നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ ബൃഹദ്പദ്ധതികളുള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ നന്ദി പറയും.
തുടര്‍ന്ന് മിഷന്‍ സെമിനാറുകള്‍ നടക്കും. രാവിലെ 11.30ന് നടക്കുന്ന ഹരിതകേരളം മിഷന്‍ സെമിനാറില്‍ മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ അധ്യക്ഷയാവും. മന്ത്രിമാരായ മാത്യു.ടി തോമസ്, വി.എസ്.സുനില്‍ കുമാര്‍, ഡോ.കെ.ടി ജലീല്‍ എന്നിവര്‍ സന്നിഹിതരാകും. കാര്‍ഷികവികസനവും കര്‍ഷകക്ഷേമവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി സുജലം സുഫലം ടാസ്‌ക്‌ഫോഴ്‌സ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്, ശുചിത്വമാലിന്യ സംസ്‌കരണം ടാസ്‌ക്‌ഫോഴ്‌സ് എന്ന് വിഷയവും ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ജലസമൃദ്ധി ടാസ്‌ക്‌ഫോഴ്‌സ് എന്ന വിഷയവും അവതരിപ്പിക്കും.
ഉച്ചയ്ക്ക് രണ്ടിന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ മിഷന്‍ സെമിനാറില്‍ തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാവും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ് വിഷയാവതരണം നടത്തും. 2.45ന് ആര്‍ദ്രം മിഷന്‍: ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ സെമിനാറില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷയാവും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിഷയാവതരണം നടത്തും. 3.30ന് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷനില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ് വിഷയാവതരണം നടത്തും.
4.30ന് പ്ലീനറി സമ്മേളനത്തില്‍ നവകേരളം മിഷന്‍ പരിപ്രേക്ഷ്യം, പ്രഭാഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ-ഭവന മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. മിഷന്‍ ചര്‍ച്ചകളുടെ ക്രോഡീകരണം ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ അനുബന്ധ പ്രഭാഷണം നടത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സ്വാഗതവും പൊതുഭരണ-ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് നന്ദിയും പറയും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരും ജില്ലാ കളക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പരിപാടിയില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published.