമായി ആചാര ചിന്ഹമായ കറുപ്പുടുത്ത തറവാട്ടു കാരണവര്‍ കുലവനു മുന്‍പില്‍ വന്നു കുനിഞ്ഞു നിന്നു. കുലവന്‍ കാരണവരില്‍ നിന്നും മുളംച്ചൂട്ട് ഏറ്റു വാങ്ങി. ചൂട്ടു വീശി കൊണ്ടായി പിന്നീട് ചുവടുവെപ്പ്. ചൂട്ടു കത്തി ജ്വലിച്ചപ്പോള്‍ ആയിരങ്ങള്‍ കൈക്കൂപ്പി വന്ദിച്ചു. വാക്കുരയും അനുഗ്രഹ വര്‍ഷവും കഴിഞ്ഞപ്പോള്‍ ബാക്കിയായ കുറ്റി ചൂട്ടു വീണ്ടും കാരണവരെ തിരിച്ചേല്‍പ്പിച്ചു. സുക്ഷിച്ചോളാന്‍ ഓര്‍മ്മിപ്പിച്ചു.

‘കാലപ്പഴക്കത്താല്‍ ഈ ചുട്ട് നശിച്ചില്ലാതാവുന്നതിനു മുമ്പായി വിണ്ടും എന്നെ വിളിച്ചു വരുത്താന്‍ മുടക്കം വരുത്തില്ല ഞാന്‍’. ഉറപ്പു നല്‍കി.

മുടിയെടുത്ത ഉല്‍സവത്തിന്റെ ഓര്‍മ്മകള്‍ തലമുറകള്‍ക്കു പകുത്തു നല്‍കിക്കൊണ്ട് കുറ്റിച്ചൂട്ട് ഇനി പള്ളിയറയില്‍ വിശ്രമിക്കും. ചുട്ടു ദ്രവിച്ചു പോകും മുമ്പെത്തന്നെ വീണ്ടും തിരുമുടി ദര്‍ശനത്തിനായി മനസില്‍ ഉറപ്പിച്ച ശബദവുമായി ഭക്തര്‍ മറ പിളര്‍ക്കലെന്ന അവസാന ചടങ്ങിന് സാക്ഷ്യം വഹിച്ചു. പിന്നെ വിഭവ സമൃദ്ധമായ സദ്യയും. ഇനിയെന്ന്? മനസില്‍ ഉത്തരം ഉറപ്പിച്ചു കൊണ്ട് ഭക്തര്‍ പിരിഞ്ഞു പോയി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.