ഒഡീഷയില്‍ ബാലപീഡന കേസുകള്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ആറ് കേസുകള്‍

ഒഡീഷയില്‍ ബാലപീഡന കേസുകള്‍ വര്‍ദ്ധിക്കുന്നു; 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ആറ് കേസുകള്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ആറ് ബാലപീഡന കേസുകള്‍. പെണ്‍കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍ സംസ്ഥാന പോലീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതിനു പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നത്. നബരംഗ്പുര്‍ ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടു യുവാക്കള്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണ് ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്. ബുധനാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസംതന്നെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹവാഗ്ദാനം നല്‍കിയാണു തന്നെ പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. ബാലസോര്‍ ജില്ലയില്‍ പതിനഞ്ചുകാരിയെ നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചു. ഒരു വര്‍ഷമായി തുടരുന്ന പീഡനവിവരം കൗണ്‍സിലിംഗിനെത്തിയവരോട് വെളിപ്പെടുത്തുകയായിരുന്നു. . ഇതേജില്ലയില്‍ തന്നെ മാനസിക ന്യൂനതയുള്ള പത്തുവയസുകാരിയെ വയോധികന്‍ പീഡിപ്പിച്ചതായും പരാതി ലഭിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പ്രതി ഒളിവിലാണ്. കട്ടക്കില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.