കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാനൊരുങ്ങുന്നു

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാനൊരുങ്ങുന്നു

ബംഗളൂരു: ബി.ജെ.പി അധികാരം തുടരാതിരിക്കാന്‍ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കാന്‍ തീരുമാനിച്ചതായി സൂചന. രാത്രിയോടെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്നും ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇരുപാര്‍ട്ടികളും സജ്ജമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം കോണ്‍ഗ്രസ് എം.എല്‍.എമാരെയും പിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാരെയും കൊച്ചിയിലെത്തിക്കാനാണ് സാധ്യത.

എം.എല്‍.എമാരെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാവും മാറ്റുകയെന്നും നൂറിലധികം മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം.എല്‍.എമാരെ പാര്‍പ്പിച്ച ബിതടയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ചിരുന്നു. ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും യെദ്യൂരപ്പ മാറ്റിയിരുന്നു. ഇതോടെയാണ് എം.എല്‍.എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.

എം.എല്‍.എമാരെ ബി.ജെ.പി വിലക്കെടുക്കാന്‍ ശ്രമിക്കുന്നവെന്ന് ജെ.ഡി.എസ് ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും എം.എല്‍.എമാര്‍ക്ക് അഭയം നല്‍കാമെന്ന് ജെ.ഡി.എസിനെ അറിയിച്ചു. തുടര്‍ന്ന് കൊഴിഞ്ഞു പോക്ക് തടയുന്നതിനായി എം.എല്‍.എമാരെ വിസാഗിലേക്കും ഹൈദരാബാദിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്കാണ് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ മാറ്റുന്നത്. മോദി സര്‍ക്കാറില്‍ നിന്ന് ധാരാളം പ്രശ്‌നങ്ങള്‍ നേരിടുമെന്ന് തങ്ങള്‍ക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അവര്‍ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാല്‍ ഒട്ടും ഭയമില്ലാതെ തങ്ങള്‍ പുറത്തുവരും.

എം.എല്‍.എമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് തനിക്കറിയാമെന്നും ശിവകുമാര്‍ പറഞ്ഞു. യെദിയൂരപ്പയുടെത് ഹ്രസ്വകാല സര്‍ക്കാറാണ്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ആത്മവിശ്വാസമുണ്ട്. നീതിക്കുവേണ്ടി തങ്ങള്‍ പോരാടും. മുഴുവന്‍ എം.എല്‍.എമാരും തങ്ങളോടൊപ്പമുണ്ടെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.